ഒരു ‘എമണ്ടൻ’ വിഡ്ഢിത്തം


വടക്കേ മലബാറുകാർക്ക് വളരെ പരിചിതമായ ഒരു വാക്കാണ്‌ ‘എമണ്ടൻ’ എന്നത്. ഭയങ്കരം, അടിപൊളി മുതലായ പ്രയോഗങ്ങൾക്ക് സമാനമായിട്ടാണ് ഇതുപയോഗിക്കുന്നത്. ഭൂലോക വിഡ്ഢിത്തം എന്നും നമുക്ക് പറയാവുന്നതാണ്. നമ്മുടെ പല ഭാഷാ ഉപയോഗവും പ്രയോഗത്തിലൂടെ സ്ഥാനം നേടിയവയാണ്. ഇവിടെ ഞാൻ പറയാൻ ഉദ്ദേശിക്കുന്നത് യഥാർത്ഥ ഭൂലോക വിഡ്ഢിത്തമാണ്. ഭൂമിയിൽ എല്ലാവരും നൂറ്റാണ്ടുകളായി പ്രയോഗിക്കുന്ന ഒരു വിഡ്ഢിത്തം. നാം സപ്തംബർ മാസത്തിലൂടെയാണ് കടന്നുപോകുന്നത്. എന്താണ് ‘സപ്തംബർ മാസം’ എന്നതിനർത്ഥം? സപ്തംബർ മാസം എന്നാൽ ഏഴാമത് മാസം. ‘Septem’ എന്നാൽ ഏഴ് (സപ്ത എന്ന സംസ്കൃതം വാക്കിൽ നിന്ന് രൂപപ്പെട്ടത്) പക്ഷേ സപ്തംബർ എന്നത് ഒന്പതാം മാസമാണ്. ‘Octo’ എന്നാൽ എട്ട്, ഇതെല്ലാം ലാറ്റിൻ നാമങ്ങളാണ്. (അഷ്ട എന്ന സംസ്കൃത പദത്തിൽ നിന്നും രൂപമെടുത്തു). ‘Navem’ എന്നാൽ ഒന്പത് (നവം എന്ന സംസ്കൃത പദത്തിൽ നിന്നും രൂപമെടുത്തത്). ‘Decem’ എന്നാൽ പത്ത് (ദശം എന്ന സംസ്കൃത പദത്തിൽ നിന്നും രൂപമെടുത്തു). എങ്ങനെയാണ് ലോകം മുഴുവനും ഒന്പതാമാത്തെ മാസത്തെ ഏഴാം മാസം എന്നും പത്താമത്തെ മാസത്തെ എട്ടാം മാസം എന്നും പതിനൊന്നാം മാസത്തെ ഒന്പതാം മാസമെന്നും പന്ത്രണ്ടാം മാസത്തെ പത്താം മാസമെന്നും വിളിക്കുന്നത്? ലോകം മുഴുവൻ തുടരുന്ന ഈ വിഡ്ഢിത്തത്തെ എമണ്ടൻ വിഡ്ഢിത്തം അഥവാ ഭൂലോക വിഡ്ഢിത്തം എന്നല്ലേ പറയാൻ പറ്റൂ.

യഥാർത്ഥ റോമൻ കലണ്ടർ 10 മാസം മാത്രമായിരുന്നു. വർഷം ആരംഭിച്ചിരുന്നത് മാർച്ച് മാസത്തിലായിരുന്നു. 1. Matius (march), 2. Aprilis (april), 3. Marius (may), 4. Junius (june), 5. Quintilis (july), 6. Sextilis (august), 7. September, 8. October, 9. November 10.December. Numa Pompilius എന്ന റോമാരാജാവ് 700 ബി.സിയിൽ രണ്ട് മാസങ്ങൾ കൂട്ടിച്ചേർത്തു. Januarius (January), Februarius (February). അദ്ദേഹം വർഷാരംഭം മാർച്ചിൽ നിന്ന് ജനുവരിയിലേക്ക് മാറ്റി. 46 ബിസിയിൽ Julius Ceasar റോമൻ കലണ്ടർ പരിഷ്കരിച്ചു (ജൂലിയൻ കലണ്ടർ). പല മാസങ്ങളുടെ ദിവസങ്ങളുടെ എണ്ണവും മാറ്റി. ‘Quintilis’ എന്ന അഞ്ചാം മാസത്തെ മാറ്റി തന്റെ പേര് നൽകി ‘July’ എന്ന് പേരിട്ടു. ‘Sextilis’ എന്ന ആറാമത്തെ മാസത്തെ Augustus Ceasar അദ്ദേഹത്തിന്റെ പരിഷ്കരണ ഭാഗമായി august എന്നാക്കി. പക്ഷെ ഒന്പതാം മാസത്തിനു ഏഴാം മാസം എന്നും പത്താമത്തെ മാസത്തെ എട്ടാം മാസം എന്നും പതിനൊന്നാം മാസത്തെ ഒന്പതാം മാസമെന്നും പന്ത്രണ്ടാം മാസത്തെ പത്താം മാസമെന്നും നൂറ്റാണ്ടുകളായി പോയ ജനത മുഴുവനും വിളിച്ചു കൊണ്ടിരുന്നു. അത് മാറ്റാൻ ഇന്നേ വരെ ആർക്കും സാധിച്ചില്ല. നാം തലമുറകളായി ഈ എമണ്ടൻ വിഡ്ഢിത്തം തുടരുന്നു. 

