സർക്കാർ വാഹനങ്ങളുടെ ദുരുപയോഗം തടയുന്നതിന് സൗദിയിൽ പുതിയ വ്യവസ്ഥകൾ


റിയാദ് : സർക്കാർ വാഹനങ്ങളുടെ ദുരുപയോഗം തടയുന്നതിന് പുതുതായി ഒന്പത് വ്യവസ്ഥകൾ ബാധകമാക്കി. സർക്കാർ വാഹനങ്ങൾവ്യാപകമായി ദുരുപയോഗിക്കപ്പെടുന്നതായി ശ്രദ്ധയിൽ പെട്ട പശ്ചാത്തലത്തിലാണിത്. ഫീൽഡ് സേവനം നടത്തുന്ന ഡ്രൈവർമാർക്കും ഉദ്യോഗസ്ഥർക്കും മാത്രമേ കാറുകളും വാഹനങ്ങളും കൈമാറുന്നതിന് പാടുള്ളൂ എന്നതാണ് ഇതിൽ പ്രധാനം. ജോലിആവശ്യാർഥം വാഹനങ്ങൾ കൈവശം വെക്കേണ്ടത് അനിവാര്യമാകുന്ന സാഹചര്യങ്ങളിൽ ഒഴികെ, ഓരോ ദിവസത്തെയും ഡ്യൂട്ടി അവസാനിക്കുന്നതോടെ വാഹനങ്ങൾ ജീവനക്കാർ വാഹനങ്ങൾ ബന്ധപ്പെട്ട വിഭാഗത്തിൽ തിരിച്ചേൽപിക്കുന്നത് ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണം.
ഒറിജിനൽ ഇസ്തിമാറ അടക്കം വാഹനങ്ങളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സ്വതന്ത്ര ഫയലുകളിൽ ബന്ധപ്പെട്ട വകുപ്പുകൾ സൂക്ഷിക്കണം. വാഹനങ്ങളിൽ നടത്തിയ അറ്റകുറ്റപ്പണികൾ, മാറ്റിയ സ്‌പെയർപാർട്‌സ് എന്നിയുമായി ബന്ധപ്പെട്ട വിവരങ്ങളും ഫയലിൽ ഉൾപ്പെടുത്തേണ്ടത് നിർബന്ധമാണ്.
വാഹനങ്ങളുമായും അവ ഉപയോഗിക്കുന്ന ഡിപ്പാർട്ട്‌മെന്റുകളുമായും ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ട വിവരങ്ങൾ ഇന്റേണൽ ഓഡിറ്റ് ഡിപ്പാർട്ട്‌മെന്റിന് കൈമാറണമെന്നും വ്യവസ്ഥയുണ്ട്.