ഇറാ­ന്റെ­ ഭീ­ഷണി­ : മൊ­റോ­ക്കോ­യ്ക്ക് പി­ന്തു­ണയു­മാ­യി­ സൽ­മാൻ രാ­ജാവ്


റിയാദ് : ഇറാന്റെ ഭീഷണി നേരിടുന്നതിന് മൊറോക്കൊയ്ക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ്്. മൊറോക്കോയുടെ സുരക്ഷാ ഭദ്രതക്കും അഖണ്ധതക്കും ഭീഷണി സൃഷ്ടിക്കുന്ന എല്ലാ കാര്യങ്ങളും നേരിടുന്നതിന് മൊറോക്കൊയ്ക്കൊപ്പം സൗദി ഭരണകൂടവും ജനങ്ങളും നിലയുറപ്പിക്കുമെന്ന് സൽമാൻ രാജാവ് വ്യക്തമാക്കി. മൊറോക്കൊ ഭരണാധികാരി മുഹമ്മദ് ആറാമൻ രാജാവുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് സൽമാൻ രാജാവ് ഇക്കാര്യം വ്യക്തമാക്കിയത്. 

ഇറാന്റെ ശത്രുതാപരമായ പ്രവർത്തനങ്ങളും അറബ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇറാനും ഇറാന്റെ പിണിയാളുകളും നടത്തുന്ന ഇടപെടലുകളും അറബ് ലോകത്ത് സുരക്ഷാ ഭദ്രത തകർക്കുന്നതിന് ലക്ഷ്യമിടുന്ന ഇറാന്റെ നയങ്ങളും ചെറുക്കുന്നതിന് നിലപാടുകൾ ഏകീകരിക്കുകയും ശ്രമങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യേണ്ടതിന്റെ അനിവാര്യത ഇരു നേതാക്കളും പ്രത്യേകം എടുത്തുപറഞ്ഞു. 

മൊറോക്കൊയിൽ നിന്ന് സ്വാതന്ത്ര്യം തേടുന്ന, പശ്ചിമ സഹാറയിലെ പോളിസാരിയോ ഫ്രിന്റിന് പിന്തുണ നൽകുന്നതിൽ പ്രതിഷേധിച്ച് ഇറാനുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുന്നതിന് തീരുമാനിച്ചതായി ചൊവ്വാഴ്ച മൊറോക്കൊ അറിയിച്ചിരുന്നു. പോളിസാരിയോ പോരാളികൾക്ക് ഇറാൻ പിന്തുണയുള്ള ഹിസ്ബുല്ല പരിശീലനം നൽകുന്നതായി കണ്ടെത്തിയ പശ്ചാത്തലത്തിൽ തെഹ്‌റാനിലെ മൊറോക്കൊ എംബസി അടച്ചുപൂട്ടുമെന്നും റബാത്തിലെ ഇറാൻ അംബാസഡറെ പുറത്താക്കുമെന്നും മൊറോക്കൊ വിദേശ മന്ത്രി നാസിർ ബൂരിദ പറഞ്ഞു. 

പോളിസാരിയോ പോരാളികളെയും ഹിസ്ബുല്ലയെയും അൾജീരിയ സഹായിക്കുന്നതായും മൊറോക്കൊ ആരോപിച്ചു. പോളിസാരിയോ ഫ്രന്റിനുള്ള ആദ്യ ആയുധ ശേഖരം അൾജിയേഴ്‌സിലെ ഇറാൻ എംബസി ഏജന്റ് വഴി അടുത്തിടെ അയച്ചതായും വിദേശ മന്ത്രി പറഞ്ഞു. ഇറാനുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുന്നതിനുള്ള മൊറോക്കൊയുടെ തീരുമാനത്തിന് സൗദി അറേബ്യയും ബഹ്‌റൈനും യു.എ.ഇയും നേരത്തെപിന്തുണ പ്രഖ്യാപിച്ചിരുന്നു.  

അതേസമയം, ഇറാനുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുന്നതിനുള്ള മൊറോക്കൊയുടെ തീരുമാനത്തിന് അറബ് ലീഗ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അറബ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇറാൻ നടത്തുന്ന ഇടപെടലുകൾ അപലപനീയമാണെന്ന് അറബ് ലീഗ് വക്താവ് മഹ്മൂദ് അഫീഫി പറഞ്ഞു. അറബ് രാജ്യങ്ങളിലെ ഇറാൻ ഇടപെടലുകളുമായി ബന്ധപ്പെട്ട് സൗദിയിലെ ദഹ്‌റാനിൽ ചേർന്ന അറബ് ഉച്ചകോടി അംഗീകരിച്ച തീരുമാനം ഇക്കാര്യത്തിലുള്ള അറബ് രാജ്യങ്ങളുടെ ശക്തമായ നിലപാടാണ് പ്രതിഫലിപ്പിക്കുന്നത്. 

അറബ് രാജ്യങ്ങളിൽ അരാജകത്വവും അസ്ഥിരതയും വ്യാപിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന ശ്രമങ്ങൾക്കു മുന്നിൽ അറബ് രാജ്യങ്ങൾ കൈയും കെട്ടി നോക്കിനിൽക്കാൻ പാടില്ലെന്നും അറബ് ലീഗ് വക്താവ് പറഞ്ഞു. 

You might also like

Most Viewed