ഭക്ഷണത്തിനുവേണ്ടി പ്രാവിനെ പിടിക്കാൻ പോയ ഇന്ത്യക്കാരന്‍ കിണറ്റിൽ വീണ് മരിച്ചു


റിയാദ്: ഭക്ഷണത്തിനായി പ്രാവിനെ പിടിച്ചു കറിവെക്കാൻ പോയ ഇന്ത്യാക്കാരനായ ഇടയൻ സൗദി അറേബ്യൻ മരുഭൂമിയിലെ കിണറ്റിൽ വീണ് മരിച്ചു.  ഉത്തർപ്രദേശിലെ അസംഖഢ് സ്വദേശി യാദവ് റാം അജോർ (40) നവംബർ ആറിന് വൈകീട്ടാണ് റിയാദ് നഗരത്തിൽ നിന്ന് 350 കിലോമീറ്ററോളം അകലെ റഫായെ അൽജംഷ് എന്ന സ്ഥലത്തെ കിണറ്റിൽ വീണ് മരിച്ചത്. മൃതദേഹം ഇവിടുത്തെ സർക്കാർ ആശുപത്രി മോർച്ചറിയിലാണ്.

നാട്ടിൽ അപകടമരണത്തിനുള്ള ഇൻഷുറൻസ് ക്ലയിം നടപടികളായിട്ട് മൃതദേഹം നാട്ടിലേക്ക് അയച്ചാൽ മതിയെന്ന് മകനടക്കമുള്ളവർ പറയുന്നതിനാൽ ഒരാഴ്ചയിൽ കൂടുതലായി മോർച്ചറിയിൽ അനാഥമായി കിടക്കുകയാണ് മൃതദേഹം. പത്ത് വർഷമായി റഫായയിൽ ഒട്ടകത്തെ മേയ്ക്കുന്ന ജോലി ചെയ്യുന്ന യാദവ് റാമിന് തുശ്ചമായ ശമ്പളമാണ്. വീട്ടിലേക്ക് അയച്ചാൽ പിന്നെ അതിലൊന്നും ബാക്കിയില്ലാത്തത് കൊണ്ട് ഒട്ടകത്തിന് കൊടുക്കുന്ന ഉണക്ക റൊട്ടിയും വെറുതെ കിട്ടുന്ന പ്രാവിറച്ചി കറിയുമാണ് ഭക്ഷണം. താമസിക്കുന്ന കൃഷിത്തോട്ടത്തിലെ കിണറിനുള്ളിൽ മാളങ്ങളുണ്ടാക്കി പ്രാവുകൾ കൂടുകൂട്ടാറുണ്ട്. ഇവറ്റയെ പിടികൂടി കറിവെക്കും. പതിവുപോലെ വൈകീട്ട് അഞ്ചോടെ പ്രാവിനെ പിടിക്കാൻ ചെന്നതാണ്. കിണറ്റിലേക്കാഞ്ഞ് പ്രാവിനെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി ആഴമുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു. 
രാത്രി പലതവണ വിളിച്ചിട്ടും ഫോൺ എടുക്കാഞ്ഞപ്പോൾ സംശയം തോന്നി സ്പോൺസർ അന്വേഷിച്ചുവന്നപ്പോഴാണ് കിണറ്റിനരികിൽ ചെരുപ്പ് കണ്ടത്. ഉടൻ ഫയർഫോഴ്സിനെ വിളിച്ചുവരുത്തി, വെള്ളം വറ്റിച്ച് രാത്രിയോടെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു. അസംഗഢ്, നിസാമബാദിലെ ഷേക്പൂർ ദൗഡ് ഫരിഹ സ്വദേശിയാണ് യാദവ് റാം. ഭാര്യയും അഞ്ച് പെൺകുട്ടികളും ഒരു ആൺകുട്ടിയും അടങ്ങുന്നതാണ് കുടുംബം. മൂത്ത മകളുടെ വിവാഹം കഴിഞ്ഞു. മലയാളി സാമൂഹിക പ്രവർത്തകൻ ഹുസൈൻ അലിയും റഫായയിലുള്ള യാദവ് റാമിന്റെ ഒരു ബന്ധുവും ചേർന്ന് മൃതദേഹം നാട്ടിൽ അയക്കാനുള്ള ശ്രമത്തിലാണ്. എന്നാൽ മൃതദേഹം സ്വീകരിച്ചോളാമെന്ന വീട്ടുകാരുടെ സമ്മതപത്രം കൂടി കിട്ടിയാലേ നിയമനടപടികൾ പൂർത്തിയാകൂ.  

You might also like

Most Viewed