അർജന്റീനയുടെ ആദ്യ മത്സരം ഇന്ന്
സോച്ചി : റഷ്യൻ ലോകകപ്പിലെ ആദ്യ പോരാട്ടത്തിന് മെസിയുടെ അർജന്റീന ഇന്നിറങ്ങും. ഗ്രൂപ്പ് ഡിയിൽ കുഞ്ഞന്മാരായ ഐസ്ലൻഡാണ് എതിരാളി. മോസ്ക്കോയിലെ സ്പാർട് അരീന േസ്റ്റഡിയത്തിൽ ബഹ്റൈൻ സമയം വൈകുന്നേരം നാലിനാണ് മത്സരം.
നായകനും സൂപ്പർ സ്ട്രൈക്കറുമായ ലയണൽ മെസിയിലാണ് അർജന്റീനയുടെ എല്ലാ പ്രതീക്ഷകളും. മെസിയും അഗ്യൂറോയും ഡി മരിയയും അടങ്ങുന്ന ആദ്യ ഇലവനേയും അർജന്റീനൻ കോച്ച് ജോർജ് സാംപോളി പ്രഖ്യപിച്ചു കഴിഞ്ഞു. റഷ്യയിൽ കപ്പുയർത്തുന്നതിൽ കുറഞ്ഞതൊന്നും ആഗ്രഹിക്കാത്ത ടീമാണ് അർജന്റീന. കിരീടമില്ലാത്ത രാജകുമാരനെന്ന വിളിപ്പേര് മായ്ക്കാൻ ഫുട്ബോളിന്റെ മിശിഹാ ലയണൽ മെസിക്ക് മുന്നിലെ നിർണായക വേദിയാണ് റഷ്യ.
അതേസമയം, കരുത്തരായ അർജന്റീനയ്ക്കെതിരേ മികച്ച പ്രകടനമാണ് ഐസ്ലൻഡിന്റെ ലക്ഷ്യം. ഒരു സമനിലയെങ്കിലും നേടാനായാൽ ടീമിന് തലയുയർത്തിനിൽക്കാം. 2016ൽ ആദ്യമായി യൂറോ കപ്പിലെത്തി ക്വാർട്ടർ ഫൈനൽ വരെയെത്തിയാണ് ഐസ്ലാൻഡ് മടങ്ങിയത്. പ്രധാന മിഡ്ഫീൽഡർ ഗിൽഫി സിഗുഡ്സണ് സന്നാഹമത്സരത്തിനിടെ പരിക്കേറ്റ് പുറത്തുപോയത് ടീമിന് തിരിച്ചടിയാകും. ഇതാദ്യമായാണ് ഇരുടീമുകളും മുഖാമുഖം വരുന്നത്.

