ദുബൈ വീഥികളിലേക്ക് 900 ഹൈടെക് ടാക്സികൾ കൂടി

ദുബൈ : ദുബൈ റോഡുകളിലേക്ക് 900 ഹൈടെക് ടാക്സികൾ കൂടി. വിവിധ കന്പനികളുമായി ഇതിനുള്ള കരാറിൽ ആർ.ടി.എ ഒപ്പുവച്ചു. വാഹനങ്ങളിൽ 370 എണ്ണം പെട്രോളിലും വൈദ്യുതിയിലും പ്രവർത്തിക്കുന്ന ഹൈബ്രിഡ് ആയിരിക്കും. 142 ടൊയോട്ട കാംറി, 193 ഇന്നോവ, 55 ലക്സസ്, 370 ഹൈബ്രിഡ് ടൊയോട്ട കാംറി, ഒരു ടൊയോട്ട ഹയാസ്, 15 നിസ്സാൻ അൾട്ടിമ, 123 ഹ്യുണ്ടായ് സൊനാറ്റ, ഒരു ഹ്യുണ്ടായ് എച്ച് 1 എന്നിവയാണ് വാങ്ങുക.
ജീവനക്കാർക്കും ടെക്നീഷ്യൻമാർക്കും പരിശീലനം, വാഹനങ്ങളുടെ അറ്റകുറ്റപ്പണി, സാങ്കേതിക സഹായം തുടങ്ങിയവയ്ക്ക് അൽ ഫുത്തൈം ഓട്ടോമോട്ടീവ്, അറേബ്യൻ ഓട്ടോമൊബീൽ കന്പനി, ജുമ അൽ മാജിദ് എസ്റ്റാബ്ലിഷ്മെന്റ് എന്നിവയുമായി കരാർ ഒപ്പുവച്ചിട്ടുണ്ട്.
യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് കൂടുതൽ ഹൈബ്രിഡ് വാഹനങ്ങൾ വാങ്ങുന്നതെന്ന് ആർ.ടി.എ ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു.