ചൈന നൽകുന്ന പാഠങ്ങൾ...

ചൈനയുടെ തലസ്ഥാനമായ ബെയ്ജിംഗ് വളരെ മനോഹരമായ നഗരമാണ്. ബെയ്ജിംഗിലെ ഏറ്റവും പ്രശസ്തമായ ഒരു ടൂറിസ്റ്റ് സ്പോട്ടായ ടിയാന്മെൻ സ്ക്വയർ സന്ദർശിച്ചപ്പോൾ ഞാൻ ഓർത്തത് ഇന്ത്യയുടെ തലസ്ഥാന നഗരമായ ഡൽഹിയിലെ ഇന്ത്യാ ഗേറ്റിനെ കുറിച്ചാണ്. രണ്ടു സ്ഥലത്തും ഒരു സ്തൂപവും അതിനു ചുറ്റുമായി രാജ്യത്തിനു വേണ്ടി പോരാടി മരിച്ച ധീര ജവാന്മാരുടെ പേരുകളും ആലേഖനം ചെയ്തിരിക്കുന്നു. ടിയാന്മെൻ സ്ക്വയർ ജന നിബിഡമായിരുന്നു. ബെയ്ജിംഗിൽ മിക്ക സ്ഥലങ്ങളിലും പുരുഷന്മാരേക്കാൾ ഏറെ കാണാൻ സാധിക്കുന്നത് സ്ത്രീകളെയാണ്. ടിയാന്മെൻ സ്ക്വയറിലേയ്ക്ക് കടക്കുവാനുള്ള സെക്യൂരിറ്റി ഗേറ്റിൽ പുരുഷന്മാരെ വിസ്ക് (whisk)ചെയ്യുന്നത് വരെ സ്ത്രീകളാണ്.
ചൈനയിൽ 90 ശതമാനം വരുന്ന ഒരു ഭൂരിപക്ഷം ഒരു മതത്തിലും ദൈവത്തിലും വിശ്വസിക്കാത്തവരാണ്. അതുകൊണ്ട് തന്നെ പ്രാർത്ഥനയ്ക്കും ദേവാലയത്തിൽ പോകാനുമായി സമയം നഷ്ടപ്പെടാറില്ലെന്ന് എന്റെ കൂടെ ഉണ്ടായിരുന്ന ടൂർ ഗൈഡ് മാഗ്ഗി ചിരിച്ചു കൊണ്ട് പറഞ്ഞു. ക്രിസ്ത്യാനികളും മുസ്ലീങ്ങളും ടാവോയിസ്റ്റുകളും മറ്റു ചില മതങ്ങളും നിലവിലുണ്ടെങ്കിലും ഭൂരിപക്ഷം പേരും കമ്മ്യൂണിസ്റ്റ് വിശ്വാസികളായതു കൊണ്ട് തന്നെ മതത്തിനു യാതൊരു പ്രാധാന്യവും നൽകുന്നില്ല.
ദൈവത്തെക്കുറിച്ച് ചിന്തിക്കാറില്ലേ എന്ന് മാഗ്ഗിയോട് ചോദിച്ചപ്പോൾ ഇല്ല, പകരം പ്രേതത്തെ പേടിയാണ് എന്നായിരുന്നു ചിരിച്ചു കൊണ്ടുള്ള ഉത്തരം. ഡൽഹിയിൽ നടന്ന പീഡന കഥകൾ ഓർത്ത് ബെയ്ജിംഗ് നഗരം സ്ത്രീകൾക്ക് സുരക്ഷിതമാണോ എന്ന ചോദ്യത്തിന് ഉത്തരം നൂറു ശതമാനം എന്നായിരുന്നു. ആരെങ്കിലും ഒരാൾ ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറിയാൽ ഉടൻ ശിക്ഷ നടപ്പാക്കുകയും അവരെ ജനങ്ങളുടെ മുന്നിൽ കൊണ്ടുവരികയും ചെയ്യും. കഠിനമായ ശിക്ഷാ രീതികൾ ഭയന്ന് അത്തരം ഒരു സാഹസത്തിന് ആരും ഒരുന്പെടാറില്ല എന്നായിരുന്നു ടൂർ ഗൈഡിന്റെ മറുപടി.
ബെയ്ജിംഗ് നഗരത്തിലൂടെ പല പ്രാവശ്യം കറങ്ങിയിട്ടും റോഡ് അരികിൽ മാലിന്യക്കൂന്പാരമോ ഭക്ഷണ വസ്തുക്കളോ അവശിഷ്ടങ്ങളോ കാണുവാൻ കഴിഞ്ഞില്ല. ഓരോ വ്യക്തിയും നഗരം ശുചിയായി സംരക്ഷിക്കണമെന്ന ബോധമുള്ളവരാണ്.
ഇന്ത്യയ്ക്ക് പുറത്തുള്ള പല വിദേശരാജ്യങ്ങളും സന്ദർശിച്ചപ്പോൾ ശ്രദ്ധിച്ച പ്രധാനകാര്യം, സാന്പത്തികമായി കഴിവുള്ളവരും അല്ലാത്തവരും അവരുടെ വസ്ത്രധാരണത്തിലും ശരീര സംരക്ഷണത്തിനും വളരെയധികം പ്രാധാന്യം നൽകുന്നു എന്നുള്ളതാണ്. ബെയ്ജിംഗ് നഗരത്തിൽ നാലു ദിവസം കറങ്ങിയിട്ടും കുടവയറനായ ഒരു ചൈനീസ് തടിയനെയോ തടിച്ചിയെയോ കണ്ടില്ലെന്നതാണ് അത്ഭുതം.
ഞാനടക്കം, ഞങ്ങളുടെ സംഘത്തിലെ തടിയന്മാരെ നോക്കി മഗ്ഗി പറഞ്ഞത്, നിങ്ങളെപ്പോലെ ദുർമേദസുള്ളവരെ ചൈനയിൽ അതി സന്പന്നരായാണ് കരുതുന്നത് എന്നാണ്. ഭൂരിഭാഗം ജനങ്ങളും കഠിനാദ്ധ്വാനികൾ ആയതിനാൽ തന്നെ ശരീരത്തിൽ കൊഴുപ്പ് ഉണ്ടാകുന്നില്ല.
വിവിധതരം ചായപ്പൊടികൾ വിൽക്കുന്ന ഒരു ഷോപ്പിൽ പോയപ്പോൾ, അവിടെ ചായ കുടിക്കുന്ന വിധവും ഉണ്ടാക്കുന്ന വിധവും വിശദീകരിച്ച ചൈനീസ് പെൺകുട്ടി ചായയുടെ ഗുണ ഗണങ്ങൾ വിവരിച്ചു. ചായ ആരോഗ്യത്തിനു വളരെ ഗുണകരമാണെന്നും ചൈനക്കാർ മെലിഞ്ഞിരിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഗ്രീൻ ടീയാണെന്നും പറഞ്ഞു. ഒരു കിലോയ്ക്ക് ഒരു ലക്ഷം രൂപ വിലയുള്ള തേയില വരെ അവിടെ സുലഭമായിരുന്നു. പാലും പഞ്ചസാരയും ചേർത്ത് ചായ കുടിക്കുന്ന രീതി തെറ്റാണെന്നും അത് ആരോഗ്യത്തിനു ഹാനികരമാണെന്നും, പകരം പഞ്ചസാര വരെ ഇടാതെ ഗ്രീൻ ടീയോ, ജാസ്മിൻ ടീയോ ഒക്കെ കുടിച്ചാൽ ചൈനക്കാരെ പോലെ മെലിഞ്ഞിരിക്കാമെന്നും അവർ ഉറപ്പ് നൽകി.
ചൈനയും ഇന്ത്യയും തമ്മിൽ വലിയ അന്തരമുണ്ടെന്നതിൽ യാതൊരു സംശയവുമില്ല. ഇന്ത്യ ഇപ്പോഴും ഒരു പത്തു വർഷം പിറകിലാണ്. 800ലധികം യാത്രക്കാരുണ്ടായിരുന്ന എമിറേറ്റ്സ് വിമാനത്തിൽ ഭൂരിഭാഗം പേരും ചൈനാക്കാരായിരുന്നു. വിമാനത്തിനുള്ളിൽ ബഹളം വെയ്ക്കുകയോ, മദ്യത്തിനു വേണ്ടി യാചിക്കുകയോ, മദ്യപിച്ചു ബഹളം വെയ്ക്കുകയോ ചെയ്യാതെ അച്ചടക്കത്തോടെ ഇരിക്കുന്ന ചൈനക്കാരെ കണ്ടപ്പോൾ തന്നെ സംസ്ക്കാരികമായ വളർച്ച മനസ്സിലായി തുടങ്ങിയിരുന്നു.
ബെയ്ജിംഗിൽ ഏറെ ബുദ്ധിമുട്ടിയത് ഭക്ഷണത്തിന്റെ കാര്യത്തിലായിരുന്നു. വെജിറ്റേറിയൻ ആയ എന്റെ വാമഭാഗം യാത്രയിൽ മിക്കപ്പോഴും അർദ്ധ പട്ടിണിയിലായിരുന്നു. ബെയ്ജിംഗിലെ പ്രധാനപ്പെട്ട ഒരു ഉദ്യാനത്തിൽ കറങ്ങി നടക്കുന്പോഴാണ് എല്ലാവരും ഒരു കാര്യം ശ്രദ്ധിച്ചത്. ഉദ്യാനത്തിൽ കിളികൾ വളരെ കുറവ്. കൂടെയുണ്ടായിരുന്ന ശ്രീനിയേട്ടനാണ് പറഞ്ഞത് ഇത്രയധികം ജനസംഖ്യയുള്ള ചൈനയിൽ വിശപ്പടക്കാനായി അവർ കിട്ടുന്നതിനെ എല്ലാം ഭക്ഷിച്ചു ശീലിച്ചു. പാന്പിനെയും, തേളിനെയും, പട്ടിയെയും തിന്നു വിശപ്പടക്കിയ ചൈനാക്കാർ കിളികളെയൊക്കെ എന്നേ തിന്നു തീർത്തു കാണും...?!