നീലവാന ചോലയിൽ...


അരയാലിൻ കീഴിലെ കുളത്തിലേയ്ക്ക് കുളിക്കാനെന്ന വ്യാജേന ഞാനടക്കമുള്ള ചെറുപ്പക്കാർ പുഷ്പ ചേച്ചിയുടെ കുളിസീൻ കാണാൻ നിരനിരയായി നടന്നു പോയ ഒരു കാലം. നേരം ഇരുട്ടി തുടങ്ങുന്പോൾ ഇടവഴി വിജനമാകുന്പോൾ, തെരുവ് വിളക്കുകൾ കണ്ണടയ്ക്കുന്പോൾ മനസ്സിൽ ഒരു ഭീതി പടരും. രാത്രിയുടെ നിശബ്ദതയിൽ തൊട്ടടുത്തുള്ള ഏതെങ്കിലും വീട്ടിൽ നിന്ന് നിലവിളി ഉയരും...

കള്ളൻ... കള്ളൻ എന്ന അലർച്ചയോടൊപ്പം പല വീടുകളിലും വെളിച്ചവും പടരും. പിന്നെ കള്ളനെ പിടിക്കുവാൻ ഓടുന്നവരുടെ ബഹളം. അവസാനം എല്ലാവരും പിരിഞ്ഞു പോകുന്പോൾ മനസ്സ് വല്ലാതെ അസ്വസ്ഥമായി ഉറങ്ങുവാൻ പറ്റാതെ കണ്ണും തുറന്നു കിടക്കും.

കള്ളൻ എന്ന വാക്ക് കേൾക്കുന്പോൾ എന്റെ മനസ്സിലേക്ക് കടന്നു വരിക എന്റെ ഗ്രാമത്തിലെ കൽപ്പണിക്കാരനായ നാരായണന്റെ മുഖമാണ്. ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുന്പോഴാണ് ജനം നാരായണന് കള്ളൻ എന്ന ഔദ്യോഗിക പദവി നൽകി ആദരിക്കുന്നത്. 

സന്ധ്യ മയങ്ങി തുടങ്ങുന്പോൾ തന്നെ തന്റെ ഭൗതീക ശരീരം ആരും കാണാതെ നാരായണൻ യുവ തരുണീ മണികൾ താമസിക്കുന്ന ഏതെങ്കിലും വീടിന്റെ കോണിൽ സ്ഥാപിക്കും. വിലകൂടിയ സ്വർണ്ണാഭരണങ്ങളും, വസ്തുക്കളും നാരായണനെ കൊതിപ്പിക്കാറില്ല. പ്രധാന ഉദ്യോഗം കാണാൻ ഭംഗിയുള്ള സ്ത്രീകളുടെ കിടപ്പറയിലേക്കും കുളിമുറിയിലേക്കും ഒളിഞ്ഞു നോക്കുക. പറ്റുമെങ്കിൽ ജനാലയിലൂടെ കൈകടത്തി സുന്ദരിമാരുടെ കാലിൽ തടവി ഇക്കിളിപ്പെടുത്തുക. ഞെട്ടിയുണർന്ന യുവതികൾ നിലവിളിക്കുന്പോൾ നാരായണൻ ഓടി തുടങ്ങും. ഇരുട്ടിന്റെ കരിന്പടം മാറ്റാൻ ഒരു തീപ്പെട്ടികൊള്ളിയുടെ വെളിച്ചത്തിന്റെ തുണ പോലുമില്ലാതെ, മുള്ളും, വിഷമുള്ള പാന്പുകളും, പൊട്ടകിണറുമുള്ള ഊടു വഴികളിലൂടെ എല്ലാം മറന്നു, ആനന്ദത്തോടെ വീടണയും.

ഇത്തരമൊരു പതിവ് സാഹസത്തിനിടയിൽ ഒരു പെൺ‍കരുത്തിന്റെ കയ്യിൽ അകപ്പെട്ട്, നാരായണനെ വീട്ടുമുറ്റത്തെ കശുമാവിൽ കെട്ടിയിട്ട് മർദ്ദിച്ചു. ഇനി മോഷ്ടിക്കുവാൻ ഏതെങ്കിലും വീട്ടിൽ കയറുമോ? എന്ന നാട്ടു പ്രമാണിയുടെ ചോദ്യത്തിനു മുന്നിൽ നിസംഗതയോടെ നാരായണൻ  മറുപടി പറഞ്ഞു. ഞാൻ ആരുടെയും മുതൽ ഇത് വരെ മോഷ്ടിച്ചിട്ടില്ല.

