ഇരട്ട സെഞ്ചുറിയിലെ ആ റെക്കോർഡും ഇനി കോഹ്‌ലിക്കു സ്വന്തം


ഇന്‍ഡോര്‍: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ ഡബിള്‍ സെഞ്ച്വറിയുടെ കരുത്തില്‍ ന്യൂസിലന്‍ഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക്. 2013 ഫെബ്രുവരിയിൽ സെഞ്ചുറി നേടിയതിനു ശേഷം കോഹ്ലി ഇന്ത്യയിൽ നേടുന്ന ആദ്യ സെഞ്ചുറിയ്ക്ക് ഇനി ഇരട്ട ശതകത്തിന്റെ തിളക്കവുമുണ്ട്. ഇൻഡോറിൽ കോഹ്ലി നേടിയത് തന്റെ രണ്ടാമത്തെ ഇരട്ട സെഞ്ചുറിയാണ്. മികച്ച പന്തുകളെ പ്രതിരോധിച്ചും മോശം ബോളുകളെ ബൗണ്ടറി ലൈൻ കടത്തിയും മിന്നും പ്രകടനമാണ് കോഹ്ലി നടത്തിയത്. 347 പന്തിൽ നിന്ന് 18 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് കോഹ്ലി 200 തികച്ചത്. നായകനെന്ന നിലയിൽ രണ്ടു ഇരട്ട ശതകങ്ങൾ നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് കോഹ്ലി. 2016ൽ തന്നെയാണ് രണ്ട് ഇരട്ടസെഞ്ചുറികളും പിറന്നതെന്നത് നേട്ടത്തിന്റെ മധുരവും ഇരട്ടിയാക്കുന്നു. ആന്റിഗ്വയിൽ വെസ്റ്റ് ഇൻഡീസിനെതിരെയായിരുന്നു ആദ്യ ഡബിൾ. കോഹ്ലിയ്ക്ക് മികച്ച പിന്തുണയുമായി അജിങ്ക്യ രഹാനെയും നിലയുറപ്പിച്ചപ്പോൾ ഇന്ത്യൻ സ്കോർ ബോർഡ് പ്രശ്നങ്ങളില്ലാതെ ചലിച്ചു. 161 റൺസ് നേടിയ രഹാനെയുടെ ഏറ്റവും ഉയർന്ന സ്കോറാണിത്. 342 പന്തുകൾ നേരിട്ട രഹാനെ 14 ബൗണ്ടറികളുടെയും നാലു സിക്സറുകളുടെയും അകമ്പടിയോടെയാണ് 161ൽ എത്തിയത്. ഒടുവിൽ വിവരം കിട്ടുമ്പോൾ, ചായക്ക് പിരിയുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 456 റൺസ് എടുത്തിട്ടുണ്ട് ഇന്ത്യ. ആദ്യ രണ്ടു ടെസ്റ്റുകളും വിജയിച്ച കോഹ്ലിയും കൂട്ടരും പരമ്പര സ്വന്തമാക്കിയിരുന്നു. കോൽക്കത്ത ടെസ്റ്റ് ജയിച്ചതോടെ പാക്കിസ്‌ഥാനെ പിന്തള്ളി ടെസ്റ്റ് റാങ്കിംഗിൽ ടീം ഇന്ത്യ ഒന്നാമതെത്തുകയും ചെയ്തു. 500–ാമത് ടെസ്റ്റിലും, ടീം ഇന്ത്യയുടെ 250–ാമത് ടെസ്റ്റിലും ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ച നായകൻ കോഹ്ലിക്ക് താൻ ഇരട്ടസെഞ്ചുറി നേടി മുന്നിൽ നിന്നു നയിച്ച മത്സരവും വിജയിപ്പിക്കാനാകുമെന്ന പ്രത്യാശയിലാണ് ആരാധകർ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed