നമുക്ക് തീരെ വിവരമില്ലല്ലോ, ല്ലേ...


പ്രധാനമന്ത്രി നരേന്ദ്രേ മോഡിക്കും, മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും അഭിനന്ദനങ്ങൾ. ആദ്യത്തെയാൾ ഭരണചക്രമേറ്റെടുത്തിട്ട് ഒരു വർഷമാകുന്നു. രണ്ടാമത്തെയാൾ അഞ്ചാം വർഷത്തിലേക്ക് കടന്നിരിക്കുന്നു. ഒരു ജനാധിപത്യരാജ്യത്തിൽ അധികാരത്തിൽ പിടിച്ചുനിൽക്കുക എന്നത് തന്നെ ഒരു വലിയ സർക്കസാണ്. ആ ട്രപ്പീസ് കളിയിൽ രണ്ട് നേതാക്കളും വിജയിച്ചിരിക്കുന്നു. ഫെഡറൽ സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഒരു വിശാലമായ ജനാധിപത്യ രാജ്യമാണ് നമ്മുടെ ഭാരതം. ഇവിടെ നൂറുകോടിയിലധികം ജനങ്ങൾ ജീവിക്കുന്നു. അവർക്കൊക്കെ വ്യത്യസ്തമായ അഭിപ്രായങ്ങളും വികാരങ്ങളും ഉണ്ടാകും. ആരും ആരെയും പോലെ സമൻമാരല്ല. എത്ര നല്ല രീതിയിൽ ഒരു കക്ഷി ഭരണം കാഴ്ച്ച വെച്ചാലും അതിനെ വിമർശിക്കാനുള്ള അവകാശം ഒരു ജനാധിപത്യ രാജ്യത്തെ പൗരനുണ്ട്. ആ അവകാശം നിലനിർത്താനുള്ള ഓർമ്മകുറിപ്പാണ് ഇന്നത്തെ തോന്ന്യാക്ഷരം. 

നാല് വർഷങ്ങൾക്ക് മുന്പ് ശ്രീ ഉമ്മൻ ചാണ്ടിക്ക്  ഇന്ന് കുറ്റം പറയുന്ന കേരളത്തിലെ ജനങ്ങൾ തന്നെയാണ് മന്ത്രിസഭയുണ്ടാക്കാൻ അവസരമൊരുക്കിയത്. അന്ന് ഭരിച്ചിരുന്ന ഇടതുപക്ഷത്തിലെ തൊഴുത്തിൽകുത്തും, പലവിധ ആരോപണങ്ങളുമാണ് അതിനുള്ള സാഹചര്യമൊരുക്കിയത്. ഇപ്പോൾ ഉമ്മൻചാണ്ടി ഗവൺമെന്റ് അഞ്ചാം വർഷത്തിലേക്ക് കടക്കുന്പോൾ അന്ന് വി.എസ്. അച്യുതാനന്ദൻ നേരിട്ട സമാനമായ പ്രശ്നങ്ങളാണ് അദ്ദേഹം നേരിടുന്നത്. സ്വന്തം കക്ഷിയായ കോൺഗ്രസിലും, മുന്നണിയിലെ സഹപ്രവർത്തകരും തമ്മിൽ കൂട്ടയിടിയാണ് നടക്കുന്നത്. അദ്ദേഹം അധികാരമേറ്റത് മുതൽ നിരവധി അഴിമതിയാരോപണങ്ങളും നമ്മൾ കേൾക്കുന്നു. സരിതയുടെ സോളാർ മുതൽ ഏറ്റവും പുതുതായി വിഴിഞ്ഞം പദ്ധതി അദാനി ഗ്രൂപ്പിനെ ഏൽപ്പിച്ചത്്വരേയ്ക്കും ഈ അഴിമതി കഥകളിൽ നിറയുന്നു. അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ പോലും ഇപ്പോൾ തീരെ പരസ്പര സഹകരണം ഇല്ല.  മറുഭാഗത്ത് ഇടതുമുന്നണിയാണെങ്കിൽ തിരഞ്ഞെടുപ്പ് അടുക്കാറായി എന്ന് മനസിലാക്കി മുഖം മിനുക്കൽ നടപടികൾ നന്നായി തന്നെ നടത്തിവരുന്നുണ്ട്. വിഷമില്ലാത്ത പച്ചക്കറികൾ ഉണ്ടാക്കി വിറ്റും, പരിസര ശുചീകരണ പരിപാടികൾ നടത്തിയും, നവമാധ്യമങ്ങളിലൂടെ നേതാക്കൾ നല്ല ചിന്താവിഷയങ്ങൾ പങ്കുവെച്ചും പതിയെ ജനങ്ങളുമായി അടുക്കാൻ തുടങ്ങിയിട്ടുണ്ട്. മാത്രമല്ല, ചിരിക്കുന്ന മുഖങ്ങളെ പ്രസ്ഥാനത്തിന്റെ അമരത്തും എത്തിച്ചിട്ടുണ്ട്. ഈ കാരണങ്ങൾ കൊണ്ടുതന്നെ അഞ്ച് വർഷം തീരുന്പോഴേക്കും കേരളത്തിന്റെ സ്വാഭാവിക രീതിയിൽ ഐക്യമുന്നണി മാറി ഇടതുമുന്നണി അധികാരത്തിൽ വന്നേക്കും. അച്ച്യുതാനന്ദൻ സഖാവിന് പാർട്ടിയുടെ മുഖ്യരക്ഷാധികാരി സ്ഥാനം നൽകി പിണറായി സഖാവ് തന്നെ അടുത്ത മുഖ്യമന്ത്രിയുമാകും. 

കേന്ദ്രത്തിൽ ആണെങ്കിൽ മോഡിജി എപ്പോഴും യാത്രയിലാണ്. ഇതിനിടയിലും ഇടയ്ക്ക് നമ്മുടെ നാട്ടിൽ വന്നു പോകുന്നത് കൊണ്ട് ചില കാര്യങ്ങളൊക്കെ അദ്ദേഹവും അറിയുന്നുണ്ടാകുമെന്ന് കരുതാം. നാട്ടിൽ ഇപ്പോൾ പെട്രോളിനും, ഡീസലിനും മാത്രമേ വില കൂടുന്നുള്ളൂ. അതിന്റെ കാരണം അന്താരാഷ്ട്ര തലത്തിലുള്ള ക്രൂഡ് ഓയിലിന്റെ വില വർദ്ധനവാണത്രെ. ബാക്കി ഉപ്പ് തൊട്ടു കർപ്പൂരം വരെയുള്ള സാധനങ്ങൾക്ക് വില കൂടുന്നത് രാജ്യത്തിന്റെ വരുമാനം വർദ്ധിപ്പിക്കാനുള്ള മോഡിജിയുടെ തന്ത്രങ്ങൾ മാത്രമാണ്. ഇപ്പോൾ അദ്ദേഹം പ്രഖ്യാപ്പിച്ചിട്ടുള്ള പലവിധ ജനകീയ പദ്ധതികൾക്കും സാധനങ്ങൾക്ക് വിലകൂട്ടി അദ്ദേഹം പണം കണ്ടെത്തും. ആ പണം നമുക്ക് തന്നെ തിരികെ അദ്ദേഹം തരും.കൂടാതെ ചിലപ്പോൾ അദ്ദേഹം നടത്തുന്ന യാത്രകളിൽ എവിടെയെങ്കിലും വല്ല എണ്ണകിണറുണ്ടെങ്കിൽ ചുളുവിലയ്ക്ക് അത് ഒപ്പിച്ചെടുത്തേക്കാം. അതോടെ നമ്മുടെ എണ്ണവില പ്രശ്നവും തീരും. രണ്ട് മാസത്തെ ധ്യാനത്തിന് പോയ പയ്യൻസ് തിരിച്ച് വന്നതിന് ശേഷം ഇപ്പോൾ ഒരേ നടത്തമാണ്. മഹാരാഷ്ട്രയിലും, തെലങ്കാനയിലും നടന്നു കഴിഞ്‍ഞു. ഇനി കേരളത്തിലും വരുെമന്നാണ് കേൾ
ക്കുന്നത്. തന്റെ പിതാവിനെ പോലെ ജനങ്ങളുടെ അടുത്തേക്ക് പാഞ്ഞെത്താനാണ് ആ യുവഹൃദയം ഇപ്പോൾ കൊതിക്കുന്നത്. ഈ ഒരു കൊതി അഞ്ച് വർഷം കഴിയുന്പോഴേക്കും ഒരു തരംഗമായി മാറുമോ എന്ന് ഇപ്പോൾ പറയാറായിട്ടില്ല. 

എന്തായാലും കേന്ദ്രവും സംസ്ഥാനവുമൊക്കെ ഇവർ തന്നെ ഭരിച്ച് ശരിയാക്കട്ടെ. നമ്മൾ പൊതുജനങ്ങൾക്ക് അവരുടെ ബുദ്ധിമുട്ടുകൾ മനസിലാകാത്തതുകൊണ്ടാണ് പലപ്പോഴും പരാതി പറഞ്ഞുപോകുന്നത്. എന്ത് ചെയ്യാം, നമുക്ക് തീരെ വിവരമില്ലല്ലോ..ല്ലേ..!! 

You might also like

  • Lulu Exchange
  • Straight Forward

Most Viewed