നികുതി ദാതാക്കൾക്ക് ഏജന്റുമാരുമായി വെബ്സൈറ്റിലൂടെ ബന്ധപ്പെടാൻ അവസരം

അബുദാബി : നികുതി ദാതാക്കൾക്ക് അംഗീകൃത നികുതി ഏജന്റുമാരുമായി വെബ്സൈറ്റ് വഴി നേരിട്ട് ബന്ധപ്പെടാം. നികുതിയടയ്ക്കുന്നതിനുള്ള നടപടിക്രമങ്ങൾ, ഇടപാടുകൾ തീർക്കൽ, ടാക്സ് റിട്ടേൺസ് തുടങ്ങി നികുതി അനുബന്ധ കാര്യങ്ങളെല്ലാം ഇതിനായി എഫ്.ടി.എ. ഒരുക്കിയ ഇ-സർവ്വീസ് സംവിധാനത്തിലൂടെ നികുതി ദാതാക്കൾക്ക് ഏജന്റുമാർ മുഖേന ചെയ്യാം. ഉപഭോക്താക്കൾക്ക് സേവനം എളുപ്പത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വെബ്സൈറ്റ് പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കുന്നത്. നികുതി ദാതാക്കൾക്ക് ഒന്നോ രണ്ടോ ഏജന്റുമാരെ നടപടികൾക്കായി ഏർപ്പാടാക്കാം. 87 അംഗീകൃത നികുതി ഏജന്റുമാരാണ് യു.എ.ഇയിൽ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്നത്.
നികുതിയനുബന്ധമായ മുഴുവൻ കാര്യങ്ങളും സ്ഥാപനങ്ങൾക്കോ, നികുതി ദാതാക്കൾക്കോ വേണ്ടി ഏജന്റുമാർ വകുപ്പുമായി ആശയവിനിമയം നടത്തും. എഫ്.ടി.എ വെബ്സൈറ്റിൽ ഏർപ്പെടുത്തിയ പുതിയ സംവിധാനത്തിലൂടെ പ്രവർത്തനങ്ങൾ ഉപഭോക്താക്കൾക്ക് എളുപ്പം മനസ്സിലാക്കാനും സാധിക്കും.