കൈ കൊണ്ടു നിർമിച്ച ‘കുഞ്ഞൻ’ പുസ്‌തകങ്ങൾ മേളയിൽ

ഷാർജ: കൈകൊണ്ടു നിർമിച്ച ഏറ്റവും ചെറിയ പുസ്‌തകങ്ങൾ രാജ്യാന്തര പുസ്‌തകമേളയിൽ. പെറുവിലെ പ്രസാധകരാണ് ലോക കുഞ്ഞൻ പുസ്‌തകങ്ങൾ തയാറാക്കിയത്. പെറു പവിലിയനിൽ പ്രദർശിപ്പിക്കുന്ന പുസ്‌തകങ്ങൾ കാണാൻ സന്ദർശകരുടെ വൻ തിരക്കനുഭവപ്പെടുന്നുണ്ട്. സ്‌പാനിഷ്, ഇംഗ്ലിഷ്, ഇറ്റാലിയൻ, ഫ്രഞ്ച്, പോർചുഗീസ് ഭാഷകളിലുള്ള പുസ്‌തകങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്.
ഇതിനായി 40 ജീവനക്കാർ പെറുവിലെ ആസ്‌ഥാന കേന്ദ്രത്തിൽ പ്രവർത്തിക്കുന്നുണ്ട്. ആകർഷണീയമാം വിധമാണ് പുസ്‌തകങ്ങൾ തയാറാക്കുന്നതെന്ന് കമ്പനി സെയിൽസ് മാനേജർ ലൂയിസ് എസ് പിനോസ പറഞ്ഞു. കമ്പനി ഉടമ തന്റെ സുഹൃത്തുക്കൾക്ക് സമ്മാനമായി നൽകാനാണ് ആദ്യമായി കുഞ്ഞൻ പുസ്‌തകങ്ങൾ തയാറാക്കിയത്. ഇതെല്ലാവർക്കും ഇഷ്‌ടമായതോടെ സജീവമാക്കുകയായിരുന്നു.