മറുമരുന്നായി യോഗാദിനം...
അങ്ങനെ പ്രഥമ യോഗാ ദിനം സമാപിച്ചു. യോഗ ദിനം ദിനം പ്രഖ്യാപിച്ചപ്പോൾ മുതൽ മറ്റൊരു രാജ്യത്തും കാണാൻ സാധിക്കാത്ത തരത്തിലുള്ള വിഷലിപ്തമായ വിവാദങ്ങളാണ് നമ്മുടെ നാട്ടിൽ അരങ്ങേറിയത്. കുറഞ്ഞത് അയ്യായിരം വർഷമെങ്കിലും പഴക്കമുള്ള ഒരു ശാസ്ത്രത്തെ കേവലമൊരു മതത്തിന്റെ ചട്ടകൂട്ടിലേയ്ക്ക് അടിച്ചൊതുക്കി മൂലയ്ക്കിരുത്താനായിരുന്നു പലരുടെയും താത്പര്യം. മുസ്ലീം ജനതയുടെ മതവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള ആസനങ്ങളും, ക്രിയകളും യോഗയിലുണ്ട് എന്ന് നമ്മുടെ നാട്ടിലുള്ളവർ തന്നെ പറഞ്ഞ് പ്രചരിപ്പിച്ചപ്പോൾ അറബ് മേഖല ഉൾപ്പെടയുള്ള നിരവധി മുസ്ലീം രാജ്യങ്ങൾ ഈ ദിനം സമുചിതമായി ആചരിച്ചിരിക്കുന്നു. ‘യോഗ’ താത്പര്യമില്ലെങ്കിൽ ചെയ്യണമെന്നില്ല. അതിന് ആരും തന്നെ നിർബന്ധിക്കാനും പോകുന്നില്ല. അതേസമയം ഈ ഒരു വ്യായാമം മതവിശ്വാസങ്ങൾക്ക് തന്നെ എതിരാണെന്ന് പറഞ്ഞ് മഹാഭൂരിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് തനി പിന്തിരിപ്പൻമാരാണെന്ന് പറയാതിരിക്കാൻ വയ്യ.
സൂര്യനമസ്കാരം എന്ന ക്രിയ ചെയ്യുന്നതാണ് യോഗയെ മതത്തിനെതിരായി കാണുന്നതിനുള്ള പ്രധാന കാരണം. ഇന്നത്തെ കാലത്ത് സൂര്യനമസ്ക്കാരം എന്നത് സൂര്യനെ നോക്കി ചെയ്യണമെന്ന് നിർബന്ധമില്ലാത്ത ഒരു ക്രിയയാണ്. ശീതീകരിച്ച മുറിയിൽ നിന്നും സൂര്യനമസ്കാരം ചെയ്യുന്നവരുണ്ട്. അതേസമയം സൂര്യൻ ഉദിക്കുന്പോഴും അസ്തമിക്കുന്പോഴും ശരീരത്തിന് ധാരാളം വിറ്റമിൻ ഡി ലഭിക്കുന്നു എന്നത് ശാസ്ത്രീയമായ ഒരു കാര്യമാണ്. മിക്ക മതങ്ങളും സൂര്യോദയത്തിന് മുന്പ് ഉണരണമെന്ന് ആഹ്വാനം ചെയ്യുന്നതും ഇതേ കാരണങ്ങൾ കൊണ്ട് തന്നെയാകണം. സൂര്യൻ എന്നത് എനർജി അഥവാ ഊർജ്ജം തരുന്ന ഒരു കേന്ദ്രമാണ്. അത് ശരിയായ രീതിയിൽ ഉപയോഗിച്ചാൽ നിരവധി ആരോഗ്യപ്രശ്നങ്ങൾ തന്നെ ഇല്ലാതാകുമെന്ന് വിദഗ്ധർ തന്നെ
പറയുന്നു. ഇത്തരത്തിൽ കാര്യങ്ങളെ ശാസ്ത്രീയമായി പഠിച്ചതിന് ശേഷമാകണം അറിവും വിവരവും ഉള്ളവരെന്ന് പൊതുസമൂഹം വിശ്വസിക്കുന്നവർ പ്രതികരിക്കാൻ.
യോഗാദിനാചരണത്തോടനുബന്ധിച്ച് നിരവധി സംശയങ്ങളും നമ്മുടെ ഇടയിൽ സജീവമാണ്. സൂര്യനമസ്കാരത്തെ ഈശോ നമസ്കാരം എന്ന രീതിയിൽ ചില ക്രിസ്ത്യൻ വിശ്വാസികൾ പുനനാമകരണം ചെയ്യുന്നതായി നിരവധി ഫേസ് ബുക്ക് പോസ്റ്റുകൾ കണ്ടു. അതിലെന്താണ് തെറ്റ് എന്ന് ഇതുവരെ മനസിലായിട്ടില്ല. ഒരു ക്രിസ്ത്യൻ മതവിശ്വാസി സൂര്യന് പകരം ഈശോ എന്ന് വിളിച്ചാൽ എന്താണ് കുഴപ്പം. അതുപോലെ യോഗ ചെയ്യുന്പോൾ ഓംകാരത്തിലുള്ള മന്ത്രോച്ചാരണം വേണമെന്ന് നിർബന്ധിക്കുന്നവരും ഉണ്ട്. ഇതിന് പകരം ഓരോരുത്തരും സ്വന്തം വിശ്വാസത്തിലെ ഈശ്വരനെ ഭജിച്ചാൽ എന്ത് വ്യത്യാസമാണ് ഉണ്ടാവുക. ഇത്തരം ചിന്തകൾ കൂടി ഈ യോഗാദിനത്തിൽ നമ്മുടെ മനസ്സിൽ ഉണ്ടാവേണ്ടതുണ്ട്. യോഗ എന്ന ക്രിയ ചെയ്യുന്നത് തന്നെ അവനവന്റെ ആരോഗ്യം മെച്ചപ്പെടുത്താനാണെന്നും, മതങ്ങളെ മാർക്കറ്റ് ചെയ്യാനോ അടിച്ചേൽപ്പിക്കാനോ അല്ലെന്നുമുള്ള തിരിച്ചറിവും നമുക്ക് ഉണ്ടാകണം.
ആരോഗ്യമുള്ള ഒരു ജനതയ്ക്ക് മാത്രമേ പുരോഗതി കൈവരിക്കാൻ സാധിക്കൂ എന്നത് സത്യമാണ്. അതിന് യോഗയോ, ജിംനാസ്റ്റിക്സോ, ആയോധന കലകളോ, നൃത്തമോ ഒക്കെ സഹായിക്കുമെങ്കിൽ നമ്മുടെ കുഞ്ഞുങ്ങൾക്ക് അത് പകർന്ന് നൽകണം. ഇവിടെ ദയവ് ചെയ്ത് മതവിശ്വാസം കൂട്ടികലർത്തരുത്. മറ്റ് രാജ്യങ്ങൾ ഭാരതത്തിന്റെ പൗരാണികമായ പല സംസ്കാരങ്ങളെയും ശാസ്ത്രീയമായി പഠിച്ച് അത് കാലാനുസ−ൃതമായി പുതുക്കി അവിടെ നടപ്പിലാക്കാൻ ശ്രമിക്കുന്പോൾ നമ്മൾ ഭാരതീയർ അതിൽ നിന്നൊക്കെ മാറി എന്താണോ മറ്റു രാജ്യങ്ങൾ ഉപേക്ഷിച്ചു കൊണ്ടിരിക്കുന്നത്, അത് സ്വാശീകരിക്കാൻ പരക്കം പായുന്നത് ഏറെ സങ്കടകരമാണ്. അതിന് ഒരു മറുമരുന്നാകട്ടെ ഈ യോഗാദിനം.

