ഇന്ത്യയിലെ വംശീയ വിരോധം : അമേരിക്കയിലെ ഒരു കറുത്ത വർഗക്കാരൻ വിശദീകരിക്കുന്നു


പ്രാചീന കാലം മുതൽക്കേ മനുഷ്യർ ഭൂമിയിലെ മറ്റിടങ്ങളെയും അവിടങ്ങളിലെ മനുഷ്യരെയും അവരുടെ ജീവിതങ്ങളെയും തേടി ദേശാന്തരങ്ങളിലേക്കു യാത്ര ചെയ്തിരുന്നു. ആ സഞ്ചാരികൾ പറഞ്ഞ കഥകൾക്ക് മേലെ നാം നമ്മുടെ ചരിത്രത്തെ തന്നെ കണ്ടെടുക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നിഗമനങ്ങൾക്ക് ഉപോത്ബലകമായി സഞ്ചാരികളുടെ യാത്രാക്കഥകളുടെ എഴുതപ്പെട്ട വാക്കുകളിൽ നമ്മുടെ അന്വേഷണങ്ങൾ ചെന്ന് നിന്നതിന്റെ കാരണങ്ങൾ അവയിൽ പ്രതീക്ഷിക്കുന്ന ആധികാരികതയും സഞ്ചാരികൾ പുലർത്തുന്ന നൈതികതയുമാണ്. ആഗോള വൽകൃതമായ നമ്മുടെ കാലം പുതിയ സഞ്ചാരങ്ങളാണ് ആവശ്യപ്പെടുന്നത്. അത് ഉണ്മ തേടിയിറങ്ങുന്ന അർത്ഥാന്വേഷിയുടെതോ കുടിയേറ്റം ലക്ഷ്യമാക്കി അന്യദേശത്തെക്കു പോകുന്ന സഞ്ചാരിക്കൂട്ടത്തിന്റെതോ അല്ല. പകരം അഞ്ചു ഭൂഖണ്ധങ്ങളിലേക്കും പടർന്നു വ്യാപിച്ച പുതിയ കാൻവാസിൽ എഴുതപ്പെട്ട തൊഴിൽ മേഖലയുടെയും നിർമ്മാണ വിപണി മേഖലകളുടെയും അതിരുകളിലേക്കുള്ള ഔദ്യോഗിക യാത്രകൾ. അതിനു അനുബന്ധമായി വളർന്നു വന്ന വിനോദ പര്യടന യാത്രകൾ. ഓരോ രാജ്യത്തെയും അവിടുത്തെ മനുഷ്യരുടെ ജീവിതങ്ങളെയും ഇന്ന് ആഗോളമായി ശ്രദ്ധിക്കപ്പെടുകയും വിലയിരുത്തപ്പെടുകയും ചെയ്യുന്നു. ആയിരക്കണക്കിന് സംവത്സരങ്ങളായി നാം പുലർത്തുകയും നിലനിറുത്തുകയും ചെയ്തു പോരുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസ പ്രമാണങ്ങളും നമ്മുടെ മൂല്യബോധവും ഇപ്പോൾ നമുക്കിടയിൽ കലർന്നു ജീവിക്കുന്ന പരദേശി വിലയിരുത്തുന്നു. നമ്മൾ അന്യരാജ്യങ്ങളിൽ അതുതന്നെ ചെയ്യുന്നു. ലോകത്തിന്റെ എല്ലാ ഭാഗങ്ങളും പുലർത്തുന്ന മൂല്യബോധവും രാഷ്ട്രീയ ചിന്തയും നിരന്തരം വിശകലനം ചെയ്യപ്പെടുകയും വിധിയെഴുതപ്പെടുകയും ചെയ്യുന്നു.

