നോ ബോൾ വിളി ഇനി തേഡ് അന്പയറുടെ ജോലി
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇനിമുതൽ നോ ബോൾ വിധിക്കാനുള്ള അവകാശം തേഡ് അന്പയർക്ക് നൽകി ഐസിസി. ഇന്ത്യ വിൻഡീസ് പരന്പരയോടെ ഇത് പ്രാബല്യത്തിൽ വരുമെന്ന് ഐസിസി അറിയിച്ചു. ഫ്രണ്ട് ഫൂട്ട് നോബോൾ വിധിക്കാനുള്ള അവകാശമാണ് ഫീൽഡ് അന്പയർമാരിൽ നിന്ന് തേഡ് അന്പയറിലേക്ക് മാറുന്നത്.
ഓരോ പന്തിലും ബൗളർ ഓവർ െസ്റ്റപ്പ് ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള ചുമതലയാണ് ഇനി മൂന്നാം അന്പയറുടെ ചുമലിൽ ആവുന്നത്. നോ ബോളാണെന്ന് വ്യക്തമായാൽ മൂന്നാം അന്പയർ ഇക്കാര്യം ഫീൽഡ് അന്പയറെ അറിയിക്കും.ഫീൽഡ് അന്പയർ നോ ബോൾ വിളിക്കുകയും ചെയ്യും. ഇതോടെ മത്സരത്തിനിടെ മൂന്നാം അന്പയറുടെ നിർദ്ദേശമില്ലാതെ ഫീൽഡ് അന്പയർ നോ ബോൾ വിളിക്കില്ല. നോ ബോളുകൾ വിളിക്കുന്പോൾ സംശയത്തിന്റെ ആനുകൂല്യം എപ്പോഴും ബൗളർക്ക് അനുകൂലമായിരിക്കുമെന്നും ഐസിസി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
നോ ബോൾ വിളിക്കാൻ താമസിക്കുകയും ബാറ്റ്സ്മാൻ പുറത്താവുകയും ചെയ്താൽ പുറത്തായ ബാറ്റ്സ്മാനെ തിരികെ വിളിക്കും. മറ്റ് ഓൺഫീൽഡ് തീരുമാനങ്ങളെല്ലാം ഫീൽഡ് അന്പയറുടെ ചുമതല ആയിരിക്കുമെന്നും ഐസിസി വ്യക്തമാക്കി. കളിയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടില്ലെന്ന് ഉറപ്പാക്കിയശേഷമാണ് ഐസിസി പരിഷ്കാരം രാജ്യാന്തര ക്രിക്കറ്റിലും നടപ്പാക്കുന്നത്.