ഇനി ‘എമണ്ടൻ’ എന്ന വാക്കിന്റെ ചരിത്രം കൂടി. ഒന്നാം ലോക മഹായുദ്ധ കാലത്ത് ഇംഗ്ലീഷുകാരും സഖ്യവും ഒരു വശത്തും ജർമ്മനിയും സഖ്യവും മറുവശത്തുമായിരുന്നല്ലോ? ബ്രിട്ടീഷ് കപ്പലുകളെ തകർക്കുക എന്ന ലക്ഷത്തോടെ ‘എസ്.എം.എസ്.എംഡൻ’ എന്ന ജർമ്മൻ പടക്കപ്പൽ ചൈനയുടെ തീരത്തെത്തി. ജർമ്മനിയിലെ ‘എംഡൻ’ എന്ന സ്ഥലത്തെ ജനങ്ങൾ സ്പോൺസർ ചെയ്തത് കൊണ്ടാണ് ‘എംഡൻ’ എന്ന പേര് വന്നത്. 1910ലാണ് ‘എംഡൻ’ കപ്പൽ ജർമ്മൻ കപ്പൽ പടയിലേയ്ക്ക് വന്നത്. ചൈനയുടെ തീരമായിരുന്നു ആദ്യം എംഡന്റെ പ്രവർത്തനരംഗം, പിന്നീടത് ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് മാറി. ‘എംഡൻ’ എന്ന ജർമ്മൻ കപ്പലിനെ തിരിച്ചറിയുക പ്രയാസമായിരുന്നു. അന്ന് ബ്രിട്ടീഷ് കച്ചവടക്കപ്പലുകളെ അനുഗമിച്ചിരുന്ന ബ്രട്ടീഷ് പടക്കപ്പലായിരുന്നു ‘HMS യാർമൊത്ത്’. ‘എംഡൻ’ കപ്പലിന്റെ ബുദ്ധിമാനായ ക്യാപ്റ്റൻ മുള്ളർ തന്റെ കപ്പലിന് നാലാമതൊരു പുക കുഴൽ കൂടി ഘടിപ്പിച്ചു. അതിൽ ‘HMS യാർമൊത്ത്’ എന്നെഴുതി പിടിപ്പിച്ചിരുന്നു. അതിനാൽ അടുത്ത് വന്നാലേയാർമൊത്ത് അല്ല ‘എംഡൻ’ ആണെന്ന് മനസിലാവുകയുള്ളൂ. അപ്പോഴേക്കും എല്ലാം സംഭവിച്ചിരിക്കും.

കോഴിക്കോട്ടുകാരും എംഡനെ പേടിച്ചിരുന്നു. കോഴിക്കോട്ടു നിന്ന് കപ്പലെടുക്കാൻ അക്കാലത്ത് കപ്പിത്താൻമാർ തയ്യാറായിരുന്നില്ല. ഇതിനൊരു കാരണം ‘എംഡൻ’ ലക്ഷദ്വീപിലെത്തിയതായിരുന്നു. എംഡനെ കരുതിയിരിക്കണം എന്നൊരു കന്പി സന്ദേശം ബോംബെ ആസ്ഥാനത്ത് നിന്ന് കോഴിക്കോട് ഭരണകൂടത്തിനു അയച്ച രേഖ കോഴിക്കോട് ആർകൈവ് സിൽ ഇപ്പോഴുമുണ്ട്. ഈ ‘എംഡൻ’ കപ്പലിനോടുള്ള ഭയമോ ആരാധനയോ ആണ് മലബാറിലെ ‘എമണ്ടൻ’ പ്രയോഗത്തിനടിസ്ഥാനം. ഇവിടെ ഇപ്പോഴും എംഡന്റെ ഭാഗങ്ങൾ പ്രദർശനത്തിനു വെച്ചിട്ടുണ്ട്.

You might also like

  • Straight Forward

Most Viewed