ഷെയ്ഖ് സായിദ് സ്മാരകം 22-ന് രാജ്യത്തിന് സമർപ്പിക്കും
ദുബൈ : യു.എ.ഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ സ്മാരകം രാജ്യത്തിന് സമർപ്പിക്കുന്നു. ഷെയ്ഖ് സായിദിന്റെ ഓർമകളും സന്ദേശങ്ങളും ദൃശ്യങ്ങളുമെല്ലാം കോർത്തിണക്കിക്കൊണ്ട് അബുദാബി കോർണിഷിൽ നിർമ്മിച്ച സ്മാരകം 22 ന് തിങ്കളാഴ്ച രാഷ്ട്രത്തിന് സമർപ്പിക്കും. സായിദ് വർഷാചരണത്തിന്റെ ഭാഗമായാണിത്.
അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഉപ സർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പുതിയ സ്മാരകത്തിന് 'സ്ഥാപകന്റെ സ്മാരകം' എന്നാണ് പേര് നൽകിയിട്ടുള്ളത്. അബുദാബി കോർണിഷിൽ ഒന്നും രണ്ടും സ്ട്രീറ്റിലെ പ്രധാനകവലകളിൽ ഒന്നിനോട് ചേർന്നാണ് 3.3 ഹെക്ടറിൽ സ്മാരകം നിർമ്മിച്ചിരിക്കുന്നത്.
ഷെയ്ഖ് സായിദിന്റെ ആശയങ്ങൾ പ്രതിഫലിപ്പിക്കും വിധമാണ് സ്മാരകത്തിന്റെ നിർമ്മിതി. പച്ചപ്പിനോടുള്ള ഷെയ്ഖ് സായിദിന്റെ പ്രിയം ലോകത്തിന് പകർന്ന് നൽകുംവിധം മനോരഹരമായ ചെടികളും മരങ്ങളും മനോഹരമായ നടവഴിയുമെല്ലാം ചേർന്നതാണ് സ്മാരകം. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിന്റെ തത്സമയസംപ്രേഷണം എല്ലാ ദേശീയമാധ്യമങ്ങളിലും രാവിലെ ഒന്‍പതരമുതൽ ഉണ്ടാകും.
കഥകൾ, ലേഖനങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവയിലൂടെ യു.എ.ഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിന്റെ ജീവിതവും പൈതൃകവും പഠിക്കാൻ ഈ സ്മാരകം സന്ദർശകർക്ക് അവസരമൊരുക്കും.