വംശീയതയും വംശസ്പർദ്ധയും നമ്മുടേതല്ല അത് ഹിറ്റ്‌ലറുടെ ജർമ്മനിയിലും കറുത്ത മനുഷ്യരെ അടിമകളാക്കിയിരുന്ന വെള്ളക്കാരുടെ അമേരിക്കയിലും മുന്പ് പ്രത്യക്ഷത്തിൽ നിലനിന്നിരുന്നതാണ്. ഇപ്പോൾ ജീവിതങ്ങളുടെ പൂമുഖങ്ങളിൽ നിന്ന് പിൻവലിഞ്ഞു പിന്നാംപുറങ്ങളിലേക്കു ഒതുങ്ങിയ സാമൂഹ്യ തിന്മകളാണവയെന്ന പൊതുവിശ്വാസമാണ് ഇന്ത്യയിൽ പ്രബലമായിരിക്കുന്നത്. നമ്മുടെ ജാതി ആചാരങ്ങളിലെ സവിശേഷമായ ശ്രേണിയും ഘടനയും അഭിജാത കീഴാള ജന്മങ്ങളുടെ അവസ്ഥകളും ഇന്ന് ആഗോള പൗരൻ കൂടി കയറി നിൽക്കുന്ന ഇടമായി പരിണമിച്ചിരിക്കുന്നു. ദേശത്തിന്റെ തനതു ശുദ്ധാശുദ്ധ ബോധങ്ങളുടെ കള്ളികളിൽ ഒളിപ്പിച്ചു വെച്ചുകൊണ്ട് പ്രാർത്ഥനാ വേളകളിലെ കേവലമായ ജാത്യാചാരമാണെന്നു പറഞ്ഞു മാറ്റി വെയ്ക്കുവാൻ ഇനിമേൽ സാദ്ധ്യമല്ല. നമ്മുടെ സവിശേഷമായ ജാതി ബോധത്തെ തങ്ങളെക്കൂടി ബാധിക്കുന്ന കാര്യമായിക്കണ്ടു പുറംലോകം അപഗ്രഥിക്കുന്നു. അപര-−പ്രതി സംസ്കാര വാർത്തകളുടെ ഇന്റർനെറ്റിലെ പ്രമുഖമായ ഒരു ഉറവിടമാണ് ബൊഡഹബ് (bodahub). വംശവെറി വിഷയത്തിൽ ഇന്ത്യൻ സമൂഹത്തിന്റെ മനോഭാവം അപരിഷ്കൃതമെന്നാണ് വിദേശ നിരീക്ഷണമെന്ന് ബൊഡഹബ് പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പരിഭാഷയാണ് ചുവടെ. 

സ്വീഡൻകാരായ രണ്ടു ധന ശാസ്ത്രജ്ഞർ നടത്തിയ ഒരു പഠനത്തിൽ ഭൂമിയിൽ കാണപ്പെടുന്ന വംശീയ വിരോധ പ്രവണതകളുടെ അടിസ്ഥാനത്തിൽ നിറങ്ങൾ നൽകി തയ്യാറാക്കിയ ഭൂപടം 2013 ൽ വാഷിംഗ്ടൺ പോസ്റ്റ് ദിനപത്രം പുറത്തിറക്കുകയുണ്ടായി.

പഠനം വളരെ ലളിതമായിരുന്നു: അയൽക്കാരൻ മറ്റൊരു വംശത്തിലേതാണെങ്കിൽ പ്രശ്നമുണ്ടോയെന്നു അവർ ആളുകളോടു ചോദിച്ചു. ഇതര വംശീയരോടുള്ള അസഹിഷ്ണുത 40 ശതമാനത്തിനു മേൽ കണ്ടത് രണ്ടു രാജ്യക്കാരിൽ മാത്രമാണ്. 43.5 ശതമാനത്തിൽ ഇന്ത്യയും 51.4ൽ ജോർദ്ദാനും.

അതിനുശേഷവും വിഷയത്തിന്റെ പ്രസക്തി വർദ്ധിക്കുകയായിരുന്നു. ഞങ്ങൾ ഇതിനു മുന്പും എഴുതിയിട്ടുള്ളത് പോലെ, കറുത്ത ചർമ്മത്തിന്റെ സൗന്ദര്യത്തെ പ്രശംസിക്കുകയെന്ന ലക്ഷ്യത്തിൽ ബോളിവുഡിലെ അഭിനേതാക്കൾ പ്രസ്ഥാനങ്ങൾ സമാരംഭിക്കുകയും രാഷ്ട്രീയ നേതാക്കൾ ആവർത്തിച്ചു പ്രസംഗിക്കുകയും ചെയ്തു. എന്നാൽ വംശീയ സ്പർദ്ധയുടെ പ്രേരണയാൽ ആഫ്രിക്കക്കാരെ ഭീകരമായി ആക്രമിക്കുന്ന സംഭവങ്ങൾ കഴിഞ്ഞ വർഷം പോലും ഉണ്ടായി. 

ലോകത്തിൽ ഏറ്റവും വംശീയ സ്പർദ്ധ പ്രകടിപ്പിക്കുന്ന രാജ്യം ഏതെന്നു അടുത്തിടെ ഖ്വോറയിൽ (Quora-ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കുമായുള്ള വെബ്സൈറ്റ്-ലേഖകൻ) വന്ന ഒരു ചോദ്യത്തിനു ഡേവി അദലി എന്ന അമേരിക്കക്കാരൻ എഴുതിയ ഉത്തരം രൂക്ഷവും ദുഃഖം ജനിപ്പിക്കുന്നതുമാണ്‌.

“ഐ.ടി രംഗത്ത് പ്രവർത്തിക്കുന്ന ഒരു ആഫ്രിക്കൻ അമേരിക്കനാണു ഞാൻ (കറുത്ത വർഗ്ഗക്കാരനായ അമേരിക്കക്കാരൻ-ലേഖകൻ). അക്കാരണത്താൽ പടിഞ്ഞാറൻ യൂറോപ്പിൽ ഉടനീളവും കിഴക്കൻ യൂറോപ്പിന്റെ ഭാഗങ്ങളിലും ഏഷ്യയിലെ നിരവധി രാജ്യങ്ങളിലും സഞ്ചരിക്കുവാനും യാത്ര ചെയ്യുവാനും എനിക്കു ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലും മിക്കവാറും എല്ലാ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലും എന്ന പോലെ തായ്‌വാൻ, കൊറിയ, ജപ്പാൻ, മലേഷ്യ, തായ്ലാന്റ്, ഇൻഡോനേഷ്യ, ഫിലിപ്പൈൻസ് തുടങ്ങി ഇന്ത്യയുൾപ്പെടെ മറ്റനവധി ഏഷ്യൻ രാജ്യങ്ങളിലും ഞാൻ താമസിക്കുകയോ സഞ്ചരിക്കുകയോ ചെയ്തിട്ടുണ്ട്.

വംശീയ വിരോധത്തിന്റെ ശ്രേണി കണക്കാക്കിയാൽ ഞാൻ സഞ്ചരിച്ച രാജ്യങ്ങളിൽ ഏറെ ഉയർന്ന സ്ഥാനത്താണു ഇന്ത്യയെന്നാണു എന്റെ വിനീതമായ അഭിപ്രായം. ഇന്ത്യക്കാരുടെ അസഹിഷ്ണുതയോളം വലുതല്ല അവരുടെ വംശീയ സ്പർദ്ധ. മറ്റൊരു രാജ്യത്തിൽ വെച്ചും ഞാൻ ഒരിക്കലും നേരിട്ടിട്ടില്ലാത്ത അളവിലാണ് ഇന്ത്യക്കാർ അവരുടെ തന്നെ സഹപൗരന്മാരോടു വിവേചനം കാട്ടുന്നത്. ഈ ലോകത്തിൽ ഞാൻ കണ്ടുമുട്ടിയ ഏതൊരു ജനതയെക്കാളും വർണ്ണബോധത്തിന്റെ അടിമകളാണ് ഇന്ത്യക്കാർ. തൊലി വെളുപ്പിക്കുവാനുള്ള വിവിധ തരം ക്രീമുകൾ സോപ്പുകൾ ലോഷനുകൾ തുടങ്ങിയവയുടെ പരസ്യങ്ങൾ ഇത്രമാത്രം നിറഞ്ഞിരിക്കുന്നത്‌ അതു മൂലമാണെന്നതിനു യാതൊരു സംശയവുമില്ല. നിങ്ങൾ നൂറു ശതമാനവും ഇന്ത്യക്കാരൻ തന്നെ ആയിരുന്നാലും നിങ്ങളുടെ തൊലിയുടെ നിറം, നിങ്ങൾ സംസാരിക്കുന്ന ഭാഷ, നിങ്ങളുടെ ജന്മ ദേശം, നിങ്ങളുടെ മതം, നിങ്ങളുടെ ജാതി തുടങ്ങി ഒരുപാടു കാാരണങ്ങളിന്മേൽ നിങ്ങളുടെ സഹപൗരന്മാരായ ഇന്ത്യക്കാർ തന്നെ നിങ്ങളോട് വിവേചനം കാണിച്ചേക്കാം.

ഇന്ത്യയിൽ കുറച്ചു കാലം ജീവിക്കേണ്ടി വരുന്ന നിങ്ങളിൽ ആഫ്രിക്കൻ വംശ പരന്പര പ്രകടമാണെങ്കിൽ, കറുത്ത അമേരിക്കക്കാരൻ ആണെങ്കിൽ പോലും, ജീവിതം ഇന്ത്യയിൽ വളരെ വളരെ കഠിനമാണെന്നു നിങ്ങൾ അറിയും. യാതൊരു കൂസലുമില്ലാതെ നിങ്ങളുടെ മുഖത്തു നോക്കി വംശീയ വിരോധം പ്രകടിപ്പിക്കുവാൻ ഇന്ത്യക്കാർക്ക് കഴിയും. ആഫ്രിക്കൻ വംശജരായ ഞങ്ങളോടുള്ള അതേ അളവിൽ തന്നെയാണ് തൊലി വെളുപ്പുള്ള ഇന്ത്യക്കാർ ഇരുണ്ട തൊലിയുള്ള ഇന്ത്യക്കാരെത്തന്നെ മിക്കപ്പോഴും വെറുക്കുന്നത് എന്ന കാര്യം എടുത്തു പറയുവാൻ എന്റെ ഔചിത്യ ബോധം പ്രേരിപ്പിക്കുന്നു. കൂടാതെ, ഉത്തരേന്ത്യക്കാരുടെയും ദക്ഷിണേന്ത്യക്കാരുടെയുമിടയിലും വിദ്വേഷം വേണ്ടുവോളമുണ്ട്.

