ശരിക്കോളത്തിലിരുന്ന് ചിരിക്കുന്നവർ...


അപകടങ്ങൾ‍ സ്വന്തം നിഴലുകൾ‍ക്ക് പിന്നിലും പതിയിരിക്കും. ഒരു സന്ധ്യയിൽ‍ ഇരുകരകളെ ബന്ധിപ്പിക്കുന്ന പാലം വലിയ ശബ്‌ദത്തോടെ തകർ‍ന്നു വീണു. കാൽ‍നടക്കാരായ രണ്ട് ജീവനുകൾ‍ പൊലിഞ്ഞത് നാടിന്റെ സങ്കടമായി. ആ സമയത്തവർ‍ പാലത്തിലുണ്ടായിരുന്നത് ദൗർ‍ഭാഗ്യകരമായിപ്പോയി. അമ്മയ്‌ക്കു മരുന്നു വാങ്ങാൻ പോയ യുവതിയും റേഷൻകടയിൽ‍ മണ്ണെണ്ണയ്‌ക്കു പോയ യുവാവുമാണ്‍ അപകടത്തിൽ‍ പെട്ടത്. ഇരുവരുടെയും കുടുംബങ്ങൾ‍ക്ക് സർ‍ക്കാർ‍ പ്രഖ്യാപിച്ച നഷ്‌ടപരിഹാരം വേഗത്തിൽ‍ കിട്ടി.

മരിക്കാൻ തക്ക ഉലച്ചിലൊന്നും അവരുടെ ജീവിതത്തിൽ‍ സംഭവിച്ചിരുന്നില്ലെങ്കിലും അവർ‍ മരിക്കാനായി വീടുകളിൽ‍ നിന്നും പുറപ്പെട്ടവരായിരുന്നു. ഒരു ദുർ‍ബലനിമിഷത്തിൽ‍ അവർ‍ ചേർ‍ന്നങ്ങ് തീരുമാനിക്കുകയായിരുന്നു. പാലത്തിൽ‍ നിന്നും വെള്ളത്തിൽ‍ ചാടി അതിൽ‍ ലയിക്കുകയായിരുന്നു പദ്ധതി. പറയാനുള്ളതൊക്കെ പറഞ്ഞു തീർ‍ത്ത്, നമുക്കിനിയും പരലോകത്തിൽ‍ വെച്ച് കാണാമെന്നു വാക്കും പറഞ്ഞ് ചാടാനൊരുങ്ങിയെങ്കിലും വെള്ളത്തിന്റെ ഇരുണ്ട ആഴങ്ങളിൽ‍ കണ്ണുടക്കി ഇരുവരുടെയും കൈകാലുകൾ‍ വിറച്ചു. അവസാനത്തെ പ്രാർ‍ത്ഥന തെല്ലുറക്കെ ചൊല്ലിയിട്ടും മരിക്കാനുള്ള ധൈര്യം കിട്ടിയില്ല. എന്നാൽ‍ മരിക്കേണ്ട ഒരു പുതിയ ജീവിതത്തിലേക്ക് തിരിച്ചു നടക്കാം എന്നുറച്ചപ്പോഴാണ്‍ പാ‍‍ലം തകർ‍ന്നവർ‍ക്ക് മരിക്കാനായത്. അവരുടെ പ്രാർ‍ത്ഥന ദൈവം കേട്ടതാണെന്ന് വിശ്വാസികൾ‍ക്ക് സാക്ഷി പറയാം. സ്വന്തം കൈപ്പടയാൽ‍ എഴുതി, അവരവരുടെ വീടുകളിൽ‍ സൂക്ഷിച്ച ആത്മഹത്യാകുറിപ്പിൽ‍ നിന്നുമാണ്‍ ഇതൊക്കെ ഊഹിച്ചെടുത്തത്. മരിച്ചവരെക്കുറിച്ച് നല്ലതെ പറയാവൂ. അതുകൊണ്ട് കത്ത് പുറത്തു വരികയോ വേണ്ടാത്ത കഥകൾ‍ പ്രചരിക്കുകയോ ചെയ്‌തില്ല.

