സൗദിയിൽ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിക്കാർക്ക് ഡ്രസ് കോഡ് നിർബന്ധമാക്കുന്നു

റിയാദ്: സൗദിയിലെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിക്കാർക്കും ഡ്രസ് കോഡ് നിർബന്ധമാക്കുന്നു. പുരുഷ ജീവനക്കാർക്കൊപ്പം വനിതാ ജീവനക്കാർക്കും ഡ്രസ്കോഡ് നിർബന്ധമാണ്. ഡ്രസ്കോഡ് നിയമം പാലിക്കാത്ത തൊഴിലാളികൾക്കും കന്പനികൾക്കും പിഴ ഈടാക്കും.
മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എഞ്ചിനീയർ അഹമ്മദ് അൽ രാജിഹ് ആണ് സൗദി അറേബ്യയിലെ എല്ലാ സ്വകാര്യ കന്പനികളിലെ പുരുഷ, വനിതാ ജോലിക്കാർക്ക് ഡ്രസ് കോഡ് നിർബന്ധമാക്കികൊണ്ട് നിർദ്ദേശം നൽകിയിട്ടുള്ളത്. പുതിയ തീരുമാനത്തിന് അനുസൃതമായി സൗദിയിലെ തൊഴിൽ നിയമത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. ജീവനക്കാർ അവരുടെ ജോലിസ്ഥലങ്ങളിൽ ഡ്രസ്കോഡ് പാലിക്കുന്നത് ഉറപ്പാക്കണമെന്ന് സ്വകാര്യമേഖലയിലെ തൊഴിലുടമകൾക്കുള്ള നിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ജീവനക്കാർ മാന്യമായരീതിയിൽ ജോലിയെടുക്കയും ജോലിസ്ഥലലത്ത് അവരുടെ ചുമതലകൾ നിറവേറ്റുകയും ചെയ്യുണം. ജീവനക്കാർ അത് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള രേഖാമൂലമുള്ള നിർദ്ദേശങ്ങൾ പ്രദർശിപ്പിക്കണം. ഡ്രസ് കോഡ് നിയമം ലംഘിച്ചാൽ പിഴ ചുമത്തുമെന്ന് തൊഴിൽ നിയമ ഭേദഗതിയിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട വിവരം സ്ഥാപന പരിസരത്ത് എല്ലാവരും കാണുന്നിടത്ത് കന്പനികൾ പ്രദർശിപ്പിക്കയും തൊഴിലാളികൾ ഡ്രസ്കോഡ് നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും വേണം.