വാളയാര്‍ കേസ്: പ്രതികളെ വെറുതെ വിട്ടതിനെ കുറിച്ച് റിപ്പോർട്ട് കിട്ടിയ ശേഷം പ്രതികരിക്കാമെന്ന് ഡി.ജി.പി
തിരുവനന്തപുരം: വാളയാർ കേസിൽ പ്രതികളെ വെറുതെ വിട്ടതിനെ കുറിച്ച് റിപ്പോർട്ട് കിട്ടിയ ശേഷം പ്രതികരിക്കാമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. ഒക്ടോബർ 25 ന് പുറപ്പെടുവിച്ച കോടതിവിധിയുടെ പകർപ്പ് കിട്ടിയ ശേഷം അന്വേഷണത്തിൽ എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കുമെന്ന് ഡി.ജി.പി വ്യക്തമാക്കി.
വാളയാർ കേസ് ഗുരുതരവും വൈകാരികവുമായ സംഭവമാണെന്ന കാര്യത്തിൽ സംശയമില്ലെന്നും വിധിയുടെ പകർപ്പ് കിട്ടിയ ശേഷം അടിയന്തരനടപടി സ്വീകരിക്കുമെന്നും ഡിജിപി പറഞ്ഞു. ഉദ്യോഗസ്ഥർക്ക് നേരെ അച്ചടക്കനടപടിയെടുക്കുന്ന കാര്യവും വിധിയുടെ പകർപ്പ് പരിശോധിച്ച ശേഷം തീരുമാനിക്കുമെന്നും ബെഹ്റ അറിയിച്ചു.
പാലക്കാട് മൂന്ന് മാവോവാദികൾ കൊല്ലപ്പെട്ട വിഷയം സുപ്രീംകോടതി നിർദേശപ്രകാരം ക്രൈംബ്രാഞ്ച് അന്വേഷണത്തിനോ സർക്കാർ നിർദ്ദേശപ്രകാരം ജുഡീഷ്യൽ അന്വേഷണത്തിനോ ആണ് സാധ്യതയെന്നും അതിൽ തനിക്ക് വ്യക്തിപരമായ അഭിപ്രായം പറയാനില്ലെന്നും ബെഹ്റ വ്യക്തമാക്കി. കരുതിക്കൂട്ടിയുള്ള ആക്രമണമാണ് മാവോവാദികൾക്ക് നേരെ നടന്നതെന്ന പ്രതിപക്ഷ നേതാവിന്റെ അഭിപ്രായപ്രകടനത്തോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ വിശദമായ റിപ്പോർട്ട് ലഭിച്ച ശേഷം വിവരം മാധ്യമങ്ങളെ അറിയിക്കാമെന്നും ഡി.ജി.പി വ്യക്തമാക്കി.

