മിനി സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് ഇനി പുതിയ നിയമം
ദമാം: മിനി സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും ബഖാലകള്‍ക്കും ഇനി സൗദിയില്‍ പുതിയ നിയമം. നിലവിലുള്ള സ്ഥാപനങ്ങള്‍ക്ക് പദവി ശരിയാക്കാന്‍ 24 മാസത്തെ സാവകാശം അനുവദിച്ചു. പുതുതായി ആരംഭിക്കുന്ന മുഴുവന്‍ ബഖാലകള്‍ക്കും മിനി സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും പുതിയ നിയമം ബാധകമാണ്. പരിഷ്‌കരിച്ച നിയമാവലി വാണിജ്യ നിക്ഷേപ മന്ത്രാലയം അംഗീകരിച്ചിരിക്കുകയാണ്.
സ്വന്തമായി ട്രേഡ് മാര്‍ക്കില്ലാത്ത മുഴുവന്‍ ബഖാലകള്‍ക്കും മിനി സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും ഏകീകൃത സ്വഭാവമുള്ള നെയിം ബോര്‍ഡായിരിക്കും പുതിയ നിയമ വ്യവസ്ഥ നിര്‍ദേശിക്കുന്നത്. സ്ഥാപനത്തിന്റെ മുന്‍വശത്തിന്റെ വീതിക്ക് അനുസൃതമായാണ് നെയിം ബോര്‍ഡ് സ്ഥാപിക്കേണ്ടത്. സ്ഥാപനത്തിലെ മുഴുവന്‍ ജീവനക്കാരും സ്ഥാപനത്തിന്റെ പേര് രേഖപ്പെടുത്തിയ യൂണിഫോമായിരിക്കണം ധരിക്കേണ്ടത്.
സ്ഥാപനത്തിനകത്ത് ഉപയോക്താക്കള്‍ക്കും ജീവനക്കാര്‍ക്കും സഞ്ചരിക്കാന്‍ കഴിയുന്ന വിധത്തിലായിരിക്കണം സൗകര്യങ്ങള്‍. ഭക്ഷ്യവസ്തുക്കളും പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളും വില്‍ക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഹെല്‍ത്ത് കാര്‍ഡ് യൂണിഫോമില്‍ തൂക്കിയിരിക്കണമെന്നതും പുതിയ വ്യവസ്ഥയില്‍ പറയുന്നതാണ്.

