ആസിഫ് അലിയും പാർവതിയും വീണ്ടും ഒന്നിക്കുന്നു


കൊച്ചി: ഉയരെ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും പാർവതിയും വീണ്ടും ഒന്നിക്കുന്നു. പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ വേണു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഡിസംബർ ഒന്നിന് വാഗമണ്ണിൽ ചിത്രീകരണം തുടങ്ങും. ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് പാർവതി വീണ്ടും സിനിമയിൽ സജീവമാകുന്നത്. ഉയരെയ്ക്ക് ശേഷം പാർവതി മറ്റ് സിനിമകളിലൊന്നും അഭിനയിച്ചിരുന്നില്ല. വിവിധ സംവിധായകർ ചേർന്ന് ഒരുക്കുന്ന ആന്തോളജി വിഭാഗത്തിലുള്ള ചിത്രമാണിത്. ആഷിക് അബു, രാജീവ് രവി, ജയ്.കെ എന്നിവരാണ് മറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്യുന്നത്. പി.കെ പ്രൈമാണ് ചിത്രം നിർമ്മിക്കുന്നത്.
പെണ്ണും ചെറുക്കനും എന്നാണ് ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര്. ഉണ്ണി ആർ. രചന നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഷൈജു ഖാലിദ് ആണ്. പൃഥ്വിരാജ് നായകനായ എസ്ര ഒരുക്കിയ ജെയ് കെ. സംവിധാനം ചെയ്യുന്ന ചിത്രം ഇതിനകം ഷൂട്ടിംഗ് പൂർത്തിയാക്കിയിട്ടുണ്ട്. രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വർഷം ഒടുവിൽ നടക്കും. തുറമുഖത്തിന്റെ ജോലികൾ പൂർത്തിയാക്കിയതിനു ശേഷമായിരിക്കും രാജീവ് രവി പുതിയ ചിത്രത്തിന്റെ ജോലികൾ തുടങ്ങുന്നത്.

You might also like

Most Viewed