അയാൾ‍ വരാ­തി­രു­ന്നാൽ‍ ഞങ്ങൾ‍ ഢിം...


ഭാര്യ പിണങ്ങിപ്പോകാൻ അയാളാണ്‍ കാരണക്കാരൻ. എനിക്കിഷ്ട‌മില്ലെന്നറിഞ്ഞിട്ടു കൂടി അയാൾ‍ കൊണ്ടുവരുന്ന സാധനങ്ങൾ‍ ഞാനറിയാതെ അവൾ‍ വാങ്ങിക്കാറുണ്ടായിരുന്നു. വാങ്ങുന്നതൊക്കെ എന്റെ കണ്ണിൽ‍പ്പെടാതെ ഒളിച്ചു വെയ്‌ക്കാനുമവൾ‍ മിടുക്കിയായിരുന്നു. എന്റെ കണ്ണും കൈയും എത്താത്തയിടങ്ങൾ‍ അവൾ‍ക്ക് നല്ല നിശ്‌ചയമായിരുന്നു. ഗന്ധങ്ങളെ ഒളിച്ചുവെയ്‌ക്കാനാവില്ലല്ലോ, പരിചിതമല്ലാത്തൊരു പെർ‍ഫ്യൂമിന്റെ ഗന്ധത്തിലാണവൾ‍ പിടിക്കപ്പെട്ടത്. ലാഭത്തിൽ‍ കിട്ടിയതാണെന്ന്‌ ദേഷ്യത്തിൽ‍ പറയുന്പോഴും, സ്‌നേഹമില്ലെന്ന് പരിതപിക്കുന്പോഴും ഞാൻ ബധിരനേപ്പോലെയിരുന്നു. 

അവൾ‍ ഒരുങ്ങിയിറങ്ങിയപ്പോൾ‍ അയാളിൽ‍ നിന്നും വാങ്ങിയ പെർ‍ഫ്യൂമിന്റെ കുപ്പി എന്റെ മുന്നിലേക്ക് വലിച്ചെറിഞ്ഞത് താഴെവീണ്‍ പൊട്ടി. മുറിയാകെ ഒഴുകിപ്പരന്ന സുഗന്ധലായനിയും കുപ്പിച്ചില്ലും തുടച്ച് വൃത്തിയാക്കാമെന്ന വിചാരിച്ചെങ്കിലും അതിന്റെ രൂക്ഷഗന്ധം മൂക്കിലേക്ക് തുളച്ചു കയറി എന്റെ ബോധം നഷ്ടപ്പെട്ടു. രണ്ടു ദിവസത്തോളം ഞാനവിടെ മയങ്ങിക്കിടന്നു.  ബോധം വീണപ്പോൾ‍ അവൾ‍ എവിടെയെന്നോർ‍ത്ത് എനിക്കാധിയായി. അവളുടെ വീട്ടിലേക്ക് ഫോൺ ചെയ്‌ത് അവളവിടെയുണ്ടെന്നറിഞ്ഞപ്പോൾ‍ ആശ്വാസമായി. ഏതോ മാരകവിഷമാണ്‍ കുപ്പിയിൽ‍ നിറച്ചു കൊണ്ടു വന്ന് വിലകുറച്ച് വിൽ‍ക്കുന്നതെന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ‍ അവളോട് പറയണമെന്നുണ്ടായിരുന്നു. പക്ഷേ അവൾ‍ ചെവിതരാൻ കൂട്ടാക്കിയില്ല. വളരെ കൗശലക്കാരനായ അയാളുടെ മുഖത്തൊരു കള്ളലക്ഷണമുണ്ടായിരുന്നു. പുരുഷന്മാർ‍ ഇല്ലാത്ത സമയം നോക്കി വീടുകളിലെത്തി ലോലഹൃദയരായ സ്‌ത്രീകൾ‍ക്ക് സാധനങ്ങൾ‍ തവണവ്യവസ്ഥയിൽ‍ കൊടുക്കുന്ന ഏതോ വലിയ കന്പനിയുടെ സെയിൽ‍‌സ് ഏജന്റാണയാൾ‍. മലയാളം സംസാരിക്കുന്നതിനാൽ‍ ഏതു സംസ്ഥാനക്കാരനാണെന്ന് ചോദിക്കാൻ ധൈര്യമുണ്ടായില്ല. അയാളുടെ മുത്തച്ഛൻ ചൈനക്കാരനായിരുക്കുമെന്ന് എനിക്കുറപ്പുണ്ട്‌. അയാൾ‍ വിറ്റിരുന്നതൊക്കെ ചൈനയിൽ‍ നിന്നുള്ള ഡ്യൂപ്ലിക്കേറ്റ് സാധനങ്ങളായിരുന്നു. നമ്മുടെ രാജ്യത്തെ തകർ‍ക്കുവാനായി എന്തൊക്കെയാവും അവർ‍ കയറ്റി അയയ്‌ക്കുന്നത്? ചില ഉദ്യോഗസ്ഥന്മാർ‍ സ്വാർ‍ത്ഥലാഭത്തിനായി കണ്ണടയ്‌ക്കുന്നത് ഒരു രാജ്യത്തെ തന്നെ ഇല്ലാതാക്കാൻ പോരുന്നതാണെന്ന് ആരും മനസ്സിലാക്കുന്നില്ല. 

എന്റെ വായനാശീലത്തെ മുതലെടുക്കുകയാണയാൾ‍, അഞ്ചു പുസ്‌തകങ്ങൾ‍ അയാൾ‍ ബായ്‌ഗിൽ‍ നിന്നെടുത്ത് എന്റെ നേരെ നീട്ടി. സാർ‍ എണ്ണൂറ് രൂ‍‍പ വില വരുന്നതാണ്‍, പ്രൊമോഷൻ ഓഫറായി ഇപ്പോൾ‍ നൂറു രൂപായ്‌ക്ക് തരാം എന്നു പറഞ്ഞ് ഇരയിട്ടു. ഭാഗ്യമുണ്ടെങ്കിൽ‍ സമ്മാനങ്ങളും കിട്ടുമെന്ന് പറഞ്ഞപ്പോൾ‍ മനസ്സിളകി ഞാൻ വീണു. നൂറു രൂപാ കൊടുത്ത് ആ പുസ്‌തകങ്ങൾ‍ വാങ്ങി. എനിക്ക് ഭാഗ്യമുണ്ടായിരുന്നു. എല്ലാ പുസ്‌തകങ്ങളുടെയും അവസാന പേജിൽ‍ ആയിരത്തിന്റെ ഓരോ നോട്ടുകളുണ്ടായിരുന്നു. അങ്ങനെയെനിക്ക് അയ്യായിരം രൂപ സമ്മാനമായി കിട്ടി. അത് കള്ളനോട്ടാണെന്ന് റിസർ‍വ്വ് ബാങ്ക് ഗവർ‍ണ്ണർ‍ക്കു പോലും തിരിച്ചറിയാനാകില്ല.

ഭാര്യയോട് ചെയ്‌ത തെറ്റിന്റെ ആഴമെനിക്ക് ബോധ്യമായി. അതിദുഃഖത്താൽ‍ ഉടൻ തന്നെ ഒരു ടാക്‌സി പിടിച്ചവളുടെ വീട്ടിൽ‍ ചെന്ന് ക്ഷമ പറഞ്ഞ് അവളെ കൂടിക്കൊണ്ടു വന്നു. പിന്നീടുള്ള ആഴ്‌ചകളിൽ‍  ഞങ്ങളൊന്നിച്ചായി കൊടുക്കൽ‍ വാങ്ങലുകൾ‍. സാധനങ്ങൾ‍ വിലകുറച്ച് തരുന്നെന്ന് മാത്രമല്ല. നമുക്ക് എന്താണ്‍ വേണ്ടതെന്ന് പോലും അവൻ വളരെ കൃത്യമായി അറിയാം. ഞാൻ ജോലി പോലും ഉപേക്ഷിച്ച് അയാളുടെ വരവിനായി കാത്തിരുന്നു. ഒരു ദിനം ഞാനും ഭാര്യയും അകത്തേമുറിയിൽ‍ പ്രണയസല്ലാപത്തിലായിരുന്നപ്പോൾ‍ അയാൾ‍ വന്നതറിഞ്ഞില്ല. അയാൾ‍ കൈയിലുണ്ടായിരുന്ന ഡ്യൂപ്ലിക്കേറ്റ് താക്കോലുപയോഗിച്ച് വാതിൽ‍ തുറന്ന് അകത്ത് വന്നെങ്കിലും ബുദ്ധിമുട്ടിച്ചെങ്കിൽ‍ ക്ഷമിക്കണമെന്ന് വിനയപൂർ‍വ്വം പറഞ്ഞാണ്‍ സംസാരം ആരംഭിച്ചത്. കിടപ്പറയിൽ‍ വെച്ചു തന്നെയായിരുന്നു അന്നത്തെ കച്ചോടവും. അന്നും ഞങ്ങൾ‍ക്ക് ലാഭമായിരുന്നു.

അങ്ങനെ ലാഭക്കച്ചോടം തുടരവെ, ഇന്നയാൾ‍ വന്നത് ഞങ്ങളുടെ രക്തം, കഫം, മലം, മൂത്രം എന്നിവ പരിശോധിച്ച റിപ്പോർ‍ട്ടുമായിട്ടായിരുന്നു. അതൊന്നും ഞങ്ങൾ‍ പരിശോധനയ്‌ക്കായി നൽ‍കിയില്ലല്ലോ എന്ന് ആശ്ച‌ര്യപ്പെട്ടപ്പോൾ‍, എല്ലാം ഞങ്ങളറിയുന്നു എന്ന ഭാവത്തിൽ‍ ചിരിച്ചു. എല്ലാ വീടും കയറിയിറങ്ങുന്ന അവനൊരു വിദേശ ചാരനാണോയെന്ന സംശയം ഞാൻ ഉപേക്ഷിച്ചിരുന്നില്ല. നിങ്ങളൊരു വിദേശ ചാരനാണോയെന്ന് ചോദിച്ചപ്പോൾ‍, അതേയെന്നാണയാൾ‍ ഉത്തരം പറഞ്ഞത്. അപ്പോഴേയ്ക്കും ഞങ്ങളൊക്കെ അയാളുടെ അടിമയായിക്കഴിഞ്ഞിരുന്നു. ഞങ്ങളുടെ മാരകരോഗങ്ങൾ‍ക്കായി ഒരാഴ്‌ച കഴിക്കാനും കുടിക്കാനും ശരീരത്തിൽ‍ പുരട്ടാനുമുള്ള കുറേ മരുന്നുകൾ‍ തന്നാണയാൾ‍ പോയത്. മരുന്നു തീരും മുന്‍പേ അയാൾ‍ വീണ്ടും വരണേയെന്ന് മുട്ടിന്മേൽ‍ നിന്ന് ഞങ്ങൾ‍ പ്രാർ‍ത്ഥിച്ചു. ഒരാഴ്‌ച കഴിഞ്ഞ് അയാൾ‍ വീണ്ടും വരാതിരുന്നാൽ‍ ഞങ്ങളിരുവരും ഢിം.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed