ബൊളീവിയയെ തകർത്ത് ബ്രസീൽ; ഇരട്ടഗോളുമായി കുട്ടിഞ്ഞോ
സാവോ പോളോ: കോപ്പ അമേരിക്കയുടെ ഉദ്ഘാടന പോരാട്ടം ബ്രസീൽ ഗംഭീരമാക്കി. ബൊളീവിയയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ബ്രസീൽ തകർത്തത്. ഫിലിപ്പെ കുട്ടിഞ്ഞോയുടെ ഇരട്ടഗോളും എവർടൺ സോരസിന്‍റെ ഗോളുമാണ് ബ്രസീലിന് മിന്നുന്ന വിജയം സമ്മാനിച്ചത്. ആക്രമണത്തിലും പ്രതിരോധത്തിലും ബ്രസീൽ മികച്ചുനിന്നതോടെ ബൊളീവിയയ്ക്ക് ഒന്നും ചെയ്യാനുണ്ടായില്ല.
രണ്ടാം പകുതിയിലാണ് ബ്രസീൽ മൂന്നു ഗോളുകളും അടിച്ചത്. അന്പതാം മിനിറ്റിൽ കുട്ടിഞ്ഞോയിലൂടെ ബ്രസീൽ സ്കോർ ബോർഡ് തുറന്നു. ബൊളീവിയൻ താരം ജസിനോയുടെ കൈയിൽ പന്ത് തട്ടിയതിന് വീഡിയോ അസിസ്റ്റന്‍റ് റഫറിയുടെ സഹായത്തോടെ ബ്രസീൽ നേടിയെടുത്ത പെനാൽറ്റി കുട്ടിഞ്ഞോ വലയിലാക്കി. 53−ാം മിനിറ്റിൽ കുട്ടിഞ്ഞോ രണ്ടാമത്തെ ഗോളും നേടി. ഫിർമിനോ നൽകിയ ക്രോസിൽ നിന്നാണ് കുട്ടിഞ്ഞോയുടെ രണ്ടാമത്തെ ഗോൾ.
85−ാം മിനിറ്റിൽ ബ്രസീലിന്‍റെ മൂന്നാമത്തെ ഗോൾ പിറന്നു. പകരക്കാരനായി ഇറങ്ങിയ എവർടൺ സോരസായിരുന്നു ഇത്തവണ വലകുലുക്കിയത്. സോരസിന്‍റെ വലംകാലടി ഷോട്ട് വലയുടെ മൂലയിൽ വന്നുപതിച്ചു. ജയത്തോടെ ബ്രസീൽ ഗ്രൂപ്പ് എയിൽ ഒന്നാമതെത്തി. പെറു, വെനസ്വേല എന്നിവരാണ് ഗ്രൂപ്പിലുള്ള മറ്റു രാജ്യങ്ങൾ. ബുധനാഴ്ച വെനസ്വേലയ്ക്കെതിരെയാണ് ബ്രസീലിന്‍റെ അടുത്ത മത്സരം.

