അരങ്ങേറ്റ ടെസ്റ്റിൽ അഫ്ഗാന് കൂറ്റൻ തോൽവി
ബംഗളൂരു : കന്നിടെസ്റ്റിൽ ഇന്ത്യയ്ക്കെതിരെ അഫ്ഗാനിസ്ഥാന് കൂറ്റൻ തോൽവി. ഇന്നിംഗ്സിനും 262 റൺസിനുമയാരുന്നു അഫ്ഗാന്റെ തോൽവി. അഫ്ഗാനിസ്ഥാനെ രണ്ട് ദിവസം കൊണ്ടാണ് ഇന്ത്യ ചുരുട്ടിക്കൂട്ടിയത്. ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 474 റൺസിന് പുറത്തായതിന് പിന്നാലെ ആദ്യമായി ടെസ്റ്റിൽ പാഡണിഞ്ഞ് എത്തിയ അഫ്ഗാൻ ബാറ്റ്സ്മാൻമാർ ആദ്യ ഇന്നിംഗ്സിൽ 109ന് റൺസിന് പുറത്തായി. ഫോളോ ഓണിനിറങ്ങിയ അഫ്ഗാൻ ബാറ്റിംഗ് നിര രണ്ടാം ഇന്നിംഗ്സിൽ 103 റൺസിന് പുറത്തായി.
നാല് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവുമാണ് അഫ്ഗാനെ രണ്ടാം ഇന്നിംഗ്സിൽ തകർത്തത്. 36 റൺസെടുത്ത് പുറത്താകാതെ നിന്ന ഹഷ്മത്തുള്ള ഷാഹ്ദി മാത്രമാണ് അഫ്ഗാൻ നിരയിൽ പിടിച്ചു നിന്നുള്ളൂ. ആദ്യ ഇന്നിംഗ്സിൽ നാല് വിക്കറ്റ് വീഴ്ത്തിയ അശ്വിൻ രണ്ടാം ഇന്നിംഗ്സിൽ ഒരു വിക്കറ്റ് നേടി.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 474 എന്ന ഭേദപ്പെട്ട സ്കോറാണ് അഫ്ഗാനിസ്ഥാന് മുന്നിൽവെച്ചത്. ശിഖർ ധവാനും മുരളി വിജയും സെഞ്ച്വറി നേടിയപ്പോൾ രാഹുലും പാണ്ധ്യയും അർദ്ധസെഞ്ച്വറി നേടി.

