ശ്രീശാന്ത് വീണ്ടും കേരള ടീമിൽ


കൊച്ചി: സയീദ് മുഷ്‌താഖ് അലി ട്രോഫി ട്വന്റി 20 ടൂർണമെന്റിനുള‌ള കേരള ടീമായി. സഞ്ജു സാംസൺ നായകനും സച്ചിൻ ബേബി വൈസ് ക്യാപ്‌റ്റനുമായ ടീമിലേക്ക് ഏഴ് വർ‌ഷത്തെ ഇടവേളയ്‌ക്ക് ശേഷം ശ്രീശാന്ത് തിരികെയെത്തുകയാണ്. നാല് പുതുമുഖങ്ങളും കേരള ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. ഏഴ് വർഷത്തിന് ശേഷം സജീവ ക്രിക്ക‌റ്റിലേക്ക് മടങ്ങിയെത്തുന്ന ശ്രീശാന്ത് ടൂർണമെന്റിനുള‌ള 26 അംഗ ടീമിൽ ഒടുവിൽ എത്തിയിരിക്കുകയാണ്. 2013ലെ ഐപിഎല്ലിൽ ഒത്തുകളി വിവാദത്തെ തുടർന്ന് ബി.സി.സി.ഐ ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഏറെ നാൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ വിലക്ക് ഏഴ് വർഷത്തേക്ക് വെട്ടിക്കുറച്ചു. ഈ വർഷം സെപ്‌തംബറിൽ വിലക്ക് കാലാവധി കഴിഞ്ഞതോടെയാണ് ശ്രീശാന്തിന് വീണ്ടും ക്രിക്ക‌റ്റ് ലോകത്തേക്ക് മടങ്ങിയെത്താനായത്. ഐപിഎൽ ടീമുകളിൽ നിന്ന് തനിക്ക് ക്ഷണമുണ്ടെന്നും അതിനായുള‌ള കഠിന പരിശീലനത്തിലാണെന്നും ശ്രീശാന്ത് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed