കവാനിയും തിയാഗോയും പിഎസ്ജി വിടുന്നു


പാരീസ്: പിഎസ്ജി താരങ്ങളായ എഡിസണ്‍ കവാനിയും തിയാഗോ സില്‍വയും ക്ലബ്ബ് വിടുന്നു. ആഗസ്റ്റിൽ ചാമ്പ്യൻസ് ലീഗ് അവസാനിച്ചതിനു ശേഷമാകും ഇരുവരും പാരീസ് വിടുന്നത്. താരങ്ങളുടെ കരാര്‍ പുതുക്കുന്നില്ലെന്ന് ക്ലബ്ബ് മാനേജര്‍ ലിയനോര്‍ഡോ അറിയിച്ചു. ഇരുവരും ക്ലബ്ബിന്‍റെ ചരിത്രത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച കളിക്കാരാണെന്ന് ലിയനോര്‍ഡോ പറഞ്ഞു.<br> <br> രണ്ട് കളിക്കാരുടെയും കരാറുകൾ ജൂൺ 30 ന് ആണ് അവസാനിക്കുന്നത്. ഏപ്രിലിൽ ലിഗ് 1 റദ്ദാക്കിയിരുന്നു. ചാമ്പ്യൻസ് ലീഗ് ഓഗസ്റ്റിലാണ് പൂർത്തിയാകുന്നത്. ഇതുവരെ കവാനിയും തിയാഗോയും ക്ലബിൽ തുടരും. 

2013ല്‍ പിഎസ്ജിയിലെത്തിയ കവാനി 200 ഗോളുകള്‍ നേടിയിട്ടുണ്ട്. 2012ലാണ് സില്‍വ മിലാനില്‍ നിന്ന് പിഎസ്ജിയിലെത്തുന്നത്. ക്ലബ്ബിന്‍റെ ക്യാപ്റ്റന്‍ കൂടിയായ സില്‍വ എട്ടു സീസണുകളില്‍ നിന്നായി പിഎസ്ജിക്കൊപ്പം ഏഴ് ഫ്രഞ്ച് ലീഗ് കിരീടവും നാല് ഫ്രഞ്ച് കപ്പ് കിരീടവും നേടിയിട്ടുണ്ട്. മോശം ഫോമിനെ തുടര്‍ന്ന് കവാനിയെ അടുത്തിടെ പിഎസ്ജി പല മല്‍സരങ്ങളില്‍ നിന്നും തഴഞ്ഞിരുന്നു.


പിഎസ്ജി ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ കടന്നിട്ടുണ്ട്. ഇതിനു ശേഷമാണ് കൊറോണ വ്യാപനം ശക്തമായത്. ഇതോടെ ടൂർണമെന്‍റുകൾ‌ ഇല്ലാതായി. പിഎസ്ജി ഈ മാസം 22 ന് പരിശീലനം പുനരാരംഭിക്കുമെന്നാണ് അറിയുന്നത്. അത്‌ലറ്റികോ മാഡ്രിഡിലേക്ക് പോകാൻ കവാനി ആഗ്രഹിച്ചിരുന്നു. ക്ലബിനോട് ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും കവാനിക്കായി രംഗത്തുണ്ട്. കഴിഞ്ഞ മാസം മൗറോ ഇക്കാർദിയുമായി പിഎസ്ജി കരാർ ഒപ്പിട്ടിരുന്നു. അർജന്‍റീന താരം ഇന്‍റർ മിലാനിൽനിന്നാണ് പിഎസ്ജിയിൽ എത്തുന്നത്. നെയ്മറും എബെപ്പയും പിഎസ്ജിയും ക്ലബിൽ തുടർന്നേക്കുമെന്നും ലിയനോര്‍ഡോ പറഞ്ഞു. ഇരുതാരങ്ങളുമായി രണ്ട് വർഷത്തെ കരാർ ഉണ്ടെന്നും അവരുമായി മുന്നോട്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്നും ലിയനോര്‍ഡോ കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed