'നോര്‍ക്ക ' പ്രവാസി നിയമ സഹായസെല്‍ പ്രവർത്തനം ആരംഭിച്ചു


ദുബായ്: 'നോര്‍ക്ക' പ്രവാസി നിയമ സഹായസെല്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യഘട്ടത്തിൽ കുവൈത്ത്, ഒമാൻ എന്നീ രാജ്യങ്ങളിലാണ് പ്രവർത്തനം തുടങ്ങിയത്. മറ്റിടങ്ങളിലും ഉടൻ പ്രവാസി നിയമ സഹായസെല്‍ പ്രവര്‍ത്തനം തുടങ്ങും. നോർക്ക നിയമ സഹായക സെൽ തുടങ്ങുന്നതിന്‍റെ ഭാഗമായി ഗൾഫ് രാജ്യങ്ങളില്‍ നോര്‍ക്ക ലീഗല്‍ കണ്‍സള്‍ട്ടൻറുമാരെ നിയമിച്ചു.
തങ്ങളുടേതല്ലാത്ത കുറ്റങ്ങൾ സംബന്ധിച്ച കേസുകൾക്കും ചെറിയ കുറ്റകൃത്യങ്ങള്‍ക്കും വിദേശ ജയിലുകളില്‍ കഴിയുന്ന നിരപരാധികളായ പ്രവാസി മലയാളികള്‍ക്ക് നിയമ സഹായം നല്‍കാനുള്ള പദ്ധതിയാണിത്. കുവൈത്ത്, ഒമാന്‍ എന്നീ രാജ്യങ്ങളിലാണ് പദ്ധതി നിലവില്‍ വന്നത്.  തൊഴിൽ പ്രശ്നങ്ങളിൽ കേസുകള്‍ ഫയല്‍ ചെയ്യാനുള്ള നിയമ സഹായം ലഭ്യമാക്കുക, നഷ്ടപരിഹാര, ദയാഹര്‍ജികള്‍ എന്നിവയില്‍ സഹായിക്കുക, മലയാളി സംഘടനകളുമായി ചേർന്ന് നിയമ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുക, വിവിധ ഭാഷകളില്‍ തര്‍ജ്ജമ നടത്താൻ വിദഗ്ധരുടെ സഹായം ലഭ്യമാക്കുക, ബുദ്ധിമുട്ടനുഭവിക്കുന്ന മലയാളികള്‍ക്ക് നിയമവ്യവഹാരത്തിനുള്ള സഹായം നല്‍കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍. 
ഇന്ത്യന്‍ പാസ്പോര്‍ട്ടും സാധുവായ തൊഴില്‍ വിസയോ സന്ദര്‍ശക വിസയോ ഉള്ള മലയാളികള്‍ക്കോ അല്ലെങ്കില്‍ തടവിലാക്കപ്പെടുകയോ ബുദ്ധിമുട്ടനുഭവിക്കുകയോ ചെയ്യുന്ന ആളിന്റ ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ക്കോ സഹായം തേടാന്‍ കഴിയും. പ്രവാസി നിയമ സഹായത്തിനുള്ള  അപേക്ഷാഫോറം 'നോര്‍ക്ക റൂട്ട്‌സി'ന്റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.org  യില്‍ ലഭിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed