ചൂത് കളിയുടെ നാട്ടിൽ

ഹോട്ടൽ ലിസ്ബോണിന്റെ ജനാലയിലൂടെ താഴേയ്ക്ക് നോക്കുന്പോൾ, വരിവരിയായി നീങ്ങുന്ന ജനങ്ങളെ കാണാം. നഗരം മേക്കാവോയാണ്. താമസിക്കുന്നത് അവിടുത്തെ ഏറ്റവും വലിയ കാസിനോയുള്ള, സ്റ്റാൻലി എന്ന വ്യവസായിയുടെ ഹോട്ടലിൽ.
നേരം പുലർന്ന് തുടങ്ങിയതേ ഉള്ളൂ. എങ്കിലും കാസിനോ ക്ലബ്ബുകൾ നിറഞ്ഞിരിക്കുകയാണ്. 18 വയസ് മുതൽ 90 വയസുള്ളവർ വരെ പല സ്ഥലങ്ങളിലായി പലതരം കളിക്കളങ്ങളിൽ പണമെറിയുകയാണ്. ചിലപ്പോൾ വലിയൊരു കരഘോഷവും ഒപ്പം വലിയ ടി.വി സ്ക്രീനിൽ 10 മില്യണിലധികം നേടിയ വിജയികളെക്കുറിച്ചുള്ള അറിയിപ്പുകൾ പ്രദർശിപ്പിച്ചു തുടങ്ങും.
ചൈനയിൽ നിന്നും മറ്റു പല വിദേശരാജ്യങ്ങളിൽ നിന്നും ഹോങ്കോംഗിൽ എത്തുന്നവരുടെ പ്രധാന ലക്ഷ്യ സ്ഥലം മാക്കോവ തന്നെയാണ്.
ചൈനീസ് സുന്ദരികൾ നിങ്ങളെ സ്നേഹപൂർവ്വം കാസിനോയിലേയ്ക്ക് സ്വാഗതം ചെയ്യുന്പോൾ തുറക്കുന്നത് വിസ്മയകരമായ ഒരു ലോകമാണ്.
ഒന്ന് വെച്ചാൽ രണ്ട്, രണ്ടു വെച്ചാൽ നാല് എന്ന നമ്മുടെ ചൂത് കളിയുടെ രീതിയല്ല ഇവിടുത്തെ രീതി. ഒന്ന് വെച്ചാൽ പന്ത്രണ്ട് ഇരട്ടി വരെ ലഭിക്കാവുന്ന കളികളാണ് പലതും.
ഹോട്ടലിന്റെ പല നിലകളിൽ വ്യത്യസ്ത തട്ടുകൾ വിവിധ ചൂതുകളിക്കാർക്കായി മാറ്റിവെച്ചിരിക്കുന്നു. 100 മുതൽ 500 ഡോളർ വരെ മാത്രമുള്ളവർക്ക് ഒരു തട്ട്, 1000 മുതൽ 10000 ഡോളർ വരെയുള്ളവർക്ക് വേറൊരു തട്ട്, 10000 മുതൽ മുകളിലുള്ളവർക്ക് വേറെ നില.
ഏറ്റവും സന്പന്നർക്കുള്ള തട്ടിൽ കാബറെ ഡാൻസും, പാട്ടും തകൃതിയായി നടക്കുന്നു. ആയിരക്കണക്കിന് സെക്യൂരിറ്റി ജീവനക്കാരും അതിലേറെ മറ്റു തൊഴിലാളികളും ഉള്ള ഈ ഹോട്ടലിന്റെ മുന്പിൽ നിരനിരയായി നിൽക്കുന്ന ജനങ്ങളെ കാണാം.
ഹോട്ടലിന്റെ മുന്പിൽ തന്നെ ബസ് സ്റ്റോപ്പുണ്ട്. പലരും ജോലി കഴിഞ്ഞു വീട്ടിലേയ്ക്കു പോകുന്ന വഴിയിൽ ഇവിടെ കയറി ഒന്ന് ഭാഗ്യം പരീക്ഷിക്കും. മാക്കോവയിലുള്ള ഒരു വലിയ ഭൂരിഭാഗം അവരുടെ 30 ശതമാനത്തിലധികം വരുമാനം കാസിനോയിൽ നിക്ഷേപിക്കുന്നു.
