യു.എ.ഇ എക്സ്ചേഞ്ച്-ചിരന്തന സാഹിത്യ പുരസ്‌കാരം സക്കറിയക്കും ഹാമദ് ബലൂഷിക്കും


ദുബായ്: പ്രമുഖ ധനവിനിമയ ബ്രാൻഡായ യു.എ.ഇ എക്സ്ചേഞ്ചും ചിരന്തന സാംസ്കാരിക വേദിയും സംയുക്തമായി ഏർപ്പെടുത്തിയ യു.എ.ഇ എക്സ്ചേഞ്ച് -ചിരന്തന സാഹിത്യ പുരസ്‌കാരങ്ങൾക്ക് ഈ വർഷത്തെ വിജയികളെ പ്രഖ്യാപിച്ചു. യു.എ.ഇ യുടെ സഹിഷ്ണുതാ വർഷാചരണം കൂടി പരിഗണിച്ചുകൊണ്ട് ഇപ്രാവശ്യം ഭാരതീയ സാഹിത്യ മണ്ഡലത്തിലെ സമഗ്ര സംഭാവനകൾക്ക് ചെറുകഥാകൃത്തും നോവലിസ്റ്റുമായ സക്കറിയയും അറബ് സാഹിത്യത്തിൽ നിന്ന് ഇമറാത്തി കവിയും സാംസ്‌കാരിക പ്രവർത്തകനുമായ ഹാമദ് അൽ ബലൂഷിയും വിശിഷ്ട വ്യക്തിത്വ പുരസ്‌കാരങ്ങൾക്ക് തിരഞ്ഞെടുക്കപ്പെട്ടു.

സാഹിത്യ പുരസ്കാരങ്ങൾക്കായി സമർപ്പിക്കപ്പെട്ട 2018 ൽ പ്രസിദ്ധീകൃതമായ പുസ്തകങ്ങളിൽ നിന്ന് നോവൽ വിഭാഗത്തിൽ സലിം അയ്യനേത്തിന്റെ 'ബ്രാഹ്മിൺ മൊഹല്ല', ചെറുകഥയിൽ സബീന എം. സാലിയുടെ 'രാത്രിവേര്', കവിതയിൽ സഹർ അഹമ്മദിന്റെ 'പൂക്കാതെ പോയ വസന്തം', ലേഖന വിഭാഗത്തിൽ എം.സി.എ. നാസറിന്റെ 'പുറവാസം', ഇതര സാഹിത്യ വിഭാഗത്തിൽ ഹരിലാൽ എഴുതിയ യാത്രാവിവരണം ‘ഭൂട്ടാൻ - ലോകത്തിന്റെ ഹാപ്പിലാൻഡ്‘ എന്നീ കൃതികൾ പുരസ്‌കാരം നേടി. കുട്ടികളുടെ കൃതികൾ പ്രത്യേകം പരിഗണിച്ച് തഹാനി ഹാഷിറിന്റെ 'Through my window panes' (ത്രൂ മൈ വിൻഡോ പാൻസ്), മാളവിക രാജേഷിന്റെ 'Watchout' (വാച്ച് ഔട്ട്) എന്നിവർക്കും പ്രത്യേക സമ്മാനം നൽകും. പ്രശസ്ത കവി വീരാൻകുട്ടിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് പുരസ്കാര നിർണ്ണയം നടത്തിയത്. 
 
നവംബർ 22 വെള്ളിയാഴ്ച വൈകീട്ട് ഏഴു മണിക്ക് ദുബായ് എയർപോർട്ട് റോഡിലെ ഫ്ലോറ ഇൻ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ പ്രവാസലോകത്തെ സാഹിത്യ പ്രതിഭകൾക്ക് പുരസ്‌കാരങ്ങൾ സമ്മാനിക്കുമെന്ന് യു.എ.ഇ എക്സ്ചേഞ്ച് മീഡിയ റിലേഷൻസ് ഡയറക്ടർ കെ.കെ.മൊയ്തീൻ കോയയും ചിരന്തന സാംസ്‌കാരിക വേദി പ്രസിഡണ്ട് പുന്നക്കൻ മുഹമ്മദലിയും അറിയിച്ചു. പ്രശസ്തിപത്രവും ഫലകവും പൊന്നാടയും കൂടാതെ സമഗ്രസംഭാവനാ പുരസ്‌കാരത്തിന് അര ലക്ഷം രൂപ വീതവും മികച്ച നോവൽ, കഥ, കവിത, ലേഖന പുരസ്‌കാരങ്ങൾക്ക് കാൽ ലക്ഷം രൂപ വീതവും പ്രത്യേക പുരസ്‌കാരങ്ങൾക്ക് 10,000 രൂപ വീതവും സമ്മാനത്തുകയുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed