ടോളറൻസ് മാസ് വെഡ്ഡിങ്ങിൽ 48 പേർ വിവാഹിതരായി

ദുബായ്: യു.എ.ഇ.യുടെ 48−ാം വാർഷികം, 2019 സഹിഷ്ണുതാവർഷം എന്നിവ മുൻനിർത്തി യു.എ.ഇ.യിൽ പ്രത്യേക ടോളറൻസ് മാസ് വെഡ്ഡിങ് നടന്നു. മാസ് വെഡ്ഡിങ്ങിൽ 48 പേർ വിവാഹിതരായി. അബുദാബി ഇസ്ലാമിക് ബാങ്കിന്റെ സഹകരണത്തോടെ സമുദായ വികസനമന്ത്രാലയമാണ് ചടങ്ങ് സംഘടിപ്പിച്ചത്. ദുബായ്−അൽഐൻ റോഡിലെ അൽ റിമൽ ബാൾറൂമിൽ വ്യാഴാഴ്ചയായിരുന്നു വിവാഹച്ചടങ്ങുകൾ. മന്ത്രാലയത്തിലെ സോഷ്യൽ കെയർ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി നാസർ ഇസ്മായിൽ, ദുബായിലെ മൊറോക്കോ കൗൺസൽ ജനറൽ അബ്ദുൽ റഹിം റഹാലി, മറ്റ് ഉദ്യോഗസ്ഥർ, വരന്മാരുടെ കുടുംബം, ബന്ധുക്കൾ എന്നിവരും പങ്കെടുത്തു. ഒട്ടേറെ സാംസ്കാരിക പരിപാടികളും ജനപ്രിയ നാടോടിക്കഥകളെ അനുസ്മരിപ്പിക്കുന്ന പ്രകടനങ്ങളും ചടങ്ങിൽ അരങ്ങേറി.