സ്പെയിൻ - പോർച്ചുഗൽ മത്സരം സമനിലയിൽ : റൊണാൾഡോയ്ക്ക് ഹാട്രിക്ക്
സോച്ചി : റഷ്യൻ ലോകകപ്പിൽ -പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോയുടെ ഹാട്രിക്കും സ്പാനിഷ് താരം ഡിയാഗോ കോസ്റ്റയുടെ ഡബിളും കണ്ട സൂപ്പർ പോരാട്ടം സമനിലയിൽ കലാശിച്ചു. ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തിൽ പോർച്ചുഗലും സ്പെയിനും മൂന്ന് ഗോൾ വീതം അടിച്ച് സമനില പാലിച്ചു.
ലോകകപ്പിലെ ആദ്യ ഹാട്രിക്ക് കണ്ട മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മികവിലാണ് പോർച്ചുഗൽ പിടിച്ച് നിന്നത്. ക്രിസ്റ്റ്യാനോയുടെ ഗോളോടെയായിരുന്നു കളി തുടങ്ങിയത്്. നാലാം മിനിറ്റിൽ ബോക്സിൽ ക്രിസ്റ്റ്യാനോയെ വീഴ്ത്തിയതിന് പെനാൽറ്റി. കിക്ക് എടുത്ത ക്രിസ്റ്റ്യാനോ പിഴവുണ്ടാക്കിയില്ല. തൊട്ടു പിന്നാലെ സ്പെയിൻ തിരിച്ചടിച്ചു. സംയുക്ത ആക്രമണം നടത്തിയ സ്പെയിൻ 24ാം മിനിറ്റിൽ ഡിയാാഗോ കോസ്റ്റയിലൂടെ തിരിച്ചടിച്ചു. കളി ആദ്യ പകുതി പൂർത്തിയാകും മുന്പ് ക്രിസ്റ്റ്യാനോയുടെ ഒരു ഷോട്ട് പിടിച്ചെടുക്കുന്നതിൽ പിഴവ് വരുത്തിയ ഡി ജിയയുടെ കൈകളിൽ തട്ടി വലയിൽ.
രണ്ടാം പകുതിയിൽ സ്പെയിൻ തിരിച്ചടിക്കുന്ന കാഴ്ചയാണ് കണ്ടത്. 55-ാം മിനിറ്റിൽ കോസ്റ്റയിലൂടെ സ്പെയിൻ ഒപ്പമെത്തി. ഫ്രീകിക്കിൽ നിന്നായിരുന്നു ഗോളിലേക്കെത്തിയ നീക്കത്തിന്റെ തുടക്കം. മൂന്ന് മിനിറ്റ് പിന്നിടുന്നതിനിടെ പോർച്ചുഗലിനെ ഞെട്ടിച്ച് സ്പെയിൻ മുന്നിലെത്തി. 58ാം മിനിറ്റിൽ നാച്ചോയാണ് സ്പാനിഷ് ടീമിന് ലീഡ് സമ്മാനിച്ചത്. ജയപ്രതീക്ഷയുമായി മുന്നേറിയ സ്പെയിന്റെ നെഞ്ചുതകർത്ത് 88-ാം മിനിറ്റിൽ റൊണാൾഡോയുടെ ഗോളെത്തി. ബോക്സിന് തൊട്ടുവെളിയിൽ നിന്നും ട്രേഡ് മാർക്ക് ശൈലിയിലുള്ള ഫ്രീകിക്ക് ഗോളിലൂടെയാണ് റൊണാൾഡോ ഹാട്രിക്കും സമനില ഗോളും നേടിയത്. ഈ ലോകകപ്പിലെ ആദ്യ ഹാട്രിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കി. നാല് (പെനൽറ്റി), 44, 88 മിനിറ്റുകളിലായിരുന്നു റൊണാൾഡോയുടെ ഗോളുകൾ.
ഗ്രൂപ്പ് ബിയിൽ മൂന്ന് പോയിന്റുമായി ഇറാനാണ് മുന്നിൽ. സമനില പാലിച്ച പോർച്ചുഗലും സ്പെയിനും ഒരോ പോയിന്റുമായി തൊട്ടുപിന്നിലുണ്ട്.

