ബന്ധു നിയമനം: മുഖ്യമന്ത്രിയും വിവാദക്കുരുക്കില്‍
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും. മലിനീകരണ നിയന്ത്രണ ബോര്‍ഡ് സ്റ്റാന്‍ഡിങ് കോണ്‍സലായി നിയമിതനായ ടി. നവീന്‍ പിണറായിയുടെ ഭാര്യാസഹോദരിയുടെ മകനാണ്. ഇടത് സര്‍ക്കാര്‍ നിലവില്‍ വന്നയുടനെയായിരുന്നു നിയമനം.
അതേസമയം അഭിഭാഷകനെന്ന നിലയില്‍ 14 വര്‍ഷത്തെ അനുഭവപരിചയമുണ്ടെന്നും അതിനാല്‍ താന്‍ ഈ സ്ഥാനത്തിന് അര്‍ഹനാണെന്നും നവീന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
വ്യവസായ മന്ത്രി ഇ.പി ജയരാജന്റെയും മറ്റ് സി.പി.എം നേതാക്കളുടെയും ബന്ധുക്കളെ വിവിധ തസ്തികകളില്‍ നിയമിച്ചത് ചര്‍ച്ചയാകുമ്ബോഴാണ് മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ നിയമനവും പാര്‍ട്ടിയില്‍ ചര്‍ച്ചയാകുന്നത്. ബിവറേജസ് കോര്‍പറേഷനുമായി ബന്ധപ്പെട്ട കേസുകളുടെ ചുമതലയും നവീനാണ് നല്‍കിയിരിക്കുന്നത്. ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറിന്റെ വകുപ്പിന് കീഴിലുള്ളതാണ് മലിനീകരണ നിയന്ത്ര ബോര്‍ഡ്. അഭിഭാഷക സംഘടനയായ ഐലുവില്‍ അംഗമാണ് താനെന്നും ഹൈക്കോടതിയില്‍ 14 വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ടെന്നും നവീന്‍ പറഞ്ഞു. സ്റ്റാന്‍ഡിങ് കോണ്‍സിലായി താനും അപേക്ഷ നല്‍കിയിരുന്നു. യോഗ്യതയുള്ളതിനാലാണ് നിയമിച്ചത്. അതേ സമയം സ്റ്റാന്‍ഡിങ് കോണ്‍സലായി നിയമിതനായ നവീന്‍ മുഖ്യമന്ത്രിയുടെ ബന്ധുവാണോ എന്ന് തനിക്കറിയില്ലെന്ന് ആരോഗ്യമന്ത്രിയും പ്രതികരിച്ചു
ബന്ധുനിയമന വിവാദത്തില്‍ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുനില്‍ക്കാനാവില്ല എന്ന് ബി.ജെ.പി. വക്താവ് ആര്‍. പദ്മകുമാര്‍ പ്രതികരിച്ചു.

