അരിയെത്ര


പ്രദീപ്‌ പുറവങ്കര

ഇന്ത്യാ ഗവൺമെന്റ് ഒരു വർഷം പൂർത്തീകരിച്ചിരിക്കുന്നു. ഒരു ചെറിയ അവലോകനം മാത്രം നടത്തട്ടെ. 

നേട്ടം: മുന്പ് ഇന്ത്യ ഭരിച്ചത് സാന്പത്തിക വിദഗ്ദ്ധന്റെ നേതൃത്വത്തിൽ ഉള്ള ഗവൺമെന്റ് ആയിരുന്നു. പക്ഷെ കരുതിയത്‌ പോലെ മെച്ചങ്ങൾ ഉണ്ടായില്ല. ഇപ്പോൾ ഭരിക്കുന്നത് ഗുജറാത്ത്‌ സ്വദേശിയായ ശ്രീ നരേന്ദ്ര ദാമോദർ ദാസ്‌ മോഡിയുടെ നേതൃത്വത്തിലുള്ള ഗവൺമെന്റാണ്. ഗുജറാത്ത്‌ സ്വദേശികൾ സ്വതവേ ബിസിനസ്സിന്റെ മർമ്മം നന്നായി അറിയുന്നവരാണ്. വളരെ ചെറുപ്പം മുതൽ കച്ചവട രംഗത്തേക്ക് കടന്നു വരുന്നവരാണ് വലിയൊരു വിഭാഗം ജനങ്ങളും. അവർ യാത്രാ പ്രേമികളുമാണ്. അതിലൂടെ കൂടുതൽ വ്യക്തി ബന്ധങ്ങൾ സ്ഥാപിക്കും. ആദ്യ വർഷത്തിൽ ശ്രീ മോഡി ചെയ്തതും അതുതന്നെയാണ്. അതിന്റെ ഫലമായി സാന്പത്തിക രംഗത്ത് പൊതുവെ ഒരു മെച്ചപെടൽ ഉണ്ടായിട്ടുണ്ട്. പണപ്പെരുപ്പം താഴേക്കു വന്നു. സെൻസെക്സ് ഉയിർത്തെഴുന്നേറ്റു. മേക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി വിദേശ നിക്ഷേപം 20.8 ബില്ല്യൻ ഡോളറിൽ നിന്ന് 28.8 ബില്ല്യൻ ഡോളർ ആയി. സാധാരണ ജനങ്ങളുടെ സാമൂഹ്യ സുരക്ഷയെ മുൻനിർത്തി നിരവധി പദ്ധതികൾക്ക് തുടക്കം കുറിച്ചു. 15 കോടിയിൽ അധികം ജൻധൻ ബാങ്ക് അക്കൗണ്ട്‌ ആരംഭിച്ചു. പുതുതായി ആരംഭിച്ച ഇൻഷുറൻസ് പദ്ധതികളും ഏറെ ശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്. 12 രൂപ പ്രീമിയം നിരക്കിൽ തുടങ്ങിയ ഈ പദ്ധതി ആരംഭിച്ചു ആദ്യ 10 ദിവസം കൊണ്ട് തന്നെ ആറു കോടിയോളം പേരാണ് ഇതിൽ ചേർന്നത്. അടൽ പെൻഷൻ പദ്ധതിയും നിരവധി പേർ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്.

ചെറിയ തൊഴിൽ സംരംഭകർക്ക് സഹായം നൽകാനായി ആരംഭിച്ച മുദ്ര ബാങ്ക് 5.57 കോടി ആളുകളെയാണ് സഹായിച്ചത്. രാജ്യത്തെ 12 കോടി ജനം ജോലി ചെയ്യുന്നത് ചെറുകിട വ്യവസായങ്ങളിൽ ആണെന്നത് ഇതിന്റെ പ്രാമുഖ്യം വർദ്ധിപ്പിക്കുന്നു. മുന്പത്തെക്കാളും സംസ്ഥാനങ്ങൾക്ക് കൂടുതൽ പണം നൽകാൻ കേന്ദ്രം തയ്യാർ ആയിട്ടുണ്ട്‌. നേരെത്തെ വരുമാനത്തിന്റെ 32 ശതമാനം ആയിരുന്നു നൽകിയതെങ്കിൽ ഇപ്പോൾ അത് 42 ശതമാനമാണ്. യെമനിലും നേപ്പാളിലും സർക്കാർ നടത്തിയ ഇടപെടലുകൾ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യ കഴിവുള്ള രാജ്യമാണെന്ന തോന്നൽ  ഇതുണ്ടാക്കിയിട്ടുണ്ട്. പ്രതിരോധ മേഖലയിെല ബ്രോക്കർമാരുടെ ഇടപെടലുകൾ അവസാനിപ്പിച്ച് നേരിട്ട് ആയുധങ്ങൾ വാങ്ങുന്ന രീതി അവലംബിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ഫ്രാൻസിൽ നിന്നും മോഡി ഗവൺമെന്റ് നേരിട്ട് 36 ഫ്രഞ്ച് റായിഫൾ ഫൈറ്റർ വിമാനങ്ങൾ വാങ്ങിയത്. ഇതോടൊപ്പം തന്റെ യാത്രകൾ കൊണ്ട് അന്താരാഷ്ട്ര ബന്ധങ്ങൾ ശക്തിപ്പെടുത്താൻ മോഡി സർക്കാരിന് കഴിഞ്ഞിട്ടുണ്ട് എന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്. ഇത് ഭാവിയിൽ തീർച്ചയായും ഗുണം ചെയ്യും.

