ഇറാനും ഉറുഗ്വേയ്ക്കും ജയം
മോസ്ക്കോ : ലോകകപ്പ് ഫുട്ബോളിൽ ഗ്രൂപ്പ് എയിലെ മത്സരത്തിൽ ഈജിപ്തിനെ ഏകപക്ഷീയമായ ഒരു ഗോളിന് ഉറുഗ്വേ തോൽപ്പിച്ചു. 89-ാം മിനിറ്റിൽ ഹോസെ ജിമ്മിനസാണ് ഉറുഗ്വേയ്ക്കായി വിജയഗോൾ നേടിയത്.
സൂപ്പർതാരം മുഹമ്മദ് സാലയില്ലാതെ കളിച്ചിട്ടും പല കുറി ഉറുഗ്വേയെ ഭീഷണിയിലാക്കാൻ ഈജിപ്തിന് കഴിഞ്ഞു. 89-ാം മിനിറ്റിൽ പ്രതിരോധ കോട്ട കെട്ടുന്നതിൽ വരുത്തിയ പിഴവാണ് ഈജിപ്തിന് തിരിച്ചടിയായത് ഉറുഗ്വേ നിരയിൽ സൂപ്പർ സ്ട്രൈക്കർമാരായ ലൂയിസ് സുവാരസിനും എഡിൻസൺ കവാനിക്കും ഡ്രിബിളിങ്ങിന്റെ ആശാനായ ഡി അരാസിയാറ്റയ്ക്കും വേണ്ടത്ര തിളങ്ങാൻ സാധിച്ചിരുന്നില്ല. ജയത്തോടെ നിർണായകമായ മൂന്ന് പോയിന്റ് ഉറുഗ്വേ സ്വന്തമാക്കി. നേരത്തെ ഗ്രൂപ്പ് എയിൽ നടന്ന റഷ്യ, -സൗദി മത്സരത്തിൽ വിജയിച്ച റഷ്യക്കും മൂന്ന് പോയിന്റുണ്ട്.
ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ ഇറാന് വിജയം. അധിക സമയത്തിൽ മൊറോക്കോ നൽകിയ സെൽഫ് ഗോളിെൻ്റ ആനുകൂല്യത്തിലാണ് ഇറാൻ ജയിച്ച് കയറിയത്. മൊറോക്കോ- കളി മികവ് പുറത്തെടുത്തിട്ടും ഭാഗ്യം കൊണ്ട് എതിരാളികൾ ജയിക്കുന്ന കാഴ്ചയായിരുന്നു മത്സരത്തിൽ ഇന്നലെ. മത്സരത്തിൽ 68 ശതമാനം സമയം പന്ത് കൈവശം വെച്ച മൊറോക്കോയ്ക്ക് വില്ലനായത് സെൽഫ് ഗോളാണ്. പന്തടക്കത്തിെൻ്റ കാര്യത്തിൽ ഇരുപകുതികളിലും മൊറോക്കൻ താരങ്ങൾക്ക് മികവ് പുലർത്തി. ചില മിന്നലാക്രമണങ്ങൾ നടത്താൻ മൊറോക്കോക്ക് സാധിച്ചെങ്കിലും അതൊന്നും ഗോളായില്ല. ആദ്യ പകുതിയുടെ അവസാന നിമിഷം വരെ മൊറോക്കൻ ഗോൾമുഖത്ത് വലിയ നീക്കങ്ങളൊന്നും ഇറാൻ നടത്തിയില്ല. എന്നാൽ അവസാന നിമഷങ്ങളിൽ ചില തകർപ്പൻ ഷോട്ടുകൾ ഇറാൻ താരങ്ങൾ തൊടുത്തു.
ബോക്സിന് തൊട്ട് വെളിയിൽ നിന്ന് ഇറാന് അനുകൂലമായി ലഭിച്ച ഫ്രീകിക്കിൽ നിന്നാണ് സെൽഫ് ഗോൾ പിറന്നത്. ഇറാൻ താരം എഹ്സാൻ സഫി മൊറോക്കോ ബോക്സിലേക്ക് ഉയർത്തി വിട്ട പന്ത് തലകൊണ്ട് പ്രതിരോധിക്കാനുള്ള ബുഹാദോസിന്റെ ശ്രമം ഗോളിന് വഴിയൊരുക്കുകയായിരുന്നു.