സെക്യൂരിറ്റി ഗാർഡിനോടൊപ്പം പണപ്പെട്ടിയും തൂക്കി കൊണ്ട് വരുന്ന അതി സന്പന്നരെയും കാണാം.
കളിക്കാരാൻ എടുക്കുന്ന റിസ്ക്കിന്റെ എത്രയോ ഇരട്ടിയാണ്, കാസിനോ ഉടമ എടുക്കുന്ന റിസ്ക്ക്. കളിക്കാരന് കളി നിർത്തി പോകാം. പക്ഷേ കാസിനോയിൽ വന്ന് പണം കൊയ്യുന്പോൾ ഇനി കളിക്കാനില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞു പോകാൻ പറ്റില്ല.
ഇത് ഒരു പ്രോബബിലിറ്റിയുടെ ഗെയിം ആണ്. ഇവിടെ ഏറ്റവും കുറച്ച് സമയം ചിലവിടുന്നവർ കൂടുതൽ കാശും നേടുന്നു. കൂടുതൽ സമയം ചിലവഴിക്കും തോറും കാശ് കൂടുതൽ നഷ്ടപ്പെടുന്നു.
ഒപ്പം കസിനോയുടമ ജയിക്കാനുള്ള സാധ്യത മൂന്ന് ശതമാനം കളിക്കാരേക്കാൾ കൂടുതലാണ്. ഇതുവരെ കാസിനോ ക്ലബ്ബുകൾ നടത്തിയവരാരും സാന്പത്തികമായി തകരാതിരിക്കുവാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഈ സാധ്യതയുടെ അടിസ്ഥാനത്തിലാണ്.
കാസിനോ ക്ലബ്ബിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ വലിയൊരു ഭാഗം സർക്കാരിനു നികുതിയായി ലഭിക്കുന്നു.
1850ൽ പോർച്ചുഗീസ് സർക്കാർ ആണ് കാസിനോകൾക്ക് ലൈസൻസ് നൽകിയത്. ഇന്ന് പ്രധാനമായും മാകോ സർക്കാരിന്റെ മൊത്ത വരുമാനത്തിന്റെ 50 ശതമാനം വരുമാനം കാസിനോകളിൽ നിന്ന് ലഭിക്കുന്ന നികുതിയാണ്.
കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈനയുടെ കീഴിലുള്ള ഒരു സ്പെഷ്യൽ അഡ്മിനിസ്ട്രേറ്റിവ് സോൺ ആയിട്ട് ഇന്നും മാകോവിനെ ചൈന സംരക്ഷിക്കുന്നത് ഇതുവഴി ഹോങ്കോംഗിലും മക്കാവോയിലും ഇറങ്ങുന്ന വിദേശികളുടെ പണം കൊള്ളയടിക്കാൻ തന്നെ.
ഹോട്ടൽ ലിസ്ബോയിൽ 1000 മുറികളും ആറ് ഭക്ഷണ ശാലകളും ഒപ്പം 107 തരത്തിലുള്ള കാസിനോ കളികളും 190000 സ്ക്വയർ ഫീറ്റ് സ്ഥലമുള്ള കാസിനോ ക്ലബ്ബും ഉണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കാസിനോ ക്ലബ്ബുകൾ ഒരിക്കലും ഉറങ്ങുന്നില്ല.
ഹോട്ടലിന്റെ ലോബിയിൽ ലോകത്തെ ഏറ്റവും വില കൂടിയ രത്നം കണ്ണാടികൂട്ടിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഒപ്പം ആനക്കൊന്പിൽ തീർത്ത പല ശിൽപ്പങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്. ഇതിന്റെ മുന്പിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥരും ഇല്ലെങ്കില്ലും അവ നഷ്ടപ്പെടില്ലെന്ന് ഉടമസ്ഥന് ഉറപ്പുണ്ട്.
കാസിനോയിൽ പണം നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്തവരെ കുറിച്ച് അധികം കേട്ടിട്ടില്ല എന്നാണ് കുടെയുണ്ടായിരുന്ന ടൂർ ഗൈഡ് പറഞ്ഞത്. കമ്മ്യൂണിസ്റ്റ് ആശയം ആയാലും മാർക്സ് ദാസ്കാപ്പിറ്റലിൽ പറയാത്ത പല ധനകാര്യ സംവിധാനങ്ങളും ചൈനയും പരീക്ഷിച്ചു തുടങ്ങി എന്ന് ഉറപ്പ്.