സൗദിയിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ വിമാന സർവ്വീസുമായി ഗോ എയർ

ദമാം: ദമാം−കണ്ണൂർ ഗോ എയർ ട്രിപ്പിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും സൗദിയിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്നു കേരളത്തിളേക്കു കുടുതൽ സർവ്വീസുകൾ ആരംഭിക്കുമെന്നും അധികൃതർ. ദമാമിൽ മാധ്യമ പ്രവർത്തകരോട് ഗോ എയർ ഇന്റർ നാഷനൽ വൈസ് പ്രസിഡണ്ട്് അർജുൻ ദാസ് ഗുപ്തയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡിസംബർ 19 ന് ദമാമിൽ നിന്ന് കണ്ണൂരിലേക്ക് ആരംഭിച്ച സർവ്വീസിന് യാത്രക്കരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും, തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി ഉൾപ്പെടെ വിമാനത്താവളങ്ങളിലേക്കു കൂടുതൽ സർവ്വീസുകൾ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സൗദിയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ അൽ മജ്ദൂഈ ഗ്രൂപ്പിന്റെ അർജാ ട്രാവൽസുമായി സഹകരിച്ചാണു ഗോ എയറിന്റെ സൗദി സർവ്വീസ്. ഇതുസംബന്ധിച്ച ധാരണാ പത്രം കൈമാറി. അനുയോജ്യമായ സമയവും കുറഞ്ഞ നിരക്കും യാത്രക്കാർ ഗോ എയർ സർവീസിനെ സ്വീകരിക്കാൻ ഇടയാക്കി. ഇത് ഗൾഫിൽ കൂടുതൽ സർവീസുകൾ വ്യാപിപ്പിക്കാൻ തങ്ങളെ പ്രേരിപ്പിക്കുന്നു എന്ന് ഗോ എയർ മാനേജിങ് ഡയറക്ടർ ജേ വാദിയ പറഞ്ഞു. സൗദി സർക്കാർ, വിമാനത്താവള അധികൃതർ, ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ എന്നിവർക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.