മെഡിക്കല്‍ കോഴ; അലഹബാദ് ഹൈക്കോടതി ജഡ്ജിക്കെതിരെ സിബിഐക്ക് കേസെടുക്കാം; അനുമതി നല്‍കി സുപ്രീംകോടതി
ന്യുഡല്‍ഹി: ചട്ടങ്ങള്‍ ലംഘിച്ച് സ്വകാര്യ മെഡിക്കല്‍ കോളജിന് പ്രവേശനത്തിന് ഒത്താശ ചെയ്തതില്‍ അഴിമതിയുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് എസ്.എന്‍ ശുക്ലയ്‌ക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അനുമതി നല്‍കി.
ഇന്ത്യയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു സിറ്റിങ് ജഡ്ജിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സി ബി ഐക്ക് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അനുമതി നല്‍കുന്നത്. സിറ്റിങ് ജഡ്ജിമാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അനുമതി വേണം. ഈ പശ്ചാത്തലത്തില്‍ സി ബി ഐ സുപ്രീം കോടതിക്ക് ആവശ്യമുന്നയിച്ച് കത്തയച്ചിരുന്നു. അഴിമതി കണ്ടെത്തിയതിനെ തുടര്‍ന്ന് ജസ്റ്റീസ് ശുക്ലയോട് രാജിവയ്ക്കാനോ സ്വയം വിരമിക്കാനോ മുന്‍ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശം തള്ളിക്കളഞ്ഞ ജസ്റ്റീസ് ശുക്ല സര്‍വീസില്‍ തുടരുകയായിരുന്നു. ഇതോടെ 2018ല്‍ ഇദ്ദേഹത്തില്‍ നിന്ന് നീതിന്യായ ചുമതലകള്‍ പിന്‍വലിച്ചിരുന്നു.
എം ബി ബി എസ് പ്രവേശനവുമായി ബന്ധപ്പെട്ട് സ്വകാര്യ മെഡിക്കല്‍ കോളേജുകളെ സഹായിച്ചുവെന്നാണ് ശുക്ലയ്ക്കെതിരെയുള്ള ആരോപണം. സുപ്രീം കോടതിയുടെ തന്നെ ഉത്തരവുകളെ മറികടന്ന് സ്വകാര്യ മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ഥി പ്രവേശനത്തിനുള്ള സമയപരിധി നീട്ടി നല്‍കിയ സംഭവത്തിലാണ് സി ബി ഐ ശുക്ലയ്ക്കെതിരെ അഴിമതിക്കേസ് രജിസ്റ്റര്‍ ചെയ്യുക.
ജസ്റ്റിസ് ശുക്ലയെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം പാര്‍ലമെന്റില്‍ അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിഞ്ഞമാസം ചീഫ് ജസ്റ്റിസ് കത്തയച്ചിരുന്നു.

