എന്തു­­­കൊ­­­ണ്ട് ? എന്തു­­­കൊ­­­ണ്ട് ? എന്തു­­­കൊ­ണ്ട് ?


എന്തുകൊണ്ട്? എന്ന ചോദ്യം നാം വളരെ വ്യാപകമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഒരു ചോദ്യമാണ്. എന്തുകൊണ്ട്? എന്ന ചോദ്യത്തിന് ഉത്തരം തേടിക്കൊണ്ടാണ് തത്ത്വചിന്ത എപ്പോഴും നീങ്ങിക്കൊണ്ടിരിക്കുന്നത്. ചിലപ്പോൾ അത് ഒരു ഉത്തരത്തിൽ എത്തിച്ചേരും. പക്ഷേ ആ ഉത്തരം എന്തുകൊണ്ട് എന്ന മറ്റൊരു ചോദ്യത്തിലേയ്ക്ക് നയിക്കും. ഈ ചോദ്യത്തിന് വേറൊരുത്തരം കണ്ടെത്തിയാലും വീണ്ടും എന്തുകൊണ്ട് എന്ന ചോദ്യം ഉയർന്നു വരും. അവസാനമില്ലാത്ത ചോദ്യങ്ങളുെട ഒരു പരന്പരയാണ് ഇത് സൃഷ്ടിക്കുക. ഓരോ ഉത്തരത്തിനും എന്തുകൊണ്ട് എന്ന ചോദ്യം തന്നെ ചോദിക്കപ്പെടും.

ശാസ്ത്രവും മതവും എന്തുകൊണ്ട് എന്ന് ചോദിക്കുന്നില്ല. എന്ത്? എന്ന് മാത്രമേ ചോദിക്കുന്നുള്ളൂ. സയൻസ് ഒരു അന്തിമ സ്ഥാനം ആകാത്തത് ഇതുകൊണ്ടാണ്. സയൻസ് ചോദിക്കുന്നു, എന്താണ് ജലം? ഉത്തരം ഉണ്ട്. ഹൈഡ്രജനും ഓക്സിജനും കൂടി ചേർന്ന് നിർമ്മിതമായതാണ്. ജലം ഉണ്ടാക്കാൻ ഹൈഡ്രജനും ഓക്സിജനും കൂടി ചേർന്നതെന്തു കൊണ്ട് എന്നും ചോദിച്ചാൽ സയന്റിസ്റ്റുകൾ പറയും തത്വചിന്തകരോട് ചോദിക്കാൻ. ആപ്പിൾ താഴോട്ട് (ഭൂമിയിലേക്ക്) വീഴുന്നതെന്തുകൊണ്ട് എന്ന് ചോദിച്ചാൽ ഉത്തരം പറയുക ഭൂമിയുടെ ഗുരുത്വാകർഷണം കൊണ്ട്. ഈ ഉത്തരം മറ്റൊരു എന്തുകൊണ്ട് എന്ന ചോദ്യത്തിലേക്ക് നയിക്കും. ഭൂമിയുടെ ഗുരുത്വാകർഷണം എന്തുകൊണ്ട്? അങ്ങനെ അവസാനമില്ലാത്ത ചോദ്യങ്ങളുടെ ഒരു പരന്പരയായി അത് തുടരും. 

സയൻസും മതവും പരസ്പരം വളരെ അടുത്തു നിൽക്കുന്നവയാണ്. സയൻസിന്റെ ശത്രു തത്വചിന്തയാണ്. സാധാരണയായി നാം ധരിക്കുന്നത് മതം ഒരു തത്വചിന്തയാണെന്നാണ്. മതം പരിപൂർണ്ണമായും തത്വചിന്തയില്ലാത്ത ഒന്നാണ്. മതവും ചോദിക്കുന്നത് എന്ത് എന്നാണ്? എന്തുകൊണ്ട് എന്നത് ചോദിക്കുന്നില്ല. കാരണം മതം അറിഞ്ഞിരിക്കുന്നത് എന്താണ് അസ്ഥിത്വം എന്നതിനുത്തരമുണ്ടെന്നും എന്തുകൊണ്ട് എന്ന ചോദ്യത്തിനുത്തരമില്ലെന്നും. എത്ര തന്നെ ഗവേഷണം നടത്തിയാലും എന്ത്, എങ്ങനെ,  എന്നീ ചോദ്യങ്ങൾക്ക് മാത്രമേ ഉത്തരം കണ്ടെത്താൻ കഴിയൂ. എന്തുകൊണ്ട് എന്നതിനുത്തരമില്ല.

എന്ത്? എന്ന ചോദ്യത്തിനുള്ള ഉത്തരത്തിന്റെ അടിസ്ഥാനത്തിലാണ് നമ്മുടെ പരീക്ഷണ ശാലകളിലെ ഗവേഷണം. ശാസ്ത്രജ്ഞരോട് ചോദിച്ചാൽ അവർ പറയുന്ന ഉത്തരം ഇങ്ങിനെയായിരിക്കും. ഞങ്ങൾ എത്രതന്നെ ഗവേഷണം നടത്തിയാലും ‘എന്ത്’ എന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താനേ ഞങ്ങൾക്ക് കഴിയുള്ളൂ. ഒരു ഉത്തരം അറിയുന്പോൾ എങ്ങനെ എന്നുള്ളതിന്റെ അടിസ്ഥാനത്തിലുള്ള പ്രക്രിയ ഞങ്ങൾക്ക് നിങ്ങളെ കാണിച്ചു തരാനാകും. 

ഹൈഡ്രജൻ ആറ്റങ്ങളും ഓക്സിജൻ ആറ്റങ്ങളും കൂടിച്ചേർന്നാണ് ജലം നിർമ്മിതമായിരിക്കുന്നതെന്ന് ഞങ്ങൾക്കറിയാം. ജലത്തിന്റെ ഘടനയും ഞങ്ങൾക്കറിയാം. എന്ത് എന്ന് ചോദ്യത്തിന്റെ അടിസ്ഥാനത്തിലാണ് സയൻസ് നിലകൊള്ളുന്നത്. പരീക്ഷണശാലകളിലെ ഗവേഷണം എങ്ങനെ എന്നതിന്റെ അടിസ്ഥാനത്തിലും.

എന്താണ് അസ്ഥിത്വം എന്ന ചോദ്യത്തിലാണ് മതവും അധിഷ്ഠിതമായിരിക്കുന്നത്. എന്തുകൊണ്ട് എന്ന ചോദ്യവുമായി മതത്തിനും ബന്ധമില്ല. എന്തുകൊണ്ട് എന്ന ചോദ്യം ചോദിക്കുന്നത് മനസ്സിന് സന്തോഷമുള്ള കാര്യമാണ്. ഇതേ ചോദ്യം ആവർത്തിച്ചുകൊണ്ടിരിക്കുവോളം മനസ്സ് ഒരിക്കലും തന്നെ ഇല്ലാതാവുന്നില്ല. അത് അപ്രത്യക്ഷമാവുന്നില്ല. അത് ഒടുങ്ങുന്നുമില്ല. അതിനാൽ എന്തുകൊണ്ട് എന്ന ചോദ്യം മനസ്സ് വീണ്ടും വീണ്ടും ചോദിച്ചുകൊണ്ടേയിരിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed