വെളിച്ചത്തിലേയ്ക്ക് വരിക


ഇന്നലെ കേരള ഹൈക്കോടതി വ്യതസ്തകരമായ ഒരു വിധി പ്രഖ്യാപിച്ചിരിക്കുന്നു. മവോവാദം കുറ്റമല്ല എന്നതാണ് ആ വിധി. ഒപ്പം മാവോവാദി എന്ന് മുദ്ര കുത്തപെട്ട ശ്യാം ബാലകൃഷ്ണൻ എന്ന എഴുത്തുക്കാരന് സർക്കാർ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും വിധിച്ചിരിക്കുന്നു. ജസ്റ്റിസ്‌ എ മുഹമ്മദ്‌ മുഷ്താക് ആണ് ഈ വിധി പുറപ്പെടുവിച്ചത്. ‘ജയാ’ധിപത്യതിന്റെ  ഈ കാലത്ത് ഇങ്ങനെ ഒരു വിധി വന്നത് മനുഷ്യാവകാശ പ്രവർത്തകരെ സംബന്ധിച്ച് ഏറെ ആശ്വാസകരമാണ്. മാവോവാദം മറ്റേതൊരു രാഷ്ട്രിയവും പോലെ ഒരു ആശയമാണെന്നുള്ള കോടതിയുടെ  നിലപാട് നമ്മുടെ കോടതികളുടെ പക്വത ഒരിക്കൽ കൂടി തെളിയിക്കുന്നു.

യഥാർത്ഥത്തിൽ ഒരു മാവോയിസ്റ്റ് നമ്മുടെ നാട്ടിൽ ഉണ്ടാകുന്നതു പല കാരണങ്ങൾ കൊണ്ടാണ്. സമൂഹത്തിൽ നില നിൽക്കുന്ന ചൂഷണങ്ങളും, പണം ഉള്ളവനു എന്തും ആകാം എന്ന അവസ്ഥയും, സഹജീവികളോടുള്ള അത്മർതതയുമൊക്കെയാണ്  ഏതൊരു സാധാരണക്കാരനെയും മവൊഇസം പോലുള്ള തീവ്ര നിലപടുകളിലേക്ക് എത്തിക്കുന്നത്. അതിനു ശേഷം  അവർ വിമോചനത്തിനുള്ള സായുധവിപ്ലവം സ്വപ്നം കണ്ട് തുടങ്ങുകയാണ്. എന്നാൽ പലപ്പോഴും അത് ഒരു നീണ്ട ഉറക്കത്തിനു മുന്പ് കാണുന്ന സ്വപ്നമായി പോകുകയാണ് ചെയുന്നത്. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചു എന്നത് അറിയാതെ 30 വർ‍ഷം ഫിലിപ്പൈൻ‍ കാടുകളിൽ ഒളിച്ചു താമസിച്ച ജപ്പാൻ പട്ടാള്ളകാരനായ ഹീറു ഒണോഡയെ പോലെ തന്റെ ചുറ്റുമുള്ള ലോകം മാറുന്നത് അറിയാതെ അവൻ ഏതെങ്കിലും കാടിനുള്ളിൽ കയറി ഒളിയുദ്ധം ചെയുന്നു. തങ്ങളുടെ മുൻ‍തലമുറക്കാരെ പോലെ പോലീസ് േസ്റ്റഷൻ‍ ആക്രമിക്കുന്നു. ലഘുലേഖകൾ വിതരണം ചെയ്യുന്നു.  ഇതിൽ നിന്നും ഒരു മാറ്റം ഇനിയെങ്കിലും മാവോവാദികളും വരുത്തേണ്ടിയിരിക്കുന്നു.

നമ്മുടെ ഇന്ത്യ മഹാരാജ്യത്തുള്ള 120 കോടിയിലേറെ ജനങ്ങളിൽ ഇപ്പോഴും 40 കോടി ജനം ദാരിദ്ര്യരേഖയക്ക്‌ താഴെയാണ്. അതേസമയം  ലോകത്തിലെ ഏറ്റവും സന്പന്നരായ ശതകോടീശ്വരന്‍മാരുടെ 2015 ലെ ഫോർ‍ബ്‌സ് മാഗസിന്റെ പട്ടികയിൽ‍ 90 ഇന്ത്യാക്കാർ സ്ഥാനം നേടിയിട്ടുണ്ട്. ഇങ്ങനെയുള്ള ഒരു കാലത്ത് സായുധ വിപ്ലവങ്ങൾ വിജയിക്കും എന്ന് സ്വപ്നം കണ്ടു  മൾ‍ട്ടി  നാഷണൽ‍ കന്പനികളുടെ ചെറിയ ഔട്ട്‌ലെറ്റുകൾ ആക്രമിച്ചും,  ഏതെങ്കിലും ഒരു ഗവണ്മെന്റ് ജോലിക്കാരനെ  തടഞ്ഞു വെച്ചും, റെയിൽ പാളത്തിൽ ഇരുന്പ് വടി കൊണ്ടിട്ടും, വിപ്ലവം വരുന്നു എന്നു പറയുന്ന ലഘുലേഖകൾ വിതരണം ചെയ്തും കാട്ടിൽ പോയി ഒളിക്കുന്നവർ എങ്ങിനെയാണ്  പോരാളികൾ ആവുക ?  

ഇപ്പോൾ  രൂപേഷ് ഷൈന ദന്പതികൾ പോലീസ് പിടിയിൽ ആയതു മുതൽ പൈങ്കിളി സീരിയലുകൾക്ക് പകരം മറ്റൊരു ത്രസിപ്പിക്കുന്ന ജീവിത കഥയാണ് നമ്മുടെ മാധ്യമങ്ങൾക്ക് വീണു കിട്ടിയിരിക്കുന്നത്. അറസ്റ്റ് ചെയ്തവരെ കൊടുംകുറ്റവാളിയെന്നപോലെ മുഖം മൂടിക്കൊണ്ടുപോകുന്നു. തങ്ങളെ കൊല്ലാൻ‍ കൊണ്ടുപോവുകയാണെന്ന് ഇവർ പത്രക്കാരോട് വിളിച്ചുപറയുന്നു. അവർ മരിക്കുന്നതിനു മുന്പുള്ള ബൈറ്റുകളും എക്സ്ക്ലുസീവ് ദൃശ്യങ്ങളും തങ്ങളുടെ ചാനലിന്റെ മാത്രമാക്കാൻ ഓരോ ചാനൽ‍ തൊഴിലാളിയും ഓടി നടക്കുന്നു. കൂടാതെ മുന്പ് ഉണ്ടായതു പോലെ കുന്നിയ്ക്കൽ നാരായണന്റെയും മന്ദാകിനിയുടെയും മകൾ അജിതയുടെയും കഥ പോലെ രൂപേഷ്, ഷൈന ഒപ്പം അവരുടെ മകൾ ആമി എന്നിവരെ കോർത്തിണക്കി പുതിയ കഥകളും അണിയറയിൽ തയാറാകുന്നു. പുതിയ കാലത്തെ  അജിതയായി ആമി കടന്നു വരണം എന്ന ആഗ്രഹമാണ് ചാനലുകളും പത്രങ്ങളും വെച്ച് പുലർത്തുന്നത്. ഇത്തരം ഉദ്വേഗ ജനകമായ കഥകളാണ് നമ്മുടെ മാധ്യമങ്ങൾക്ക് ഇവരുടെ കൈയിൽ നിന്ന് വേണ്ടത്. അല്ലാതെ തീവ്രമായ നിലപ്പാടുകൾ മനുഷ്യ സ്നേഹത്തിന്റെ പുറത്തു പ്രകടിപ്പിക്കുന്ന ആശയങ്ങൾ മനസ്സിലാക്കാൻ  ആർക്കും തല്പര്യം ഇല്ലെന്ന കാര്യം ആധുനിക നക്സലിറ്റ്, മാവോവാദികൾ മനസ്സിലാക്കണം. അതുകൊണ്ട് ഇരുട്ടിന്റെ മറവിൽ നിന്ന് ഒളിസമരം ചെയ്യാതെ വെളിച്ചത്തിലേയ്ക്കു കടന്നു വരിക. അവിടെ നിങ്ങൾകൊപ്പം നിൽക്കാൻ കുറച്ചു പേരെങ്കിലും കാണും തീർച്ച, അല്ലെങ്കിൽ നിങ്ങളെ വിളിക്കുന്നത്‌ ഭീരുക്കൾ എന്ന് മാത്രമായിരിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed