റാസൽഖൈമയിലെ ഷാം കടൽത്തീരത്ത് കൗതുകക്കാഴ്ചയായി ചാകര


റാസൽഖൈമ: റാസൽഖൈമ നഗരത്തിന് വടക്ക് 40 കിലോമീറ്റർ അകലെയുള്ള ഷാം കടൽത്തീരത്ത് കഴിഞ്ഞ ദിവസം ചാകരയെത്തി. മത്സ്യത്തൊഴിലാളികളെ അമ്പരപ്പിലും ആഹ്ലാദത്തിലുമെത്തിച്ച അഭൂതപൂർവ്വമായ മത്സ്യപ്രവാഹമായിരുന്നു ഇവിടെ. ശനിയാഴ്ച മത്സ്യബന്ധനത്തിനെത്തിയ തൊഴിലാളികളാണ് ഒരു കിലോമീറ്ററോളം ദൂരം കേരളത്തിൽ അയിലക്കണ്ണൻ എന്നറിയപ്പെടുന്ന ആയിരക്കണക്കിന് മത്സ്യങ്ങൾ കരയിലേക്ക് അടിഞ്ഞെത്തിയ കാഴ്ച കണ്ടത്.
നാലുവർഷത്തിനിടയിലെ ഏറ്റവും വലിയ ചാകരയാണ് ഇതെന്ന് മലയാളികൾ അടക്കമുള്ള മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ആവേശത്തോടെ ശേഖരിച്ച മത്സ്യം വിപണികളിലേക്ക് എത്തിക്കാൻ 50 ട്രക്കുകൾ വേണ്ടിവന്നു.
അപ്രതീക്ഷിതമായി എത്തിയ ചാകരയുടെ കാഴ്ച ഇതിനോടകം സാമൂഹികമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. 50 ടൺ മത്സ്യം ലഭിച്ചതായാണ് പ്രാഥമിക കണക്ക്. സാധാരണയായി കുറഞ്ഞവിലയ്ക്ക് വിൽക്കുന്ന കുടിയേറ്റ മത്സ്യമാണ് കരയിലെത്തിയതെന്നു റാസൽഖൈമ ഫിഷർമാൻ സൊസൈറ്റി ഡെപ്യൂട്ടി ചെയർമാൻ ഹുമൈദ് അൽ സാബി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed