കോവിഡ് പ്രതിരോധം: ന്യൂയോർക്കിലെ സ്കൂളുകൾ ഈ അധ്യയന വർഷത്തേക്ക് തുറക്കില്ല


ന്യൂയോര്‍ക്ക്: കോവിഡ് വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ന്യൂയോർക്ക് നഗരത്തിൽ സ്കൂളുകൾ പൂർണമായും അടച്ചിടാൻ തീരുമാനം. ഈ അധ്യയന വർഷത്തേക്ക് സ്കൂളുകൾ തുറക്കില്ലെന്ന് ന്യൂയോർക്ക് മേയർ ബിൽ ഡി ബ്ലാസിയോ അറിയിച്ചു. 1.1 മില്യൺ വിദ്യാര്‍ഥികളുള്ള പൊതുവിദ്യാലയ സംവിധാനമാണ് പൂർണമായും അടക്കുന്നത്. അമേരിക്കയിലെ കോവിഡ് രോഗികളിൽ മൂന്നിലൊന്ന് ന്യൂയോർക്ക് സംസ്ഥാനത്താണ്. വൈറസ് ബാധ രൂക്ഷമായതോടെ മാർച്ച് 16 മുതൽ നഗരത്തിലെ സ്കൂളുകൾ അടച്ചിരുന്നു. ഓണ്‍ലൈനിലൂടെ വെര്‍ച്വല്‍ ക്ലാസുകള്‍ നടത്താനുള്ള ക്രമീകരണങ്ങൾ നടത്തിയെങ്കിലും സമ്മിശ്ര പ്രതികരണമായിരുന്നു. താഴ്ന്ന വരുമാനക്കാരായ നിരവധി വിദ്യാർഥികള്‍ക്ക് വൈ−ഫൈ പോലുള്ള സൗകര്യങ്ങളില്ലാത്തതിനാൽ ക്ലാസുകളിലെത്താൻ സാധിച്ചിരുന്നില്ല. രാജ്യത്ത് രോഗം ആദ്യം ജീവനപഹരിച്ചത് വാഷിംഗ്ടൺ സംസ്ഥാനത്തായിരുന്നെങ്കിലും പിന്നീട് ന്യൂയോർക്കിൽ അതിവേഗം പടരുകയായിരുന്നു. അതിൽത്തന്നെ 86 ലക്ഷം ജനങ്ങളുള്ള ന്യൂയോർക്ക് നഗരത്തെയാണു രോഗം വല്ലാതെ ബാധിച്ചത്. ന്യൂയോർക്ക് സംസ്ഥാനത്തെ രോഗികളുടെ എണ്ണം 1,72,358−ലേക്ക് ഉയർന്നു, മരണം 7844−ഉം. ന്യൂയോർക്ക് നഗരത്തിൽ മാത്രം മരണം അയ്യായിരത്തിനു മുകളിലാണ്. ന്യൂയോർക്കും അയൽസംസ്ഥാനങ്ങളായ ന്യൂജഴ്സിയും (55,000 രോഗികൾ) പെൻസിൽവാനിയയും (21,000 രോഗികൾ) ചേർന്നാൽ അമേരിക്കയിലെ കോവിഡ് ബാധയിൽ പകുതിയോളമാകും.

You might also like

  • Straight Forward

Most Viewed