ചോദ്യം ഒന്ന്, പ്രിയ വായനക്കാരെ സത്യത്തിൽ നാരായണൻ ആരുടെയെങ്കിലും മുതൽ മോഷ്ടിച്ചുവോ? കള്ളനാണെങ്കിലും നാരായണൻ സാക്ഷാൽ ശ്രീ നാരായണനെ സത്യം ചെയ്ത് പറഞ്ഞത് സത്യം തന്നെ അല്ലെ?

ഇന്ന് ഞാൻ നാരായണനെ കുറിച്ച് ഓർത്തത് ഇന്ത്യാ രാജ്യത്തിലെ കോടിക്കണക്കിന് വരുന്ന മാനസികമായ ദരിദ്രരാകാൻ പോകുന്ന നാരായണൻമാരെ കുറിച്ച് ഓർത്തിട്ടാണ്. 

ഇന്ത്യ എന്ന മഹാരാജ്യത്തിന് വലിയൊരു സാംസ്ക്കാരിക പൈതൃകം ഉണ്ടെന്നും അതുകൊണ്ട് ഇന്റർനെറ്റിലെ നവമാധ്യമങ്ങളിലൂടെ മറ്റുള്ളവരുടെ കിടപ്പറയിലേയ്ക്കും കുളിമുറിയിലേക്കും എത്തി നോക്കുന്ന നാരായണൻമാർ സംസ്ക്കാരമില്ലാത്തവരാണെന്നും ഒരു സുപ്രഭാതത്തിൽ  കേന്ദ്ര  സർക്കാരും, ടെലിഫോൺ‍ കന്പനികളും തിരിച്ചറിഞ്ഞിരിക്കുന്നു!

കഴിഞ്ഞ ആഴ്ച ചൈന സന്ദർശിച്ചപ്പോൾ അവിടുത്തെ മിക്ക ഹോട്ടലിലും സ്ഥാപിച്ചിട്ടുള്ള ടി.വിയിൽ നീലച്ചിത്രം ചാനലിൽ ലഭ്യമായിരുന്നു. പതിനെട്ട് വയസ്സു തികഞ്ഞവർക്ക്‌ ഹോട്ടൽ മാനേജർ പാസ് വേർഡ് തരും. മിക്ക സ്റ്റാർ ഹോട്ടലിലും  ഗർഭ നിരോധന ഉറകൾ നിരത്തി വെച്ചിട്ടുണ്ടാകും. എല്ലാ ഹോട്ടലിലും മസാജ് പാർലറും ലഭ്യമാണ്. ചൈനയിൽ പൊതുസ്ഥലത്ത് വെച്ച് ഒരു സ്ത്രീയെ ആരും ഉപദ്രവിക്കില്ല. മോശമായ നോട്ടം വഴിയോ, വാക്കുകൾ കൊണ്ടോ അപമാനിക്കില്ല. ചില ഹോട്ടലുകളിൽ നിശാക്ലബ്ബുകളിലേയ്ക്ക് പോകണമെങ്കിൽ ലിഫ്റ്റിൽ പ്രത്യേകം കാർഡ് ആവശ്യമാണ്. 

പ്രായപൂർത്തിയായവർക്ക് എല്ലാവിധ ലൈംഗിക സ്വാതന്ത്ര്യമുണ്ടെങ്കിലും, പ്രായപൂർത്തിയാകാത്തവർക്ക് പരമാവധി നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. 

ആരോഗ്യത്തിനും ഒപ്പം മനസിനും സന്തോഷകരമായ കുറച്ച് കാര്യങ്ങൾ മാത്രമേ ദൈവം മനുഷ്യന് നൽകിയിട്ടുള്ളൂ. അതിൽ ഒന്നാണ് സെക്സ്. 

എന്റെ വീടിനടുത്തുള്ള മടിയൻകൂലോം ക്ഷേത്രത്തിന്റെ ആദ്യത്തെ കവാടത്തിന്റെ മുകളിൽ കൊത്തിവെച്ച രൂപങ്ങളാണ് ഞാൻ ആദ്യം കണ്ട അശ്ലീലമെന്ന് ചിലർ  വിശ്വസിക്കുന്ന രൂപങ്ങൾ. അന്പലത്തിന്റെ മുകളിലുള്ള രൂപങ്ങളെ ഇത്തിരി നാണത്തോടെ നോക്കുന്പോൾ കൂടെയുണ്ടായിരുന്ന അമ്മൂമ്മയാണ് പറഞ്ഞത് ഇതൊക്കെ ആന്ധ്രയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും വന്ന കലാകാരൻമാരുടെ സൃഷ്ടികളാണെന്ന്. പട്ടാന്പിയിൽ നിന്ന് സംസ്കൃതത്തിൽ ഉന്നത ബിരുദം നേടിയ അമ്മൂമ്മ പുരാണങ്ങളും, ഉപനിഷത്തുകളും കലക്കികുടിച്ച വ്യക്തിയായിരുന്നു. അത്തരം കലാരൂപങ്ങൾ ഇന്ത്യയുടെ സംസ്ക്കാരത്തിന് ചേർന്നതല്ലെന്നോ, അത് അശ്ലീലമാണെന്നോ അമ്മൂമ വാക്കിലൂടെയോ, നോട്ടത്തിലൂടെയോ സൂചിപ്പിച്ചിട്ടു പോലുമില്ല. 

ഹൈന്ദവ സംസ്കാരത്തെ കുറിച്ചാണ് സർക്കാർ സംസാരിക്കുന്നതെങ്കിൽ ലോകം മുഴുവൻ ആഘോഷിക്കപ്പെടുന്ന കാമശാസ്ത്രം വരെ രചിക്കപ്പെട്ട ഭൂമിയാണ് ഭാരതം. ഒരു പുരുഷൻ എന്ന നിലയിൽ എനിക്കറിയാവുന്ന ഒരു കാര്യം ഞാനടക്കമുള്ള 99 ശതമാനം പുരുഷൻമാരും നീലചിത്രങ്ങൾ കണ്ടവരും ആസ്വദിച്ചവരുമാണ്. അവരൊന്നും സാംസ്കാരികമായി അധഃപതിച്ചതായോ, മാനസികമായി പ്രശ്നങ്ങൾ ഉള്ളവരായോ തോന്നിയിട്ടില്ല.  ഇന്ത്യൻ സർക്കാർ  ചെയ്യേണ്ടത് താഴെ പറയുന്നവയാണ്.

1. പതിനെട്ട് വയസ്സിന് താഴെയുള്ളവർക്കായി പ്രത്യേക ഇന്റർനെറ്റ് ബാൻഡ് വിഡ്ത്ത് കൊണ്ടുവരിക. അതിൽ പറ്റാവുന്നത്ര നിരോധനം ഏർപ്പെടുത്തുക. 

2. മറ്റുള്ളവരുടെ സൗകാര്യമായ കിടപ്പറ രംഗങ്ങളോ, ചിത്രങ്ങളോ അവരറിയാതെ ഇന്റർനെറ്റിൽ ഇടുന്നവർക്ക് ജീവപര്യന്തം ശിക്ഷ നൽകുക. 

3. സണ്ണി ലിയോണിനെ പോലെയുള്ളവർക്ക് അശ്ലീല വീഡിയോ ഇറക്കാനും, അത് കാണുന്നവർക്ക് എന്റെർടെയിൻമെന്റ് ടാക്സും ഏർപ്പെടുത്തുക. 

4. ഫേസ് ബുക്ക്, ഗൂഗിൾ, യുട്യൂബ് പോലെയുള്ള സൈറ്റുകൾ വഴി ഇന്ത്യയ്ക്ക് നഷ്ടപ്പെടുന്ന വിദേശപണം ഒഴിവാക്കാൻ അവ നിരോധിക്കുകയോ, അല്ലെങ്കിൽ അതിൽ നിന്ന് ലഭിക്കുന്ന വരുമാനം ഷെയർ ചെയ്യാനോ ആവശ്യപ്പെടുക. 

5. കപട മാന്യത ഒഴിവാക്കി സത്യസന്ധമായി കാര്യങ്ങളെ കാണുവാനും, പ്രായോഗികമായി തീരുമാനങ്ങൾ നടപ്പിലാക്കാനും ശ്രമിക്കുക. ഒരു വ്യക്തി എന്ത് കാണണം, കേൾക്കണം, ഏതു ഭക്ഷണം കഴിക്കണം എന്നത് ഒരു വ്യക്തിയുടെ സ്വകാര്യമായ സ്വതന്ത്രമാണ്. ഇത്തരം ഇടപെടൽ സൂചിപ്പിക്കുന്നത് ഏകാധിപത്യ ചിന്തകൾ തന്നെ. കാര്യങ്ങൾ ഇങ്ങിനെ പോയാൽ അടുത്ത് തന്നെ ഗുരുവായൂർ അന്പലം മുതൽ കജൂരഹോ വരെ അടിച്ചു പൊളിക്കുന്ന കാലം വിദുരമല്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed