വ്രതം നമ്മെ യഥാർത്ഥ മനുഷ്യരാക്കുന്നു


ജമാൽ ഇരിങ്ങൽ ,പ്രസിഡന്റ്, ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ

അനുഗ്രഹങ്ങളുടെ പെരുമഴക്കാലമായ വിശുദ്ധ റമദാൻ വീണ്ടും സമാഗതമായിരിക്കുകയാണ്. മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന യഥാർത്ഥ മനുഷ്യരുടെ എണ്ണം വല്ലാതെ കുറഞ്ഞു കൊണ്ടിരിക്കുന്ന ഒരു പ്രത്യേക സാഹചര്യത്തിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പകൽ വെളിച്ചത്തിൽ കത്തിച്ചുവെച്ച മെഴുകുതിരിയുടെ വെളിച്ചത്തിൽ അങ്ങാടിയിലൂടെ മനുഷ്യരെ തേടി നടന്ന ഡയോജെനിസിനെ നമുക്ക് ചരിത്രത്തിൽ വായിക്കാൻ സാധിക്കും. തിന്മൾക്ക് എങ്ങും മേധാവിത്തം ലഭിക്കുന്ന അവസ്ഥയാണ് എവിടെയും. ധർമ്മവും അധർമ്മത്തെ അതിജയിക്കുകയാണ്. നന്മകൾ വറ്റിപ്പോവുന്നു. പത്തു മാസം വയറ്റിൽ ചുമന്ന് താൻ നൊന്തു പ്രസവിച്ച പിഞ്ചു പൈതലിനെ നൈമിഷിക സുഖത്തിനു വേണ്ടിയും സ്വാർത്ഥമായ താല്പര്യങ്ങൾക്ക് വേണ്ടിയും അറുംകൊല ചെയ്യുന്ന അമ്മമാർ പെരുകി കൊണ്ടിരിക്കുന്ന ആസുരകാലമായി വർത്തമാനകാലം മാറിപ്പോയിരിക്കുന്നു.

പത്താം ക്ലാസിൽ മാർക്ക് കുറഞ്ഞു പോയതിന്റെ പേരിൽ പോലും സ്വന്തം മക്കളെ കൊല്ലാകൊല ചെയ്യുന്നുവെന്ന് അറിയുമ്പോഴാണ് നമുക്കതിന്റെ ഭീകരത മനസിലാക്കുവാൻ സാധിക്കുക. 

മക്കളുടെ മാതാപിതാക്കളോടുള്ള പെരുമാറ്റവും ഏറെ ദയനീയമാണ്. വാർധക്യത്തിലെത്തിയ തന്റെ അച്ഛനും അമ്മയും മക്കൾക്ക് ഇന്ന് വലിയ ഭാരമാണ്, തങ്ങളുടെ സ്റ്റാറ്റസിന് അനുയോജ്യരല്ലാവരിന്ന്. അവരെ പരിഗണിക്കാനോ വേണ്ട വിധത്തിൽ അവരെ പരിചരിക്കാനോ ന്യൂജെൻ മക്കൾക്കിന്ന് സമയമില്ല. മക്കളെ വൃദ്ധസദനത്തിൽ തള്ളുകയോ അല്ലെങ്കിൽ വീട്ടിൽ തന്നെ തടവിൽ വെക്കുകയോ ചെയ്യുന്ന അവസ്ഥയാണിന്ന്.

ബന്ധങ്ങളൊക്കെയും നേട്ടങ്ങളുടെ അടിസ്ഥാനത്തിൽ ആയിമാറിയിരിക്കുന്നു. കുടുംബബന്ധങ്ങളാണെങ്കിലും സുഹൃത് ബന്ധങ്ങളാണെങ്കിലും മറ്റേത് ബന്ധങ്ങളാണെങ്കിലും ഇന്ന് പണമാണ് നിർണയിക്കുന്നത്. മനുഷ്യരുടെ മനസ്സിൽ നിന്നും കാരുണ്യവും ദയയും എന്നോ കുടിയിറക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണല്ലോ ആരാധനാലയങ്ങളിൽ പോലും കൂട്ടക്കുരുതി നടത്താൻ അവൻ ഉദ്യുക്തനാവുന്നത്. ജാതിയുടെയും മതത്തിന്റെയും രാജ്യത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ എത്ര മനുഷ്യ ജീവനുകളാണ് ഹോമിക്കപ്പെടുന്നത്.

ഇവിടെയാണ് വ്രതത്തിന്റെ ലക്ഷ്യം കൂടുതൽ പ്രസക്തമാവുന്നത്. ഏറ്റവും ഉയർന്ന മനുഷ്യനെ സൃഷ്ടിക്കുക എന്നതാണത്. വിശുദ്ധഖുർആൻ പറയുന്ന നോമ്പിന്റെ ലക്ഷ്യവും അത് തന്നെയാണ്. പരസ്പരം പങ്ക് വെയ്ക്കുന്ന പകുത്തുകൊടുക്കുന്ന മനുഷ്യർ. നമ്മെ മൃഗങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നതും ഈ മഹിതമായ മാതൃക തന്നെയാണ്. മൃഗങ്ങൾ മറ്റുള്ള മൃഗങ്ങളുടെ ആഹാരത്തെക്കുറിച്ച് ആലോചിക്കാറില്ല. മനുഷ്യർക്ക് മാത്രമേ അതിനു സാധിക്കുകയുള്ളൂ.

തിന്മകളിൽ നിന്നും ദുശീലങ്ങളിൽ നിന്നുമുള്ള മടക്കം കൂടിയാണ് ഓരോ വ്രതനാളുകളും. ചെയ്തുപോയ തെറ്റുകളിലെ കുറിച്ച് പശ്ചാത്താപം മനസ്സിൽ നിറയണം. തെറ്റുകളെ തിരിച്ചറിയാനും അതിൽ നിന്നും പൂർണമായി സാധിക്കണം. തെറ്റുകൾ മനുഷ്യസഹജമാണെങ്കിലും അതിൽ നിന്നും മുക്തി നേടി നന്മയിലേക്ക് തിരിഞ്ഞു നടക്കുക എന്നത് മനുഷ്യരിലുള്ള ദൈവികമായ കാര്യമാണ്. സഹവർത്തിത്വമാണ് നോമ്പിന്റെ മറ്റൊരു പാഠം. ആരൊക്കെയോ ചേർന്ന് മനുഷ്യർക്കിടയിൽ നിരവധി മതിൽക്കെട്ടുകൾ പണിതുകൊണ്ടിരിക്കുകയാണ്. മതവും ജാതിയും രാഷ്ട്രീയവും രാജ്യവും തുടങ്ങി ഒരുപാട് ഘടകങ്ങൾ ഇതിലുണ്ട്. ഇവിടെയാണ് മഹാനായ പ്രവാചകന്റെ ഒരു വചനം ഏറെ പ്രസ്കതിയുള്ളതാകുന്നത്. "വെളുത്തവന് കറുത്തവനെക്കാളോ കറുത്തവന് വെളുത്തവനെക്കാളോ ഒരറബിക്ക് അനറബിയേക്കാളോ അനറബിക് അറബിയേക്കാളോ യാതൊരു ശ്രേഷ്ഠതയും ഇല്ല. മനസിന്റെ വിമലീകരണം കൊണ്ടല്ലാതെ'. ഒരൊറ്റ ശരീരം (നഫ്‌സുൻ വാഹിദ) പോലെ മനുഷ്യർക്ക് ചേർന്ന് നിൽക്കാൻ കഴിയണം വ്രതത്തിലൂടെ. ശ്രീ നാരായണ ഗുരു പറഞ്ഞത് പോലെ "ഒരേയൊരാത്മരൂപം'. 

വിശുദ്ധ ഖുർആനിൽ പറയുന്നതും അത് തന്നെയാണല്ലോ "അല്ലയോ മനുഷ്യരേ, ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമത്രെ നാം നിങ്ങളെ സൃഷ്ടിച്ചിട്ടുള്ളത്. പിന്നെ നിങ്ങളെ സമുദായങ്ങളും ഗോത്രങ്ങളുമാക്കി; പരസ്പരം തിരിച്ചറിയേണ്ടതിന്. നിങ്ങളില്‍ ഏറ്റം ദൈവഭക്തിയുള്ളവരാകുന്നു, അല്ലാഹുവിങ്കല്‍ ഏറ്റം ഔന്നത്യമുള്ളവര്‍'.  മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്നവരാണ് ചരിത്രത്തിൽ ഇടം പിടിക്കുക. അവർക്ക് തന്നെയാണ് പരലോക ജീവിതത്തിൽ മോക്ഷം പ്രാപിക്കാനും സാധിക്കുക. ഏവർക്കും റമദാൻ ആശംസകളും സ്നേഹവും.

You might also like

Most Viewed