യൂറോപ്പ്, അമേരിക്ക, കാനഡ, ഒാസ്ട്രേലിയ പശ്ചിമേഷ്യ എന്നിവിടങ്ങളിൽ എന്തിനു ആഫ്രിക്കയിൽ പോലും അനുഭവിക്കേണ്ടി വരുന്ന അസഹിഷ്ണുതയെയും വംശ വിരോധത്തെയും കുറിച്ചു തോരാതെ പരാതിപ്പെടുന്നവരാണു രാജ്യത്തിനു വെളിയിൽ കഴിയുന്ന ഇന്ത്യക്കാർ. ഇതേ ആളുകൾ തന്നെ സൗകര്യപൂർവം മറന്നു കളയുന്ന യാഥാർത്ഥ്യമാണ് സ്വന്തം നാട്ടുകാരോടും മറ്റു ഏഷ്യക്കാരോടും ആഫ്രിക്കൻ വംശജരോടും മനോവൈകല്യ സമാനമായ ഇതര വർഗ്ഗ ദ്വേഷം പ്രകടിപ്പിക്കുവാൻ ഇന്ത്യക്കാർക്കു കഴിയുമെന്നത്. അമൃത്്സറിലെ എന്റെ ഉറ്റ ചങ്ങാതിമാരിൽ ഒരാളായിരുന്നു ഞാൻ ആദ്യം ചൈനക്കാരനെന്നു തെറ്റിദ്ധരിച്ച ഗ്യാൻ എന്ന പേരിലെ നേപ്പാൾ സ്വദേശി. അയാൾ വെറുക്കുന്ന ‘ചിങ്കി’ അല്ലെങ്കിൽ ‘ബഹദൂർ’ എന്നെല്ലാമാണ് ഇന്ത്യക്കാർ അയാളെ അവജ്ഞയോടെ വിളിച്ചിരുന്നത്. ചൈനക്കാരുടെ സഹജമായ മുഖ ഘടന പേറുന്ന ഉത്തര പൂർവ സംസ്ഥാനങ്ങളിലെ ഇന്ത്യൻ പൗരന്മാരെ ‘ചിങ്കികൾ’ എന്ന് ഇകഴ്ത്തിയാണു പരാമർശിക്കുന്നത് എന്നതാണ് വസ്തുത.

ഐ.ടി രംഗത്ത് എനിക്ക് അമേരിക്കയിലെ കറുത്ത വർഗ്ഗക്കാരനായ ഒരു ഉറ്റ ചങ്ങാതിയുണ്ട്. ടെറൻസ്‌ എന്നാണു പേര്. നിശ്ചയദാർഢ്യവും സ്വാതന്ത്ര്യ ബോധവും ഉള്ള ഭാര്യ രേഖ ഗുജറാത്തി ജൈന മതക്കാരായ രക്ഷകർത്താക്കളുടെ മകളാണ്. രേഖയ്ക്കു ഏഴു വയസ്സുള്ളപ്പോൾ അവർ അമേരിക്കയിൽ എത്തിയതാണ്. കോളേജ് പഠനത്തിനിടയിൽ കണ്ടുമുട്ടിയ അവർ വിവാഹിതരായിട്ടു ഇപ്പോൾ പത്തു വർഷത്തിനു മേലെയായി. മൂന്നു കുട്ടികളുണ്ട്, മൂന്നു പേർക്കും രേഖയുടെ ഗുജറാത്തിലെ ബന്ധുക്കൾ വെറുക്കുന്ന ഇരുണ്ട ദേഹ പ്രകൃതിയും ചുരുണ്ട മുടിയുമാണ്. രേഖ തന്റെ കുഞ്ഞുങ്ങളുമായി ആദ്യമായി ഗുജറാത്തിൽ ചെന്നപ്പോൾ ബന്ധുക്കൾ കുഞ്ഞുങ്ങളെ മിക്കപ്പോഴും തികഞ്ഞ അവജ്ഞയോടെ ‘കാപ്പിരികൾ’ എന്നോ ആഫ്രിക്കക്കാർ എന്നോ വിളിച്ചു. രേഖയ്ക്കു ഒടുവിൽ മതിയായി. പ്രത്യേകിച്ചും തങ്ങളെക്കുറിച്ചു എന്താണു പറയുന്നതെന്നു കുട്ടികൾക്ക് മനസ്സിലാകുവാൻ തുടങ്ങിയിരുന്നു. അവഹേളിക്കുന്ന ബന്ധുക്കൾക്ക് രേഖ ഇങ്ങിനെ അന്ത്യ ശാസനം നല്കി. “എന്റെ കുഞ്ഞുങ്ങളോടു ശരിയായി പെരുമാറുക അല്ലെങ്കിൽ എന്റെ ജീവിതത്തിൽ ഇടപെടാതെ പോവുക”.

ഹ്രസ്വ സന്ദർശനങ്ങൾക്ക് ഇന്ത്യ ഒരു മഹത്തായ രാഷ്ട്രമാണ്. കാരണം ആ രാജ്യം അനന്തമായി ഹഠാദാകർഷിക്കുന്നതാണ്. കഠിനമായ പൊരുത്തമില്ലായ്മകളുടെ നാട് എന്നാണു ഒരു അമേരിക്കൻ പത്ര പ്രവർത്തകൻ ഒരിക്കൽ വിശേഷിപ്പിച്ചത്. അത് തന്നെയാണ് ഇന്ത്യയെ അത്രമാത്രം സഞ്ചാരത്തിനു അനുകൂലമായ സ്ഥലമാക്കുന്നത്.

നേരിട്ടുള്ള ഐ.ടി പരിശീലനവുമായി ബന്ധപ്പെട്ട് ഇന്ത്യയിലേക്കു പോകുന്നതിനായി ചില കറുത്ത അമേരിക്കക്കാർ എന്റെ ഉപദേശം തേടിയിട്ടുണ്ട്. എന്റെ സ്ഥിരം ഉപദേശം ഇങ്ങിനെയാണ്‌. യാതൊരു കൂസലും കൂടാതെ വംശവെറി കാണിക്കുമെന്നു പ്രതീക്ഷിക്കുക കാരണം ഇന്ത്യക്കാർ സ്വന്തം നാട്ടുകാർ ഉൾപ്പെടെ ഇരുണ്ട തൊലിയുള്ളവരെ വെറു ക്കുന്നവരാണ്. നിങ്ങൾ ആഫ്രിക്കൻ വംശാവലിയിൽ ഉള്ളവനെങ്കിൽ അതിനെക്കാൾ വഷളായതു പ്രതീക്ഷിക്കാം. താമസക്കാര്യത്തിൽ ഏറെ നാൾ ഹോട്ടലിൽ കഴിയുവാൻ ഒരുങ്ങിക്കൊള്ളുക. അന്നാട്ടുകാരനാണെങ്കിൽ പോലും ഉണ്ടെന്നു കണ്ടെത്തുന്ന വീടു താമസത്തിനു കിട്ടുന്നതു ദുഷ്കരമായേക്കാം. കാരണം പ്രദേശത്തിന്റെയും ഭാഷയുടെയും മതത്തിന്റെയും ജാതിയുടെയും പേരിൽ സ്വന്തം നാട്ടുകാരോടു പോലും വിവേചനം കാട്ടുന്നവരാണു വീട്ടുടമകൾ. ഇരുണ്ട ചർമ്മത്തെ വെറുക്കുന്ന ഒരു സംസ്കാരത്തിൽ കറുത്ത വർഗക്കാരനായതിനാൽ താങ്കൾക്കു ഇരട്ട ശാപമായിരിക്കും നേരിടേണ്ടി വരിക. ജനങ്ങൾ സ്വാഭാവികമായി വെള്ളത്തൊലിയുള്ളവരെ ബഹുമാനിക്കുന്നവരായതിനാൽ നിങ്ങൾ ഒരു വെള്ളക്കാരനോ കൊക്കേഷ്യനോ ആണെങ്കിൽ എല്ലാം ഭദ്രമായിരിക്കും. വെള്ളക്കാരായ വിദേശികൾക്കായി സ്വന്തം നാട്ടുകാരോടു അവർ വിവേചനം ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്.

ഇത് ഇന്ത്യാവിരുദ്ധമായ വെറും ഒച്ച വെയ്ക്കലല്ല മറിച്ചു എന്റെ അനുഭവങ്ങളും നിരീക്ഷണങ്ങളുമാണ്.

മനഃപൂർവമല്ലാതെ ഞാൻ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കിൽ എന്റെ മുൻകൂർ മാപ്പപേക്ഷയിതാ....

 

(ഈ ലേഖകനും അതാവർത്തിക്കുന്നു)

 

You might also like

Most Viewed