യുഎഇയിൽ നടത്തിയത് കാൽ കോടിയിലധികം കോവിഡ് പരിശോധനകൾ; പകുതിയിലേറെപ്പേരും സുഖം പ്രാപിച്ചു


അബുദാബി: യുഎഇയിൽ കോവിഡ് പരിശോധന നടത്തിയവരുടെ എണ്ണം 25 ലക്ഷം കവിഞ്ഞു. രോഗബാധിതരിൽ 55 ശതമാനം പേരും സുഖം പ്രാപിച്ച് ആശുപത്രി വിടുകയും ചെയ്തു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രോഗ ബാധിതരുടെയും മരിക്കുന്നവരുടെയും എണ്ണം കുറഞ്ഞുവരികയാണ്. നിലവിൽ 16,932 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ ഉള്ളത്. 

രോഗമുക്തി നേടുന്നവരിൽ ആഗോള ശരാശരിയെക്കാൾ കൂടുതലാണ് യുഎഇയുടെ സൂചിക. ലോകത്ത് 48 ശതമാനം പേർ രോഗ മുക്തി നേടുമ്പോൾ യുഎഇയിൽ ഇത് 55 ശതമാനം പേർ രോഗമുക്തി നേടിയതായി ആരോഗ്യവിഭാഗം വക്താവ് ഡോ. ഫരീദ അൽ ഹൊസാനി പറഞ്ഞു. ആഗോള മഹാമാരിയെ അതിജീവിക്കാനായി കൂടുതൽ ഫീൽഡ് ആശുപത്രി സജ്ജമാക്കിയും പരിശോധനാ സൗകര്യങ്ങൾ വർദ്ധിപ്പിച്ചും വിപുലമായ പദ്ധതികളാണ് രാജ്യം ആസൂത്രണം ചെയ്തു നടപ്പാക്കിവരുന്നത്.
ലോക് ‍ഡൗൺ നിയന്ത്രണങ്ങളിൽ രാജ്യം ഇളവ് പ്രഖ്യാപിച്ചുവരികയാണെങ്കിലും ആരോഗ്യസുരക്ഷാ മാർഗനിർദേശങ്ങൾ തുടർന്നും കർശനമായി പിന്തുടരാൻ ‍ഡോ. ഫരീദ അഭ്യർഥിച്ചു. സ്വന്തം സുരക്ഷിതത്വത്തിൽ വിട്ടുവീഴ്ച വരാതെ നോക്കേണ്ട ബാധ്യത വ്യക്തികൾക്കുണ്ട്. സ്വന്തം കുടുംബങ്ങളുടെ സുരക്ഷിതത്വവും ഉറപ്പുവരുത്തണമെന്നും പറഞ്ഞു.

പുറത്തു പോകുമ്പോൾ മാസ്കും ഗ്ലൗസും നിർബന്ധമായും ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൂട്ടം കൂടാതിരിക്കുക തുടങ്ങി ആരോഗ്യസുരക്ഷാ നിർദേശങ്ങൾ തുടർന്നും പിന്തുടരണമെന്നും ഓർമിപ്പിച്ചു. വ്യാജ വാർത്തകളിലും അഭ്യൂഹങ്ങളിലും വിശ്വസിക്കരുതെന്നും സമൂഹമാധ്യമങ്ങളിലൂടെയും മറ്റും വരുന്ന ഇത്തരം വാർത്തകൾ പ്രചരിപ്പിച്ച് അനാവശ്യ ഭീതി ജനിപ്പിക്കരുതെന്നും യുഎഇ ഗവൺമെന്റ് വക്താവ് ഡോ. അംന അൽ ഷംസി പറഞ്ഞു.

You might also like

Most Viewed