തറാവീഹ് ഇത്തവണ പള്ളികളിൽ ഉണ്ടാകില്ലെന്ന് സൗദി

റിയാദ്: റമസാനിലെ പ്രത്യേക രാത്രി നമസ്കാരമായ തറാവീഹ് ഇത്തവണ പള്ളികളിൽ ഉണ്ടാകില്ലെന്ന് സൗദി ഇസ്ലാമിക കാര്യമന്ത്രി ഡോ. അബ്ദുല്ലത്തീഫ് ആലു ഷെയ്ഖ് വ്യക്തമാക്കി. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നിർബന്ധ നിസ്‌കാരങ്ങൾ പളളികളിൽ നടക്കാത്ത സാഹചര്യത്തിൽ ഈ വർഷം റമദാനിൽ തറാവീഹ് നിസ്‌കാരങ്ങളും പള്ളികളിൽ ഉണ്ടാവില്ലെന്നാണ് സഊദി ഇസ്‌ലാമിക കാര്യമന്ത്രി വ്യക്തമാക്കിയത്.
ഇരുഹറമുകളിലല്ലാത്ത രാജ്യത്തെ എല്ലാ സ്ഥലങ്ങളിലെ പള്ളികളിലും അഞ്ച് നേരത്തെ നിർബന്ധ നിസ്‌കാരങ്ങളുടെ ജമാഅത്ത് നടക്കുന്നില്ല. തറാവീഹിനേക്കാൾ ഏറ്റവും പ്രധാനപ്പെട്ടതാണ് ഈ നിസ്‌കാരങ്ങൾ. പള്ളികളിൽ ജമാഅത്ത് പുനഃസ്ഥാപിച്ചാൽ മാത്രമേ തറാവീഹ് നടക്കുകയുള്ളൂ. അദ്ദേഹം പറഞ്ഞു. റമദാനിന് ഇനി രണ്ടാഴ്ച മാത്രമേ ബാക്കിയുള്ളൂ. ഇക്കാലത്തിനിടക്ക് മഹാമാരി മുക്തമാകുമെന്ന് പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.