സൗദിയില്‍ വിസ, തൊഴില്‍ നിയമങ്ങള്‍ ലംഘകര്‍ക്ക് സഹായം നല്‍കിയാല്‍ ഒരു ലക്ഷം റിയാല്‍ പിഴയും തടവുശിക്ഷയും


റിയാദ്: സൗദി അറേബ്യയില്‍ വിസ, തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് സഹായം നല്‍കിയാല്‍ ഒരു ലക്ഷം റിയാല്‍ പിഴയും തടവുശിക്ഷയും. ഇഖാമ (താമസ വിസ) കാലാവധി കഴിഞ്ഞവരും വിവിധ തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്നവരുമായ ആളുകള്‍ക്ക് തൊഴില്‍ നല്‍കിയാലോ യാത്ര, താമസ സൗകര്യമൊരുക്കിയാലോ ആറുമാസം വരെ തടവ് ലഭിക്കുന്ന ശിക്ഷയാണ് കാത്തിരിക്കുന്നതെന്ന് സൗദി പാസ്പോര്‍ട്ട് ഡയറക്ടറേറ്റ് (ജവാസാത്ത്) മുന്നറിയിപ്പ് നല്‍കി. തടവ് കൂടാതെ ഒരു ലക്ഷം റിയാല്‍ (18 ലക്ഷത്തോളം രൂപ) പിഴയും കിട്ടും. ശിക്ഷാകാലാവധി കഴിയുമ്പോള്‍ നാടുകടത്തും. 
എന്നാല്‍ തടവുശിക്ഷ കഴിഞ്ഞത് കൊണ്ട് കയറ്റി അയക്കണമെന്നില്ല. സാമ്പത്തിക പിഴ കൂടി ഒടുക്കിയാലേ നാട്ടിലെത്താന്‍ സാധിക്കൂ. പിന്നെ ഒരിക്കലും സൗദി അറേബ്യയിലേക്ക് വരാനും കഴിയില്ല. നിയമലംഘകര്‍ക്ക് സഹായം നല്‍കുന്നത് സ്വദേശിയാണെങ്കിലും വിദേശിയാണെങ്കിലും ഒരേ ശിക്ഷ തന്നെ അനുഭവിക്കണം. വിദേശിയാണെങ്കില്‍ നാടുകടത്തും എന്നൊരു ശിക്ഷ കൂടിയുണ്ടെന്ന് മാത്രം. കൂടുതല്‍ നിയമലംഘകര്‍ക്ക് ഒരാള്‍ സഹായം നല്‍കിയെന്ന് ബോധ്യപ്പെട്ടാല്‍ അതിന് അനുസരിച്ച് ശിക്ഷയുടെ തോത് വര്‍ദ്ധിക്കും. സ്പോണ്‍സറുടെ കീഴില്‍ നിന്ന് ഒളിച്ചോടുന്നവരും (ഹുറൂബ്) നിയമലംഘകരാണ്. ഗാര്‍ഹിക തൊഴിലാളികള്‍ക്കും ഇത് ബാധകമാണ്.
നിയമലംഘകര്‍ക്ക് തൊഴിലും താമസ സൗകര്യവും നല്‍കുന്നത് സ്ഥാപനങ്ങളാണെങ്കില്‍ ഈ ശിക്ഷകള്‍ക്ക് പുറമെ അഞ്ചുവര്‍ഷത്തേക്ക് വിദേശതൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതില്‍ നിന്ന് വിലക്കുകയും ചെയ്യും. സ്ഥാപനത്തിന്‍െറ മാനേജര്‍ വിദേശിയാണെങ്കില്‍ നാടുകടത്തുന്നതിന് മുമ്പ് ഒരു വര്‍ഷം തടവ് ശിക്ഷ അനുഭവിക്കണം. തൊഴിലാളികള്‍ ഒളിച്ചോടിയാല്‍ തൊഴിലുടമകള്‍ ജവാസാത്തിന്‍റെ ഇ -സര്‍വീസ് പോര്‍ട്ടലായ ‘അബ്ഷീര്‍’ വഴി വിവരം അറിയിക്കണം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed