ഒക്ടോബര്‍ 18 മുതല്‍ സൗദിയില്‍ തൊഴില്‍ പരിശോധന ശക്തമാക്കും


ദമ്മാം: പരിഷ്കരിച്ച തൊഴില്‍ ഭേദഗതി നിയമം നടപ്പാക്കുന്നതിന്‍െറ ഭാഗമായി ഒക്ടോബര്‍ 18 മുതല്‍ മുഴുവന്‍ സ്ഥാപനങ്ങളിലും തൊഴില്‍ പരിശോധന ശക്തമാക്കുമെന്ന് മന്ത്രാലയംഅറിയിച്ചു. ക്രമക്കേടുകള്‍ കണ്ടത്തെുന്ന സ്ഥാപനങ്ങള്‍ അന്തിമമായി അടച്ചു പൂട്ടുന്നതുള്‍പ്പെടെ നടപടികളാണ് പുതിയ ഭേദഗതി അനുശാസിക്കുന്നത്. തൊഴിലാളികള്‍ക്ക് നല്‍കുന്ന വേതനത്തിന്‍െറ വിശദാംശങ്ങള്‍ മന്ത്രാലയത്തെ അറിയിക്കണമെന്നാണ് ചട്ടം. എന്നാല്‍ ഒരുമാസത്തിനുള്ളില്‍ ഇത് നല്‍കാത്തവരുടെ മന്ത്രാലയ സേവനങ്ങള്‍ നിര്‍ത്തിവെക്കും. രണ്ടു മാസമായാല്‍ തൊഴിലാളികള്‍ക്ക് ഉടമയുടെ അനുവാദമില്ലാതെ മറ്റു കമ്പനികളിലേക്ക് മാറാം.

മൂന്നു മാസത്തിനുള്ളിലും വിവരം കൈമാറിയില്ലെങ്കിൽ സ്ഥാപനത്തിന്‍െറ ലൈസന്‍സ് റദ്ദാക്കും. തൊഴില്‍ നിയമത്തിന്‍െറ 40ാം ഭേദഗതിയനുസരിച്ചാണ് മന്ത്രാലയം നടപടികള്‍ കടുപ്പിക്കുന്നത്.
നിയമം നടപ്പാക്കുന്നതിന് മുന്നോടിയായി ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്നതിന് ദമ്മാമില്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ പങ്കെടുത്ത് തൊഴില്‍ വകുപ്പ് അണ്ടര്‍സെക്രട്ടറി ഡോ. അബ്ദുല്ല അബൂസുനൈന്‍ പരിശോധനയുടെയും നടപടിക്രമങ്ങളുടെയും വിശദാംശങ്ങള്‍ പ്രഖ്യാപിച്ചത്.

തൊഴില്‍ വകുപ്പ് നിര്‍ദേശിക്കുന്ന ചട്ടങ്ങളില്‍ വീഴ്ച വരുത്തിയാല്‍ സ്ഥാപനങ്ങളില്‍ നിന്ന് 1000 മുതല്‍ ഒരു ലക്ഷം റിയാല്‍ വരെ പിഴ ഈടാക്കാന്‍ പുതിയ ഭേദഗതിയിലൂടെ സാധിക്കുമെന്ന് അബൂസുനൈന്‍ വ്യക്തമാക്കി. നിയമലംഘനങ്ങള്‍ തുടര്‍ന്നാല്‍ ഏതു സ്ഥാപനമായാലും അന്തിമമായി അടച്ചു പൂട്ടും. പരിശോധനകള്‍ക്കായി പരിശീലനം നേടിയ പ്രത്യേക ദൗത്യസംഘത്തെ നിയോഗിക്കും. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ റെയ്ഡുകളില്‍ ഇതുവരെയായി 34000 ക്രമക്കേടുകള്‍ കണ്ടത്തെി.

ഒക്ടോബറില്‍ നടക്കുന്ന പരിശോധനക്ക് മുന്നോടിയായി സ്ഥാപന ഉടമകള്‍ക്ക് തൊഴില്‍ മന്ത്രാലയം ചോദ്യാവലി നല്‍കും. നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രയാസങ്ങളും മറ്റും ഇതില്‍ രേഖപ്പെടുത്തണം.
സ്ഥാപനമുടമകളുടെ വികാരം കൂടി കണക്കിലെടുത്തായിരിക്കും പരിശോധനയുമായി മുന്നോട്ടുപോകുക. പലര്‍ക്കും തൊഴില്‍ നിയമങ്ങളെക്കുറിച്ച് ധാരണയില്ലാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. സ്ഥാപനങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ ഉടമകളുമായി ആശയ വിനിമയം നടത്തുന്നതില്‍ തൊഴില്‍ മന്ത്രാലയത്തിന് പരിമിതികളുണ്ട്. പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ പറയുമ്പോഴാണ് ഇത്തരം നിയമങ്ങളുള്ളതായി ചിലര്‍ അറിയുന്നത്. ഇതിന് പരിഹാരമായാണ് ചോദ്യാവലി നല്‍കുന്നത്.

ആദ്യ ഘട്ട പരിശോധനയില്‍ നിയമത്തെക്കുറിച്ച് അജ്ഞരായവര്‍ക്ക് താക്കീത് നല്‍കും. നിരവധി സ്ഥാപനങ്ങള്‍ ഉദ്യോഗസ്ഥരുടെ സന്ദര്‍ശനത്തിനു ശേഷം നടപടികള്‍ പാലിക്കാന്‍ തയാറായിട്ടുണ്ട്. രാജ്യത്തെ തൊഴിലാളികള്‍ക്ക് അര്‍ഹമായ വേതനം ലഭിക്കുന്നുണ്ടോയെന്ന് തൊഴില്‍ വകുപ്പ് ഉറപ്പു വരുത്തും. തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്തുന്നതിനും സാമ്പത്തിക ക്രയവിക്രയങ്ങള്‍ നിയമാനുസൃതമാക്കുന്നതിനുമാണ് പരിശോധന ശക്തമാക്കുന്നതെന്നും അണ്ടര്‍ സെക്രട്ടറി അറിയിച്ചു.

You might also like

  • Straight Forward

Most Viewed