ഐ.പി.എൽ താരലേലം 24, 25 തീയതികളിൽ ജിദ്ദയിൽ


ജിദ്ദ: ലോകത്തെ ഏറ്റവും സമ്പന്ന ക്രിക്കറ്റ് ടൂർണമെന്റായ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) താരലേലത്തിന് ഇതാദ്യമായി സൗദി അറേബ്യ വേദിയാകുന്നു. ഈ മാസം 24, 25 തീയതികളിൽ ജിദ്ദയിൽ നടക്കും. ജിദ്ദ അൽബസാതീനിലെ വിശാലമായ അബാദി അൽ ജൗഹർ (ബെഞ്ച്മാർക്ക്) അറീനയിൽ നടക്കുന്ന ലേലത്തിൽ 409 വിദേശ കളിക്കാർ ഉൾപ്പെടെ 1,574 പേർ രജിസ്റ്റർ ചെയ്തതായി ബി.സി.സി.ഐ അറിയിച്ചു. താരങ്ങളുടെ താമസകേന്ദ്രം ഒരുക്കുന്നത് ലേല വേദിയിൽനിന്നും 10 മിനിറ്റ് യാത്രാദൂരമുള്ള ഹോട്ടൽ ഷാംഗ്രി ലയിലാണ്. റിയാദിലായിരിക്കും ഐ.പി.എൽ താരലേലമെന്ന് നേരത്തെ വർത്തയുണ്ടായിരുന്നെങ്കിലും അവസാന നിമിഷം ജിദ്ദയിലേക്ക് മാറ്റുകയായിരുന്നു. തുടർച്ചയായ രണ്ടാം തവണയാണ് ഐ.പി.എൽ താര ലേലത്തിന് വിദേശ രാജ്യം വേദിയാവുന്നത്. കഴിഞ്ഞ പ്രാവശ്യം ദുബൈയിലാണ് ലേലം നടന്നത്. ഇത്തവണ ലണ്ടൻ നഗരം പരിഗണിച്ചിരുന്നെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാൽ ഒഴിവാക്കുകയായിരുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന താരലേലത്തിൽ 1,165 ഇന്ത്യൻ താരങ്ങളും 409 വിദേശ താരങ്ങളുമാണ് പങ്കെടുക്കുക.

വിദേശ കളിക്കാരിൽ ഏറ്റവും പേർ രജിസ്റ്റർ ചെയ്തിരിക്കുന്നത് 91 കളിക്കാരുമായി ദക്ഷിണാഫ്രിക്കയാണ്. ആസ്‌ട്രേലിയയിൽനിന്ന് 76, ഇംഗ്ലണ്ടിൽനിന്ന് 52, ന്യൂസിലന്‍ഡിൽനിന്ന് 39, വെസ്റ്റ് ഇന്‍ഡീസിൽനിന്ന് 33, ശ്രീലങ്കയിൽനിന്ന് 29, അഫ്ഗാനിസ്ഥാനിൽനിന്ന് 29, ബംഗ്ലാദേശിൽനിന്ന് 13, നെതർലാൻഡിൽനിന്ന് 12, അമേരിക്കയിൽനിന്ന് 10, കാനഡ, അയർലൻഡ്, ഇറ്റലി, സ്‌കോട്ട്ലാൻഡ്, സിംബാബ്‍വെ, യു.എ.ഇ എന്നിവിടങ്ങളിൽനിന്ന് 10ൽ താഴെ എന്നിങ്ങനെയാണ് രജിസ്റ്റര്‍ ചെയ്ത കളിക്കാരുടെ എണ്ണം. ഐ.സി.സിയില്‍ പൂർണ അംഗത്വമുള്ള രാജ്യമാണെങ്കിലും പാകിസ്താനിൽനിന്നുള്ള താരങ്ങൾക്ക് ലേലത്തിൽ പങ്കെടുക്കാനാവില്ല. നിലവിൽ അന്താരാഷ്ട്ര മത്സരങ്ങളിൽ കളിക്കുന്ന 320 പേരും അഞ്ച് വർഷമായി ഒരു അന്താരാഷ്ട്ര മത്സരത്തിലും കളിക്കാത്ത 1,224 താരങ്ങളും അസോസിയേറ്റ് രാജ്യങ്ങളിൽനിന്നുള്ള 30 കളിക്കാരും ലേലത്തിന്റെ ഭാഗമാകുമെന്ന് ബി.സി.സി.ഐ അറിയിച്ചു. താരങ്ങളായ ഋഷഭ് പന്ത്, കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ എന്നിവരുൾപ്പെടെ നിലവിൽ അന്താരാഷ്ട്ര മത്സരങ്ങളിൽ കളിക്കുന്ന 48 ഇന്ത്യൻ താരങ്ങളാണ് ഇത്തവണ ലേലത്തിൽ ഇറങ്ങുന്നത്. 10 ടീമുകള്‍ക്കായി 204 പേരെയാണ് ആകെ തെരഞ്ഞെടുക്കാനാവുക. മൊത്തം ടീമുകളിലായി 46 കളിക്കാരെ ലേലത്തിന് മുമ്പ് തന്നെ നിലനിര്‍ത്തിയിരുന്നു. ഓരോ ടീമിനും പരമാവധി 120 കോടി രൂപയാണ് ലേലത്തില്‍ ചെലവഴിക്കാൻ അനുവദിച്ച തുക. ഇതിൽനിന്നും ഓരോ ടീമിലും നിലനിര്‍ത്തിയ കളിക്കാര്‍ക്കായി ചെലവിട്ട തുക കിഴിച്ചുള്ള തുക മാത്രമെ ലേലത്തില്‍ ചെലവഴിക്കാനാകൂ.

article-image

മനമംന

You might also like

Most Viewed