വിടവാങ്ങൽ മത്സരം അവിസ്മരണീയമാക്കി മലിംഗ; ബംഗ്ലാദേശിനെതിരെ ലങ്കയ്ക്ക് ജയം


കൊളംബൊ: ക്രിക്കറ്റ് കരിയറിലെ അവസാന ഏകദിനം അവിസ്മരണീയമാക്കി ശ്രീലങ്കയുടെ ഇതിഹാസ താരം ലസിത് മലിംഗ. താരത്തിന്റെ മൂന്ന് വിക്കറ്റ് പ്രകടനത്തിൽ ശ്രീലങ്ക 91 റൺസിന് ബംഗ്ലാദേശിനെ തകർത്തു. ഇതോടെ മൂന്ന് ഏകദിനങ്ങളുടെ പരന്പരയിൽ ശ്രീലങ്ക മുന്നിലെത്തി. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ‍ 314 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ബംഗ്ലാദേശ് 223 റൺസിന് ബാറ്റ് താഴ്ത്തി. മലിംഗ 9.4 ഓവറിൽ 38 റൺസ് മാത്രം വിട്ടുനൽകി മൂന്ന് വിക്കറ്റ് വീഴ്ത്തി. 

മുശ്ഫിഖുർ റഹീം (67), സാബിർ റഹ്മാൻ‍ (60) എന്നിവർ മാത്രമാണ് ബംഗ്ലാദേശ് നിരയിൽ അൽപ്പമെങ്കിലും പിടിച്ചുനിന്നത്. തമീം ഇഖ്ബാൽ (0), സൗമ്യ സർക്കാർ (15), മുഹമ്മദ് മിഥുൻ (10), മഹ്മുദുള്ള (3), മൊസദെക് ഹൊസൈൻ (12), മെഹ്ദി ഹസൻ (2), ഷഫിയുൽ ഉസ്ലാം (2), മുസ്തഫിസുർ‍ റഹ്മാൻ (18), റുബെൽ ഹുസൈൻ ( പുറത്താവാതെ 6) എന്നിങ്ങനെയാണ് മറ്റുള്ള താരങ്ങളുടെ സ്‌കോറുകൾ‍. മലിംഗയ്ക്ക് പുറമെ നുവാൻ പ്രദീപും മൂന്ന് വിക്കറ്റ് വീഴ്ത്തി. 

നേരത്തെ കുശാൽ പെരരേയുടെ (111) സെഞ്ചുറിയാണ് ശ്രീലങ്കയ്ക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. എയ്ഞ്ചലോ മാത്യൂസ് (48), കുശാൽ മെൻഡിസ് (43) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ബംഗ്ലാദേശിനായി ഷഫിയുൽ ഉസ്ലാം മൂന്നും മുസ്തഫിസുർ രണ്ടും വിക്കറ്റ് വീഴ്ത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed