പ്രമുഖ ബോഡിബിൽഡർ ജഗദീഷ് ലാഡ് കോവിഡ് ബാധിച്ച് മരിച്ചു
ബറോഡ: ഭാരത് ശ്രീ വിജയിയും പ്രമുഖ രാജ്യാന്തര ബോഡിബിൽഡറുമായ ജഗദീഷ് ലാഡ് കോവിഡ് ബാധയെ തുടർന്ന് മരിച്ചു. ജഗദീഷ് ലാഡിന്റെ അപ്രതീക്ഷിത മരണം കായികലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. 34 വയസ്സുള്ള ജഗദീഷ് കോവിഡ് ബാധിച്ചു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെയാണ് മരണം പിടികൂടിയത്. നാല് ദിവസമായി ഓക്സിജൻ സഹായം കൊണ്ടാണ് ജീവൻ നിലനിർത്തിവന്നത്.
ജോലി ആവശ്യത്തിനായി ജന്മനാടായ നവി മുംബൈ വിട്ട് ബറോഡയിൽ കുടിയേറിയ ജഗദീഷ് ഒരു സ്വകാര്യ ജിമ്മിൽ ജോലി ചെയ്യുന്നതിനിടെയാണ് രോഗബാധ സ്ഥിരീകരിക്കുന്നത്. നിരവധി രാജ്യാന്തര വേദികളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. മിസ്റ്റർ ഇന്ത്യ സ്വർണ മെഡൽ ജേതാവും ലോകചാന്പ്യൻഷിപ്പ് വെള്ളി മെഡൽ ജേതാവുമാണ്. ഭാര്യയും മകളുമുണ്ട്.