കോട്ടം: ധാരാളം കോട്ടങ്ങളും ഈ സർക്കരിനുണ്ട്. അതുകൊണ്ട് തന്നെ അവ മനസ്സിലാക്കി അതുകൂടി പരിഹരിക്കാനുള്ള വഴിയാണ് സർക്കാർ ഇനി ചിന്തിക്കേണ്ടത്. ഒരു വർഷം കൊണ്ട് ഉണ്ടാക്കിയ ഏറ്റവും വലിയ ബുദ്ധിമുട്ടുകളിൽ ഒന്ന്, സ്ഥിരമായി വിവരക്കേട്‌ വിളിച്ചു പറയുന്ന സന്യാസി എന്ന പദത്തിനു തന്നെ അർഹത ഇല്ലാത്ത കാവി പുതപ്പിച്ച കുറേ സ്വാധികളെയും, യോഗികളെയും ഒരു തരത്തിലും നിയന്ത്രിക്കാൻ സാധിച്ചിട്ടില്ല എന്നത് തന്നെയാണ്. കാരണം നിയന്ത്രണം ഇല്ലാത്ത വാക്കുകൾ ആയുധങ്ങളെക്കാൾ വലിയ മുറിവുകളാണ് മനുഷ്യ മനസ്സുകളിൽ ഉണ്ടാക്കുന്നത്. അത്തരം പൊട്ടത്തരങ്ങൾ ഈ ഒരു വർഷം ഇന്ത്യൻ സമൂഹം കേട്ടു. ആ നേരങ്ങളിൽ സ്വതവേ സംസാര പ്രിയനായ മോഡി പാലിച്ച നിശബ്ദത തീർച്ചയായും കുറ്റകരമാണ്. ഇതോടൊപ്പം വർഗ്ഗീയവാദികൾ എന്നും ഉപയോഗിക്കാറുള്ള ഘർ വാപസി, ലവ് ജിഹാദ് പദങ്ങളെ പറ്റിയുള്ള നിലപാടുകളും വ്യക്തമല്ല. അതുപോലെ തലസ്ഥാന നഗരിയിൽ പോലും ക്രിസ്ത്യൻ പള്ളികൾക്ക് നേരെ ആക്രമണം ഉണ്ടായപ്പോൾ അതിനെ പറ്റി പ്രതികരിക്കാൻ കാണിച്ച മടിയും അന്താരാഷ്ട്ര തലത്തിൽ ചർച്ച ചെയ്യപ്പെട്ടു. 

ഒരു മനുഷ്യനെ ചുറ്റിപറ്റി ഇന്ത്യ എന്ന ബ്രാന്റിനെ പുനർ നിർമ്മികുന്നതിൽ മാനേജ്‌മന്റ്‌ തത്വങ്ങൾ അനുസരിച്ച് തെറ്റില്ല. ലോകത്തെ പല മൾട്ടി നാഷണൽ കന്പനികളും ഈ ഒരു തന്ത്രം പ്രയോഗിച്ചു വിജയിക്കാറുണ്ട്. എന്നാൽ ഇതിനു വേണ്ടി ഇല്ലാത്തതു പെരുപ്പിച്ചു കാണിക്കാൻ ശ്രമിക്കുന്പോൾ കാണുന്നവരിൽ അത് പുച്ഛം സൃഷിടിക്കും. അങ്ങനെ ഒരു പുച്ഛം ലോകസമൂഹത്തിനു തന്നെ തോന്നിയത് അമേരിക്കൻ പ്രസിഡണ്ട് ഒബാമയുടെ ഇന്ത്യ സന്ദർശന വേളയിൽ ആണ്. പത്തു ലക്ഷത്തിന്റെ കോട്ട് ഇടുന്നതിൽ അല്ല മറിച്ചു അതിനു മുകളിൽ തന്റെ പേരും തുന്നി ചേർക്കുന്പോൾ, പരിത്യാഗിയായി ചെറുപ്പം മുതലേ വീട് വീറ്റു ഇറങ്ങിയ ഇദ്ദേഹത്തിനു ഇത് എന്തുപറ്റി എന്ന് ആരും ചോദിച്ചു പോകും. ആളുകൾ കുറ്റം പറഞ്ഞു തുടങ്ങിയപ്പോൾ കോട്ട് ലേലത്തിൽ വെക്കുകയും ആ പ്രശ്നത്തിൽ നിന്ന് തൽക്കാലം തടി ഊരുകയും ചെയ്തത് ബുദ്ധിയായി.

ഈ സർക്കാരിനെതിരെ ഇപ്പോൾ വന്നിരിക്കുന്ന പ്രധാന ആരോപണം ഭൂമി ഏറ്റെടുക്കൽ ബില്ലുമായി ബന്ധപ്പെട്ടാണ്. അദാനിയും, അംബാനിയും പോലെയുള്ള വലിയ ധനികർക്ക് വേണ്ടിയാണ് ഈ നീക്കം എന്ന ആരോപണം നിലനിൽക്കുകയും ഒപ്പം രാജ്യത്തു കർഷക ആത്മഹത്യ ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇത്തരം ഒരു ബില്ല് കൂടി വന്നാൽ കർഷകരുടെ പ്രതിഷേധം വർദ്ധിക്കാൻ ഏറെ സാധ്യതയുണ്ട്. സാധാരണ ജനങ്ങളെ സംബന്ധിച്ച് എണ്ണ വില കൂടുന്നത് തന്നെയാണ് ഏറ്റവും വലിയ നിരാശ. ഒരു രൂപ കുറച്ചാൽ ദിവസങ്ങൾക്കുള്ളിൽ മൂന്ന് രൂപ കൂടുന്ന സാഹചര്യം മാറേണ്ടതുണ്ട്.

അതുപോലെ  ആം ആദ്മി പാർട്ടി ഡൽഹിയിൽ നേടിയ വൻ വിജയം മറ്റു സംസ്ഥാനങ്ങളിൽ നേടിയ വിജയങ്ങളുടെ തിളക്കം കുറച്ചു. മാത്രമല്ല കേജ്്രിവാൾ സർക്കാരും ലെഫ്റ്റനെന്റ് ഗവർണർ നജീബ് ജുങ്ങുമായുള്ള തർക്കത്തിൽ മോഡി ഗവൺമെന്റ് തിരിച്ചടികൾ നേരിട്ട് കൊണ്ടിരിക്കുകയാണ്. പാർലമെന്റിൽ അവതരിപ്പിക്കാൻ നിൽക്കാതെ തീരുമാനങ്ങൾ ഓർഡിനൻസ് ആയി പുറപ്പെടുവിക്കുന്ന ഒരു സർക്കാരായി പലപ്പോഴും മോഡി  സർക്കാർ മാറിയിട്ടുണ്ട്. 225 ദിവസം കൊണ്ട് 18 ഓർഡിനൻസാണ് പുറത്തിറങ്ങിയത്. അത് ഒരുതരത്തിൽ ഭരണ പരാജയം ആയി മാത്രമേ വിലയിരുത്താൻ സാധിക്കൂ. 

ഇതൊക്കെയാണ് ഒറ്റ നോട്ടത്തിൽ  തോന്നുന്ന ചില കാര്യങ്ങൾ. വരും വർഷങ്ങളിൽ ഇപ്പോഴുള്ള തെറ്റുകൾ തിരുത്തി, ശരിയായ രീതിയിൽ ചെയ്യുന്നത് തുടർന്നാൽ മോഡിക്ക്  മോടിയേറും. അല്ലാതെ മുന്പുള്ള സർക്കാർ എത്ര മോശമായിരുന്നു എന്ന് ഓർമ്മിപ്പിച്ചു അരിയെത്ര എന്ന് ചോദിക്കുന്പോൾ പയറഞ്ഞാഴി എന്ന് പറഞ്ഞിരുന്നാൽ അടുത്ത തിരഞ്ഞെടുപ്പിൽ ജനം കൈ വെക്കും, തീർച്ച.

You might also like

  • Lulu Exchange
  • Straight Forward

Most Viewed