കുട്ടികൾക്ക് സുരക്ഷാ സീറ്റ് : മുന്നറിയിപ്പുമായി യു.എ.ഇ അധികൃതർ

ദുബായ് : പത്ത് വയസ്സിനു താഴെ പ്രായമുള്ള കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്ന തരത്തിലുള്ള സീറ്റ് ക്രമീകരണം വാഹനങ്ങളിൽ നിർബന്ധമായും വേണമെന്ന് ദുബായ് പോലീസ് മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകി. കാറിന്റെ പിൻഭാഗത്തുള്ള സീറ്റിൽ കുട്ടികൾക്കായി തയ്യാറാക്കിയിട്ടുള്ള സീറ്റ് ഘടിപ്പിച്ച ശേഷം സീറ്റ് ബെൽറ്റ് ധരിപ്പിച്ചു വേണം കുട്ടികളെ ഇരുത്താൻ.
എന്നാൽ പലരും ഈ നിയമം പാലിക്കാറില്ലെന്ന് ട്രാഫിക് പോലീസ് ഡിപ്പാർട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ സൈഫ് മുഹൈർ അൽ മസ്‌റൂയി പറയുന്നു. പത്തു വയസ്സിനു താഴെയുള്ള നാല് കുട്ടികൾ കഴിഞ്ഞ വര്ഷം വാഹനാപകടത്തിൽ മരണമടഞ്ഞു, 75 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ നിയമം ലംഘിച്ചതിന്റെ 14 മാസത്തിനിടെ പേരിൽ 140ഓളം പേർക്ക് പിഴ ചുമത്തി. ഈ സംഭവങ്ങളുടെ വെളിച്ചത്തിൽ കുട്ടികൾ 145 സെന്റിമീറ്റർ ഉയരം വെക്കുന്നത് വരെയെങ്കിലും അവർക്ക് പ്രത്യേക സുരക്ഷാ സീറ്റ് ഒരുക്കി അതിലിരുത്തണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.