സൗദിയിൽ ഒറ്റദിവസം 81 പേരുടെ വധശിക്ഷ നടപ്പാക്കി

സൗദി അറേബ്യയില്‍ ഭീകരവാദം ഉള്‍പ്പെടെയുള്ള കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ട 81 പേരുടെ വധശിക്ഷ നടപ്പാക്കി. ആഭ്യന്തര മന്ത്രാലയമാണ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വഴി ഇക്കാര്യം അറിയിച്ചത്. ഭീകരവാദത്തിന് പുറമെ നിരപരാധികളായ പുരുഷന്മാരെയും സ്‍ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തിയവരും വധശിക്ഷ നടപ്പാക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഭീകരസംഘടനകളായ ഐഎസ്, അല്‍ ഖ്വയ്‍ദ എന്നിങ്ങനെയുള്ള വിദേശ തീവ്രവാദി സംഘടനകളില്‍ ചേര്‍ന്നവരും തീവ്രവാദ സംഘനകളില്‍ ചേരാന്‍ വേണ്ടി സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശങ്ങളിലേക്ക് യാത്ര ചെയ്‍തവരുമൊക്കെയാണ് വധശിക്ഷക്ക് വിധിക്കപ്പെട്ടതെന്ന് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.