ഇനിയും ഇങ്ങനെയൊരു അപകടം ഉണ്ടാകാൻ പാടില്ല. ആ അപകടത്തിലേക്ക് നയിച്ച കാരണങ്ങൾ‍ അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തി ശിക്ഷ വാങ്ങി കൊടുക്കാനുറച്ചാണ്‍ സമരസമിതി രൂപം കൊണ്ടതും വിവിധ സമരമാർ‍ഗ്ഗങ്ങൾ‍ സംഘടിപ്പിച്ചതും. സമരസമിതി‌ക്ക് നേതൃത്വം കൊടുത്തത് നഗരത്തിലെ കോളേജിലൊക്കെ പോയി പഠിച്ചിട്ടുള്ള രണ്ട് യുവാക്കളായിരുന്നു. ഏതൊരപകടം ഉണ്ടായാലും അതിനു പിന്നിലൊരു കാരണം ഉണ്ടാകും. കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കേണ്ടതാവശ്യമാണ്‍. ഈ പാലത്തിനധികം പഴക്കമൊന്നും ഉണ്ടായിരുന്നില്ല. ഈ സർ‍ക്കാരിന്റെ കാലത്തു തന്നെയാണ്‍ പണി പൂർ‍ത്തിയായതും ശിലാഫലകം വെച്ച് ഉദ്‌ഘാടനം നടത്തിയതും. 

ജനങ്ങളുടെ വളരെ നാളത്തെ ആവശ്യം പരിഗണിച്ചാണ്‍ എം.എൽ‍.എ ഫണ്ടിൽ‍ നിന്നും പാലത്തിന്‍ തുകയനുവദിച്ചത്. ഏതു തുകയുടെയും ഒരു വിഹിതം അദ്ദേഹത്തിന്‍ അവകാശപ്പെട്ടതാണ്‍. ഇങ്ങനെ സ്വരൂപിക്കുന്ന പ്രവർ‍ത്തനഫണ്ടു കൊണ്ടാണ്‍ പാർ‍ട്ടിയെയും ജനാധിപത്യ പ്രവർ‍ത്തനങ്ങളെയും മുന്നോട്ടു കൊണ്ടു പോകുന്നതെന്ന് ആർ‍ക്കാണറിയാത്തത്. ഇതിനെ കൈക്കൂലിയെന്നൊന്നും പറയാൻ‍ പറ്റില്ല. ആ ബഹുമാന്യനെ ശരിയുടെ കോളത്തിലേക്ക് മാറ്റി നിർ‍ത്തി. ജീവകാരുണ്യ പ്രവർ‍ത്തനങ്ങൾ‍ക്കൊക്കെ അറിഞ്ഞ് സംഭാവന നൽ‍കുന്ന കോൺ‍‌ട്രാക്‌ടറും മറ്റ് ഇടപാടുകാരും എന്നും ശരിയുടെ കോളത്തിലാണ്‍. അന്യായമായി സന്പാദിക്കുന്നതിൽ‍ നിന്നൊരു വിഹിതം ദൈവത്തിനോ ജീവകാരുണ്യ പ്രവർ‍ത്തനങ്ങൾ‍ക്കോ നാലാളറിയെ കൊടുത്താൽ‍ അവരുടെ പാപങ്ങളൊക്കെയും മോചിക്കപ്പെടും. പാലം പണിക്ക് ഉപയോഗിച്ച കന്പിയും സിമെന്റുമൊക്കെ നല്ല പരസ്യമുള്ള ബ്രാന്റായതിനാൽ‍ അവരെ സംശയിക്കാൻ പോലുമാവില്ല. അവർ‍ക്കു വേണ്ടി സംസാരിക്കാൻ എന്നും മാധ്യമങ്ങളുണ്ടാകും.

അപകടത്തിൽ‍ പെട്ടവർ‍ക്ക് നീന്തൽ‍ അറിയില്ലായിരുന്നു എന്നതാണ്‍ അവർ‍ മുങ്ങി മരിക്കാൻ കാരണമായത്. നീന്തലറിയാത്ത  മാതാപിതാക്കൾ‍ മക്കളെ അതെങ്ങനെ പഠിപ്പിക്കും എന്ന നൂലാമാലയിൽ‍ മാതാപിതാക്കളും രക്ഷപ്പെട്ടു. വീശിയടിച്ച കാറ്റും, ശക്തിയായി ഒഴുകിയെത്തിയ മഴവെള്ളവുമാണ്‍ കുറ്റക്കാർ‍. ജീവനില്ലാത്ത അവരെ പഴിക്കുകയല്ലാതെ കുറ്റവാളിയാക്കാനാവില്ല. കൊലയാളികളെ കണ്ടെത്തി അറസ്റ്റു ചെയ്യണമെന്ന് സമരസമിതിക്കാർ‍ മുറവിളികൂട്ടി. അവരുടെ സമരം കൂടുതൽ‍ ശക്തമാക്കി. അന്വേഷണം പലവഴിക്ക് വ്യാപിപ്പിച്ചെങ്കിലും ആരെയും കുറ്റവാളികളായി കണ്ടെത്താനായില്ല. എല്ലാവരും ശരിയുടെ കോളങ്ങളിലായിരുന്നു. പണവും സ്വാധീനവും ഉള്ളവർ‍ എന്നും ശരിയുടെ കോളത്തിലാകും.

കഥകൾ‍ വേഗത്തിൽ‍ മാറിമറിഞ്ഞു. കുറ്റവാളികളുടെ കോളത്തിൽ‍ എഴുതാനായി രണ്ടു പേരു കിട്ടി. സരസമിതി‌ക്ക് നേതൃത്വം കൊടുത്ത യുവാക്കൾ‍ വിദേശ ചാരന്മാരാണെന്ന് ശരിയുടെ കോളത്തിലെ ഭൂരിപക്ഷം തിരിച്ചറിഞ്ഞു. അയൽ‍ രാജ്യത്തു നിന്നും ഫണ്ട് സ്വീകരിച്ച് മാതൃരാജ്യത്തിനെതിരെ പോരാടുന്ന ഭീകരവാദികളാണ്‍ അവരെന്ന് ആരൊക്കെയോ ഏറ്റുചൊല്ലി. ജനകീയ പ്രശ്‌നങ്ങളിൽ‍ ഇടപെട്ട് രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്‌ടിക്കുകയും സർ‍ക്കാരുകളെ മറിച്ചിടുകയാണ്‍ അവരുടെ ഉദ്ദേശം. അവരാണ്‍ ബോംബു വെച്ച് പാലം തകർ‍ത്തത്. ആരോപണങ്ങൾ‍ സത്യമല്ലെന്നവർ‍ ആണയിട്ടിട്ടും ആരും ചെവിക്കൊണ്ടില്ല. അവരെ അറസ്റ്റു ചെയ്‌തു കൊണ്ടുപോകുന്പോൾ‍ കൂടിനിന്നവർ‍ ഭാരത് മാതാ കീ ജയ് എന്ന് വിളിച്ചു. ചെയ്യാത്ത കുറ്റങ്ങളൊക്കെ അവരെക്കൊണ്ട് സമ്മതിപ്പിക്കാനുള്ള വഴി പോലീസിനറിയാം. നമുക്ക് നല്ല നാളെയെക്കുറിച്ച് പാട്ടു പാടാം, പുതിയ പാലത്തെക്കുറിച്ച് കിനാവു കാണാം.

You might also like

Most Viewed